സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ബ്രെക്സിറ്റിനു ശേഷമുള്ള ബ്രിട്ടനിലെ ആദ്യ ബഡ്ജറ്റിനു സമയം ആയിരിക്കുകയാണ്. എന്നാൽ രാജ്യം ആകമാനം പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഒരു വശത്തു രാഷ്ട്രീയമായ പലപ്രശ്നങ്ങളും നടക്കുമ്പോൾ, മറുവശത്ത് കൊറോണ ബാധ അതിരൂക്ഷമായി പടർന്നു കൊണ്ടിരിക്കുകയാണ്. കൊറോണ ബാധമൂലം സാമ്പത്തിക മേഖല ആകമാനം തകർന്നിരിക്കുകയാണ്. എന്നാൽ ഇത് ബഡ്ജറ്റിലെ സാമ്പത്തിക നീക്കിയിരിപ്പിനു കോട്ടം തട്ടുകയില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകുന്നത്.


ടാക്സ് സംബന്ധമായ തീരുമാനങ്ങളെടുക്കുക, പൊതു ചെലവുകൾക്ക് ആവശ്യമായ പണം നീക്കിവെക്കുക, സാമ്പത്തിക മേഖല സംബന്ധിക്കുന്ന മറ്റു വിവരങ്ങൾ പുറത്തു വിടുക തുടങ്ങിയവയാണ് ബജറ്റിലൂടെ ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം തന്നെ മദ്യത്തിനും മറ്റുമുള്ള നികുതി തീർച്ചപ്പെടുത്തുക എന്ന ദൗത്യവും ബജറ്റിലൂടെ നിർവഹിക്കപ്പെടുന്നു. ബജറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും എംപിമാർ വോട്ട് ചെയ്യാനുള്ള അവസരവും ഉണ്ട്. ബോറിസ് ജോൺസന് സഭയിൽ ഭൂരിപക്ഷം ഉള്ളതിനാൽ ബജറ്റ് ഉറപ്പായും പാസാകും.

മാർച്ച് പതിനൊന്നാം തീയതി ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഹൗസ് ഓഫ് കോമ്മൺസിൽ ബജറ്റ് അവതരിപ്പിക്കപ്പെടുക. ചാൻസലർ റിഷി സുനകാണ്‌ ബജറ്റ് അവതരിപ്പിക്കുന്നത്. അതിനുശേഷം ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ ബജറ്റിനോട് പ്രതികരിക്കും. 2018 ഒക്ടോബറിന് ശേഷമുള്ള ആദ്യത്തെ ബഡ്ജറ്റാണ് മാർച്ച് 11ന് അവതരിപ്പിക്കപ്പെടുവാൻ പോകുന്നത്.

ബജറ്റിലെ നിശ്ചയിക്കപ്പെട്ട വസ്തുതകൾ മിനിമം വേതനത്തെ സംബന്ധിക്കുന്നതാണ്. 25 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും മണിക്കൂറിൽ മിനിമം വേതനം 8.72 പൗണ്ടായി ഉയർത്തിയ തീരുമാനം ബജറ്റിൽ ഉണ്ടാകും. ഇതോടൊപ്പംതന്നെ കൊറോണയെ സംബന്ധിക്കുന്ന പ്രസ്താവനകളും ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.