ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അമിതവണ്ണം മൂലം ശാരീരിക വൈഷമ്യങ്ങൾ അനുഭവിക്കുന്നവർ ഒട്ടേറെ പേരാണ്. ഹൃദ്രോഗം, പ്രമേഹം, ബ്ലഡ് പ്രഷർ തുടങ്ങിയ രോഗാവസ്ഥകൾ വന്നുചേരുന്നതിനും അമിതമായ വണ്ണം ഒരു നിർണായക ഘടകമാണ്. സ്ഥിരമായി വ്യായാമം ചെയ്യുക , ഭക്ഷണങ്ങൾ നിയന്ത്രിക്കുക തുടങ്ങിയവയാണ് ശരീരത്തിന്റെ അമിതമായ ഭാരം കുറയ്ക്കുന്നതിനുള്ള സ്വാഭാവിക രീതികൾ . എന്നാൽ മലയാളികൾ ചെറുപ്പം മുതൽ പിന്തുടരുന്ന പല ഭക്ഷണരീതികളും ഒട്ടും ആരോഗ്യകരമല്ലെന്ന അഭിപ്രായമാണ് വിദഗ്ധർക്കുള്ളത്. ചോറിനോടും വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളോടും പുലർത്തുന്ന പ്രതിപത്തി പ്രമേഹവും ഹൃദ്രോഗവും പോലുള്ള രോഗങ്ങൾ ലോകമെങ്ങുമുള്ള മലയാളി സമൂഹങ്ങളെ കീഴടക്കുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.


ഈ സാഹചര്യത്തിൽ വണ്ണം കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നിന് എൻഎച്ച്എസ് അംഗീകാരം നൽകിയതായുള്ള വാർത്തകൾ അമിതവണ്ണം മൂലം കഷ്ടപ്പെടുന്ന യുകെ മലയാളികൾക്ക് ആശ്വാസം പകരുന്നതാണ് . സെമാഗ്ലൂറ്റൈഡ് അടങ്ങിയ വെഗോവി എന്ന മരുന്നാണ് ഇംഗ്ലണ്ടിലെ എൻഎച്ച് എസിന് ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയിരിക്കുന്നത്. നാഷണൽ ഇൻസ്റ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് ഈ മരുന്ന് വിപണനം ചെയ്യുന്നത് സുരക്ഷിതവും ഫലപ്രദവുമാണെന്ന് അറിയിച്ചു കഴിഞ്ഞു. എലോൺ മസ്ക് ഉൾപ്പെടെയുള്ള പ്രശസ്തർ ഈ മരുന്ന് ഉപയോഗിച്ചതായി സാക്ഷ്യപ്പെടുത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആഹാര നിയന്ത്രണത്തിനും ജീവിതശൈലി മാറ്റത്തിനും ഒപ്പം സെമാഗ്ലൂറ്റൈഡ് മരുന്ന് ഉപയോഗിക്കുകയാണെങ്കിൽ 10 ശതമാനത്തിലധികം ഭാരം കുറയ്ക്കാൻ ഇത് അമിതവണ്ണമുള്ളവരെ സഹായിക്കുമെന്നാണ് നിലവിലെ പഠനങ്ങൾ സൂചിപ്പിക്കുന്നത് . മരുന്ന് ഉപയോഗിക്കുന്നത് ഒരു വിദഗ്ധനായ ഡോക്ടറുടെ മേൽ നോട്ടത്തിൽ മാത്രമേ പാടുള്ളൂ. അതുപോലെ തന്നെ ഒരു വ്യക്തി ഈ മരുന്ന് പരമാവധി രണ്ട് വർഷത്തേക്ക് മാത്രമേ കഴിക്കാൻ പാടുള്ളൂ എന്നാണ് വിദഗ്ധാഭിപ്രായം. വിശപ്പ് തോന്നിപ്പിക്കുന്ന ഹോർമോണിൻെറ പ്രവർത്തനം കുറയ്ക്കുകയാണ് സെമാഗ്ലൂറ്റൈഡ് പോലുള്ള മരുന്നുകൾ ചെയ്യുന്നത്.