ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജില്‍ വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകര്‍ നഗ്‌നനാക്കി മര്‍ദ്ദിച്ചു. കോളേജിലെ ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയായ അഭിജിത്തിനെയാണ് മൊബൈല്‍ ഫോണില്‍ ചെഗുവേരയുടെ ഫോട്ടോ കണ്ടതിന്റെ പേരില്‍ കോളേജ് ഗ്രൗണ്ടിലെത്തിച്ച് മര്‍ദ്ദിച്ചത്. എബിവിപിയുടെ ശക്തി കേന്ദ്രമാണ് വിടിഎം എന്‍എസ്എസ് കോളേജ്. എബിവിപിയുടെ മെമ്പര്‍ഷിപ്പ് എടുക്കാന്‍ തയ്യാറാകാതിരുന്നതിനാല്‍ അഭിജിത്തും കോളേജിലെ എബിവിപി പ്രവര്‍ത്തകരും തമ്മില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതോടെ എബിവിപി പ്രവര്‍ത്തകര്‍ തന്നെ നോട്ടമിട്ടിരുന്നുവെന്ന് അഭിജിത്ത് പറയുന്നു.
ഫോണില്‍ ചെഗുവേരയയുടെ ഫോട്ടോ കണ്ട് എസ്എഫ്‌ഐ ഉണ്ടാക്കാന്‍ വേണ്ടി കോളേജിലേയ്ക്ക് വന്നതാണോയെന്ന് ചോദിച്ചാണ് മര്‍ദ്ദനം ആരംഭിച്ചത്. ഫോണിലെ മറ്റു ദൃശ്യങ്ങളും ബലം പ്രയോ?ഗിച്ച് പരിശോധിച്ചു. ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ സജിന്‍ ഷാഹുലിന്റെ ഫോട്ടോ കണ്ടതിനെത്തുടര്‍ന്ന് മര്‍ദ്ദനം ശക്തമാക്കിയതെന്നും അഭിജിത്ത് പറഞ്ഞു. ഇനി മുതല്‍ ക്യാമ്പസിലും നാട്ടിലും എബിവിപി പ്രവര്‍ത്തകനാവണമെന്നാവശ്യപ്പെടാണ് പിന്നെ മര്‍ദ്ദിച്ചത്. ഷര്‍ട്ടും പാന്റും ഊരിപ്പിച്ചതിന് ശേഷം നഗ്‌നനാക്കിയാണ് ഗ്രൗണ്ടിലിട്ട് മര്‍ദ്ദിച്ചതെന്നും അഭിജിത്ത് പറഞ്ഞു. നാളെ മുതല്‍ എബിവിപിയുടെ പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ വീട്ടില്‍ കയറി മര്‍ദ്ദിക്കുമെന്നും മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ എബിവിപിക്കാര്‍ മര്‍ദ്ദനത്തിനിടയില്‍ ഭീഷണിപ്പെടുത്തി.
വെള്ളിയാഴ്ച നടന്ന എബിവിപിയുടെ റാലിയില്‍ പങ്കെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. അതിന് താത്പര്യമില്ലാത്തതിനെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാതെ കോളേജില്‍ നിന്ന് പോകുവാന്‍ ശ്രമിച്ചു. ഇതറിഞ്ഞ എബിവിപി പ്രവര്‍ത്തകര്‍ തന്നെ ബലമായി പിടിച്ചുകൊണ്ടുവന്ന് റാലിയുടെ മുന്‍ നിരയില്‍ നിര്‍ത്തി. എബിവിപിയുടെ കൊടി പിടിപ്പിച്ച് റാലിയില്‍ നടത്തിച്ചുവെന്നും അഭിജിത്ത് പറഞ്ഞു. ഇതിന് ശേഷം ബലമായി കൈയ്യില്‍ രാഖി കെട്ടാന്‍ ശ്രമിച്ചപ്പോള്‍ അതിനെ തടയാന്‍ ശ്രമിച്ചതിനും തല്ലിയെന്നും അഭിജിത്ത് പറയുന്നു. ദളിതന്മാര്‍ ഇനി ഈ ക്യാമ്പസില്‍ പഠിക്കണ്ടയെന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചത്. മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത, എബിവിപിയുടെ കുത്തക ക്യാമ്പസാണ് ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജ്.
Leave a Reply