നിയമസഭാ കൈയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിനു വലിയ തിരിച്ചടി. കേസുകള്‍ പിന്‍വലിക്കാനുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. മന്ത്രി വി ശിവന്‍കുട്ടി അടക്കം കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണം. ജനപ്രതിനിധികളുടെ അവകാശത്തെക്കുറിച്ച് കോടതി വിധി പ്രസ്താവിച്ചു കൊണ്ട് ഓര്‍മിപ്പിച്ചു. കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചത്.

സുപ്രീം കോടതിയുടെ വിധി അംഗീകരിക്കുന്നുവെന്നും എന്നാല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി. വിധി അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും വിചാരണ കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും മന്ത്രി പ്രതികരിച്ചു. കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് നിരവധി സമരങ്ങളും കേസുകളുമുണ്ട്. ഇത് പ്രത്യേക കേസായി വന്ന കാര്യമാണ്. കേസും ശിക്ഷയുമെല്ലാം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. വിധിയുടെ വിശദാംശങ്ങള്‍ ലഭിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനെതിരെ നിശിത വിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ ജനത്തോടുള്ള വഞ്ചനയാണ്. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിനാണെന്ന് കോടതി നിരീക്ഷിച്ചു. ഈ പ്രത്യേക അവകാശം പൊതുനിയമങ്ങളില്‍ നിന്ന് ഒഴിവാകാനുള്ള കവാടമല്ല. കേസുകള്‍ പിന്‍വലിക്കാനുള്ള അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചന കൂടിയാണെന്നും കോടതി വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാദത്തിനിടെ സര്‍ക്കാരിനെതിരെ നേരത്തെ തന്നെ രൂക്ഷ പരാമര്‍ശങ്ങള്‍ കോടതി നടത്തിയിരുന്നു. എം.എല്‍.എമാര്‍ക്ക് നിയമസഭയിലുള്ള പ്രത്യേക അവകാശങ്ങള്‍ ചൂണ്ടികാട്ടി കേസ് നിലനില്‍ക്കില്ല എന്നായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ എം.എല്‍.എമാരുടെ പ്രത്യേക അവകാശം നിയമസഭയിലെ വസ്തുക്കള്‍ അടിച്ച് തകര്‍ക്കാനല്ല എന്നായിരുന്നു കോടതിയുടെ മറുപടി.

2015ല്‍ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനിടെയാണ് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ കയ്യാങ്കളി നടത്തി സ്പീക്കറുടെ ഡയസുള്‍പ്പെടെ അടിച്ചുതകര്‍ത്തത്. അന്ന് യു.ഡി.എഫില്‍ ആയിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇന്ന് എല്‍.ഡി.എഫിന്റെ ഭാഗമാണ്.