ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : 1923ന് ശേഷം ഡിസംബർ മാസത്തിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിനായി കളമൊരുങ്ങുന്നു. നാലു വർഷത്തിനിടെ മൂന്നാമത്തെ തെരഞ്ഞെടുപ്പിന് കൂടിയാണ് ബ്രിട്ടൻ സാക്ഷ്യം വഹിക്കുന്നത്. ഒട്ടേറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് 2019 ഡിസംബർ 12ന് തെരഞ്ഞെടുപ്പ് നടത്താൻ ബോറിസ് ജോൺസന് അംഗീകാരം ലഭിക്കുന്നത്. യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രെക്സിറ്റിന്റെ സമയപരിധി ജനുവരി 31 വരെ നീട്ടുന്നതിന് ഔദ്യോഗിക അംഗീകാരം ലഭിച്ചതിനു പിന്നാലെയാണു ബ്രിട്ടനിൽ തിരഞ്ഞെടുപ്പിനു തീയതിയായത്. ഭരണത്തിലുള്ള കൺസർവേറ്റിവ് പാർട്ടിയും, ലേബറും ലിബറൽ ഡെമോക്രാറ്റുകളും അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ബ്രെക്സിറ്റ് കേന്ദ്രീകരിച്ചുതന്നെയാണു പ്രചാരണത്തിനിറങ്ങുക.
ഒരു പൊതുതെരഞ്ഞെടുപ്പിന് 25 ദിവസങ്ങൾ മുമ്പ് പാർലമെന്റ് പിരിച്ചുവിടണമെന്നുണ്ട്. ഡിസംബർ 12ന് തിരഞ്ഞെടുപ്പ് നടക്കണമെങ്കിൽ നവംബർ 6ന് പാർലമെന്റ് പിരിച്ചുവിടണം. ജനസഭയിൽ ഭൂരിപക്ഷം ഇല്ലാതെയാണ് ജോൺസൻ ഇപ്പോൾ ഭരണം നടത്തുന്നത്. സർക്കാരിൽ 307 എംപിമാർ ഉള്ളപ്പോൾ പ്രതിപക്ഷത്ത് ഉള്ളവരുടെ എണ്ണം 331 ആണ്. ഇതിൽ പുറത്താക്കപ്പെട്ട 10 ടോറി എംപിമാരും ഉൾപ്പെടുന്നു. ഒരു തിരഞ്ഞെടുപ്പ് വിളിക്കുന്നതിലൂടെ ടോറി പാർട്ടിക്ക് ഭൂരിപക്ഷം തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന് ജോൺസൻ വിശ്വസിക്കുന്നു. അതുവഴി പിന്തുണയോട് കൂടിത്തന്നെ ബ്രെക്സിറ്റ് വിജയകരമായി നടത്തിയെടുക്കാമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു. ബ്രിട്ടനെ സംരക്ഷിക്കാനുള്ള ഒരവസരമാണ് കൈവന്നിരിക്കുന്നതെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ പറഞ്ഞിട്ടുണ്ട്. അതിനാൽ ശക്തമായ പ്രചാരണ പരിപാടികളാണ് ഇരുകൂട്ടരും ഒരുക്കിയിരിക്കുന്നത്.
പോളിംഗ് ദിനത്തിൽ വോട്ടെടുപ്പ് കേന്ദ്രങ്ങൾ രാവിലെ 7 മുതൽ രാത്രിയിൽ 10 മണി വരെ പ്രവർത്തിക്കും. രണ്ടു ഘട്ടങ്ങളായി നടക്കുന്ന വോട്ടെണ്ണൽ രാത്രി രണ്ടു മണിയോടെ അവസാനിക്കും. പുലർച്ചെ തന്നെ വിജയിയെ പ്രഖ്യാപിക്കുകയും ചെയ്യും.
Leave a Reply