ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഡാഷ് ക്യാമുകൾ ശരിയായി ഉപയോഗിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപറഞ്ഞു കൊണ്ട് വിദഗ്ധർ രംഗത്ത്. ശരിയായ ഡാഷ് ക്യാമുകൾ ഇല്ലെങ്കിൽ കാർ ഇൻഷുറൻസ് വരെ അസാധുവാക്കപ്പെടുമെന്നും മോട്ടോറിംഗ് വിദഗ്ധർ യുകെ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നു. മോട്ടോർവേകളിലെ നിയമവിരുദ്ധമായ രീതിയിൽ വാഹനങ്ങൾ ഓടിക്കുന്നവരെ കണ്ടെത്തുന്നതിലും ക്ലെയിമുകളിൽ നിന്ന് ഡ്രൈവർമാരെ സംരക്ഷിക്കുന്നതിലും ഡാഷ് ക്യാമുകൾ അത്യാവശ്യമാണ്. നിലവിൽ യുകെയിൽ ഏകദേശം 2.9 ദശലക്ഷം വാഹനമോടിക്കുന്നവരും ഡാഷ് ക്യാമറകൾ ഉപയോഗിക്കുന്നവരാണ്. ഇതിന് പിന്നാലെയാണ് ഇൻഷുറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പങ്കുവച്ച് വിദഗ്ദ്ധർ മുന്നോട്ട് വന്നിരിക്കുന്നത്.

ഡാഷ് ക്യാമറകളുമായി ബന്ധപ്പെട്ട കുറഞ്ഞ ഇൻഷുറൻസ് ചെലവുകളും പ്രീമിയങ്ങളും പോലുള്ള നിരവധി ആനുകൂല്യങ്ങൾ ഉണ്ടെങ്കിലും ചെറിയ രീതിയിലുള്ള തെറ്റുകൾ പോലും ഇൻഷുറൻസ് കവറേജ് അസാധുവാക്കിയേക്കാം. സെലക്ട് വാൻ ലീസിംഗിലെ മാനേജിംഗ് ഡയറക്ടർ ഗ്രഹാം കോൺവേ, ഡാഷ് ക്യാം വാഹനത്തിൽ ഘടിപ്പിക്കുന്നതിനെപ്പറ്റിയുള്ള പ്രാധാന്യം ഇൻഷുറൻസ് ദാതാക്കളെ അറിയിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുന്നു.

വാഹനത്തിൻ്റെ യു എസ് ബി പോർട്ട് വഴിയോ സിഗരറ്റ് ലൈറ്റർ വഴിയോ പല ഡാഷ് ക്യാമുകളും എളുപ്പത്തിൽ ബന്ധിപ്പിപ്പിക്കാൻ കഴിയുമെങ്കിലും ഹാർഡ്-വയർഡ് സജ്ജീകരണം തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. ഹാർഡ്-വയർഡ് സജ്ജീകരണം ഉള്ള വാഹനങ്ങൾ എഞ്ചിൻ ഓഫായിരിക്കുമ്പോഴും പ്രവർത്തിക്കുന്നത് തുടങ്ങിയ നിരവധി നേട്ടങ്ങൾ നൽകുന്നു. എന്നാൽ ഇത്തരത്തിൽ ഹാർഡ് വയറിങ് ചെയ്യുന്നവർ ഇത് വാഹനങ്ങളിൽ വരുത്തുന്ന പരിഷ്കരണമാണെന്ന് മനസിലാക്കി ഇൻഷുറർമാരെ അത് അറിയിക്കേണ്ടതുണ്ട്. അതിനാൽ തന്നെ ക്ലെയിമുകൾ എടുക്കുമ്പോൾ ഉപഭോക്താക്കൾ ഇവ സംബന്ധിച്ചുള്ള നിയമപരമായ കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. അല്ലെങ്കിൽ ഇവ അസാധുവാകാൻ വരെ സാധ്യതയുണ്ടെന്ന് ഗ്രഹാം കോൺവേ പറയുന്നു.