ന്യൂസ് ഡെസ്ക്, മലയാളം യുകെ
വോഡാഫോൺ കമ്പനി, ഹോങ്കോങ്ങ് ആസ്ഥാനമായ സി.കെ ഹച്ചിസൺ കമ്പനിയിൽ നിന്നുള്ള 49% ഓഹരി £4.3 ബില്യൺ വിലയ്ക്ക് സ്വന്തമാക്കി. ഇത് യുകെയിലെ ടെലികോം രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇതോടെ 27 മില്യണിലധികം ഉപഭോക്താക്കളുള്ള വോഡാഫോൺത്രീ നെറ്റ്‌വർക്കിന്റെ പൂർണ്ണ നിയന്ത്രണം വോഡാഫോണിന് ലഭിക്കും. ഉപയോഗിക്കുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇത് യുകെയിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്ററാണ്.

2023-ൽ ആരംഭിച്ച വോഡാഫോൺ-ത്രീ ലയനത്തിന്റെ തുടർച്ചയായാണ് ഈ ഇടപാട്. ഈ ലയനത്തോടെ യുകെയിലെ പ്രധാന ടെലികോം കമ്പനികളുടെ എണ്ണം മൂന്ന് ആയി ചുരുങ്ങിയിരുന്നു. തുടക്കത്തിൽ ഉപഭോക്താക്കൾക്ക് കൂടുതൽ ചെലവ് വരുമെന്ന ആശങ്ക ഉയർന്നിരുന്നെങ്കിലും, 2024-ൽ നിയന്ത്രണ ഏജൻസികൾ ചില നിബന്ധനകളോടെ ലയനത്തിന് അനുമതി നൽകിയിരുന്നു. വോഡാഫോൺ കഴിഞ്ഞ വർഷം £1 ബില്യൺ കൂടുതൽ നിക്ഷേപം വാഗ്ദാനം ചെയ്തതും ശ്രദ്ധേയമാണ്.

പൂർണ്ണ നിയന്ത്രണം ലഭിക്കുന്നതോടെ തന്ത്രപരമായ തീരുമാനങ്ങൾ വേഗത്തിൽ എടുക്കാനും, 5ജി സേവനങ്ങൾ വ്യാപിപ്പിക്കാനും, സേവന നിലവാരം മെച്ചപ്പെടുത്താനും വോഡാഫോണിന് കഴിയും എന്ന് വിദഗ്ധർ വിലയിരുത്തുന്നു. കൂടാതെ ബ്രോഡ്ബാൻഡ് ഉൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങൾ കൂട്ടിച്ചേർത്ത് വരുമാനം വർധിപ്പിക്കാനും ഇത് സഹായിക്കും. ഇടപാട് ഈ വർഷം രണ്ടാം പകുതിയിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത് .











Leave a Reply