സേലം: തമിഴ്നാട്ടിലെ സേലത്ത് ഇഷ്ടിക വ്യാപാരിയായ യുവാവിനെ കൊലപ്പെടുത്തി കാറിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ഓമലൂർ സ്വദേശി വി. ഭൂപതി (45) ആണ് കൊല്ലപ്പെട്ടത്. ഭാര്യ സുജിത ശ്രീ (31), പ്രദേശവാസിയായ സന്തോഷ് രാജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭൂപതിയുടെ കൊലപാതകത്തിന് 13കാരനായ മകനും സഹായിച്ചെന്ന് പൊലീസ് അറിയിച്ചു. ഓമലൂർ–ശങ്കരി റോഡിൽ ആറ്റുകാർന്നൂർ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപം ചൊവ്വാഴ്ചയാണ് കാറിനുള്ളിൽ ഭൂപതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ അജ്ഞാതരായ മൂന്നുപേർ കാർ തടഞ്ഞ് ഭർത്താവിനെ കത്തി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയെന്നും തന്റെ 12 പവൻ സ്വർണാഭരണങ്ങൾ കവർന്നെന്നുമായിരുന്നു സുജിതയുടെ ആദ്യമൊഴി. എന്നാൽ വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറ കണ്ടെത്തിയതോടെ പൊലീസിന് സംശയം തോന്നി. ഭൂപതിയും സുജിതയും തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നതായി ബന്ധുക്കൾ നൽകിയ മൊഴിയും അന്വേഷണത്തിൽ നിർണായകമായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് സുജിതയ്ക്ക് സന്തോഷ് രാജുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയത്.
സന്തോഷുമായുള്ള ബന്ധത്തെച്ചൊല്ലി തിങ്കളാഴ്ച രാത്രിയും ദമ്പതികൾ തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ സുജിത ഭൂപതിയെ തള്ളിയതിനെ തുടർന്ന് തലയിടിച്ച് ഗുരുതരമായി പരുക്കേറ്റ ഭൂപതി ബോധരഹിതനായി. തുടർന്ന് സന്തോഷിനെ വിളിച്ചുവരുത്തി ഇരുവരും ചേർന്ന് ഭൂപതിയെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം കാറിൽ കയറ്റി ആറ്റുകാർന്നൂരിൽ എത്തിച്ച ശേഷം കവർച്ച നടന്നതായി വരുത്തിത്തീർക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.











Leave a Reply