ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനിലെ (ബി എം എ) ജൂനിയർ ഡോക്ടർമാരുടെ പണിമുടക്ക് ഇന്ന് രാവിലെ ആരംഭിച്ച് ചൊവ്വാഴ്ച വരെ നീണ്ടുനിൽക്കും. നിലവിൽ അടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോഗികളുടെ കാത്തിരിപ്പ് സമയം എൻഎച്ച്എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടിയ നിലയിലാണ്. 4 ദിവസത്തെ എൻഎച്ച്എസ് ഡോക്ടർമാരുടെ പണിമുടക്ക് എൻഎച്ച്സിന് ഇരുട്ടടിയാകും എന്നാണ് പൊതുവെ വിലയിരുത്തുന്നത്.


ഇംഗ്ലണ്ടിലെ ശമ്പള തർക്കത്തിൽ ജൂനിയർ ഡോക്ടർമാർ നടത്തുന്ന അഞ്ചാമത്തെ സമരമാണിത് . ജൂനിയർ ഡോക്ടർമാരുടെ സമരം നേരിടുന്നതിന് എൻ എച്ച്സിന് ഏകദേശം ഒരു മില്യൺ പൗണ്ട് ചെലവാകുന്നതായാണ് റിപ്പോർട്ടുകൾ . സമരം മൂലം ആയിരക്കണക്കിന് അപ്പോയിൻമെന്റുകൾ മാറ്റിവയ്ക്കേണ്ടതായി വരുന്നത് എൻഎച്ച്എസിനെ കടുത്ത സമ്മർദ്ദത്തിലാക്കും. ജൂനിയർ ഡോക്ടർമാരുടെ സമരത്തിലും ഈ മാസം തന്നെ നടക്കാനിരിക്കുന്ന കൺസൾട്ടന്റുമാരുടെ രണ്ടുദിവസത്തെ വോക്ക് ഔട്ടിലും താൻ വളരെയധികം ആശങ്കാകുലനാണെന്ന് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് സർ ജൂലിയൻ ഹാർട്ട്ലി പറഞ്ഞു.


മെഡിക്കൽ ജീവനക്കാരുടെ പകുതിയോളം വരുന്നതാണ് ജൂനിയർ ഡോക്ടർമാർ. അതുകൊണ്ടുതന്നെ ജൂനിയർ ഡോക്ടർമാരുടെ സമരം ചികിത്സയ്ക്കായി കാത്തിരിക്കുന്നവർക്ക് കടുത്ത ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. പണിമുടക്ക് സമയത്ത് നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് എൻഎച്ച്എസ് 111 അല്ലെങ്കിൽ അടുത്തുള്ള ഫാർമസിയുമായി ബന്ധപ്പെടാൻ രോഗികളോട് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. വർദ്ധിച്ചുവരുന്ന ജീവിത ചിലവും പണപ്പെരുപ്പവും നേരിടാൻ 35% ശമ്പള വർധനവാണ് സമരക്കാർ ആവശ്യപ്പെടുന്നത്. നിലവിൽ സർക്കാർ മുന്നോട്ടു വച്ചിരിക്കുന്ന ശമ്പള പരിഷ്കരണം 9 % മാത്രമാണ്. ഡിസംബർ മുതൽ എൻഎച്ച്എസ് ജീവനക്കാരുടെ സമരം മൂലം 8 ദശലക്ഷത്തിനടുത്ത് അപ്പോയിൻമെന്റുകളാണ് മാറ്റിവയ്ക്കേണ്ടതായി വന്നിരിക്കുന്നത് . നിലവിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 7.5 ദശലക്ഷത്തിലേയ്ക്ക് ഉയർന്നത് എൻഎച്ച്എസിന് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.