ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മലയാളി സാന്നിധ്യം ഇത്തവണത്തെ വേൾഡ് കപ്പിൽ ഉണ്ടാകും. ഖത്തറിൽ നടക്കുന്ന ഫിഫ വേൾഡ് കപ്പ്‌ ഫുട്ബാൾ മത്സരത്തിൽ ബെൽജിയം ടീമിന്റെ വെൽനെസ് കൻസൾട്ടന്റയാണ് യു കെയിൽ നിന്നുള്ള മലയാളി എത്തുന്നത്. കൊച്ചി ചെറായി സ്വദേശി വിനയ് മേനോനാണ് ബെൽജിയം ടീമിന്റെ വെൽനസ് റിക്കവറി വിദഗ്ധനായി നിയമിക്കപ്പെട്ടത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയുടെ വെൽനസ് മാനേജർ കൂടിയാണു വിനയ്. ബെൽജിയം കോച്ച് റോബർട്ടോ മാർട്ടിനസ് കഴിഞ്ഞ മാസം ലണ്ടനിലെത്തി വിനയുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് നിയമനം. ടീമിനൊപ്പം 18ന് കുവൈത്തിൽ എത്തുന്ന വിനയ് അവിടെനിന്നു ഖത്തറിലേക്കു പോകും. ലോകകപ്പ് കഴിയും വരെ ടീം ക്യാംപിൽ വിനയുമുണ്ടാകും. അഡ്വാൻസ് മൈന്റ് പ്രോഗ്രാമിങ് സ്ട്രാറ്റജി വിദഗ്ധനായ വിനയ് ലണ്ടനിലാണു സ്ഥിരതാമസം. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇത് അഭിമാന മുഹൂർത്തമാണ്. ഇത്തവണത്തെ മത്സരത്തിൽ നിർണായക ശക്തിയായി മാറാനാണ് ബെൽജിയം ശ്രമിക്കുന്നത്. അതിന്റെ അമരത്ത് മലയാളിയായ വിനയ് മേനോൻ ഉണ്ടാകും.

ഏതെങ്കിലും അന്താരാഷ്ട്ര ടീമിന്റെ ഭാഗമായ ഒരേയൊരു ഇന്ത്യക്കാരൻ ഞാനായിരിക്കാം എന്ന് സമ്മതിക്കുന്നു. എന്നിരുന്നാലും, ഇന്ത്യ അത്തരം വലിയ ടൂർണമെന്റുകളുടെ ഭാഗമാകുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ ഫുട്‌ബോളിനെ പുനരുജ്ജീവിപ്പിക്കുന്നതിൽ പങ്കുവഹിക്കാൻ താൽപ്പര്യമുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എനിക്ക് ഒരു അവസരം ലഭിച്ചാൽ കളിക്കാരെ ശരിയായ മാനസികാവസ്ഥയിലാക്കാനും 2028-ഓടെ ഇന്ത്യയെ മികച്ച ടീമുകളുമായി കളിക്കാനും ശ്രമിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ ചെറായിയിൽ ജനിച്ച വിനയ് മേനോൻ, ഭാര്യ ഫ്ലോമി മേനോൻ, മകൻ അഭയ് എന്നിവർക്കൊപ്പമാണ് ലണ്ടനിൽ താമസിക്കുന്നത്. ഗ്രൂപ്പ് എഫിൽ ബെൽജിയം, ഖത്തർ ലോകകപ്പിൽ മൊറോക്കോ, ക്രൊയേഷ്യ, കാനഡ എന്നിവരെയാണ് നേരിടുന്നത്.