ഭർത്താവിൻെറ വീട്ടിൽ തൂങ്ങി മരിച്ച യുവതി നേരിട്ടത് ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കൾ. നിലമേല്‍ കൈതത്തോട് സ്വദേശിനിയായ വിസ്മയയുടെ മരണത്തിന് പിന്നാലെയാണ് ബന്ധുക്കൾ ആരോപണവുമായി മുന്നോട്ട് വന്നത്. സ്ത്രീധനത്തിന്റെ പേരിൽ പലപ്പോഴും വിസ്മയ നേരിട്ടത് ക്രൂര പീഡനമായിരുന്നുവെന്ന് അവർ പറഞ്ഞു. ആത്മഹത്യയ്ക്ക് മുൻപ് ഭര്‍ത്താവ് തന്നെ മർദിച്ചതായുള്ള സന്ദേശം വിസ്മയ സഹോദരന് അയച്ചിരുന്നു.

വിവാഹസമയത്ത് സ്ത്രീധനമായി നൽകിയ കാറിനെ ചൊല്ലി ഭര്‍ത്താവ് കിരണ്‍കുമാര്‍ തന്നെ മർദിച്ചതായി വിസ്മയ പറഞ്ഞിരുന്നു. താൻ നേരിട്ട പീഡനങ്ങൾ വിശദീകരിച്ച സന്ദേശങ്ങള്‍ അയച്ച് മണിക്കൂറുകള്‍ക്കകം വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്നെയും അച്ഛനേയും അസഭ്യം പറയുന്നതായും കാറിൻെറ കണ്ണാടി പൊട്ടിച്ചതായും വിസ്മയയുടെ സന്ദേശത്തിൽ ഉണ്ട്.

കഴിഞ്ഞ വർഷമാണ് വിസ്മയയുടെ വിവാഹം അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണ്‍കുമാറുമായി നടന്നത്. വിവാഹശേഷം പലപ്പോഴായി ഉണ്ടായ വഴക്കുകളെ തുടർന്ന് സ്വന്തം വീട്ടിലായിരുന്ന വിസ്മയ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയതിനെ തുടർന്ന് തിരിച്ചുവരുകയായിരുന്നു. എന്നാൽ ഇതിനുശേഷവും ഭർത്താവിൽ നിന്ന് സ്ത്രീധനത്തിൻെറ പേരിൽ പലപ്പോഴായി മർദ്ദനമേറ്റിരുന്നതായി സന്ദേശത്തിൽ പറയുന്നു.

വിസ്മയയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ഭർത്താവിൽ നിന്ന് നേരിട്ട ക്രൂര മർദനങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നും അവർ ആരോപിച്ചു. അതേസമയം സംഭവശേഷം വിസ്മയയുടെ ഭർത്താവ് ഒളിവിൽ പോയിരിക്കുകയാണ്. സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പിയുടെ റിപ്പോര്‍ട്ട് തേടിയതായി വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു.