പ്രശസ്ത ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശാരീരികാസ്വസ്ഥതകള്‍ പ്രകടപ്പിച്ചതിനെ തുടര്‍ന്ന് രാജീവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഋഷി കപൂറിന്റെയും രണ്‍ധീര്‍ കപൂറിന്റെയും ഇളയ സഹോദരനാണ്. ചെമ്പൂരിലെ വസതിയില്‍ വച്ച ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് രാജീവിനെ രണ്‍ധീര്‍ കപൂര്‍ ഏറ്റവും അടുത്തുള്ള ഇന്‍ലാക്സ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരണമടഞ്ഞതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

എനിക്ക് എന്റെ ഇളയ സഹോദരനെ നഷ്ടമായി. ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, രണ്‍ധീര്‍ കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാം തേരി ഗംഗാ മെയ്‌ലി, മേരാ സാഥി, ഹം തു ചലേ പര്‍ദേസ് തുടങ്ങിയവ രാജീവ് കപൂര്‍ അഭിനയിച്ച സിനിമകളാണ്. 1983 ല്‍ ഇറങ്ങിയ ഏക് ജാന്‍ ഹെയ് ഹം, 1985 ല്‍ ഇറങ്ങിയ രാം തേരി ഗംഗാ മെയ്ലി എന്നിവയിലെ പ്രകടനത്തിലൂടെയാണ് രാജീവ് കപൂര്‍ ശ്രദ്ധേയനായത്.

1991 ല്‍ ഹെന്ന എന്ന സിനിമ രാജീവ് കപൂര്‍ നിര്‍മ്മിച്ചിട്ടുണ്ട്. പ്രേം ഗ്രന്ഥ്, ആ അബ് ലോട്ട് ചലേന്‍ എന്നിവ രാജീവ് കപൂര്‍ സംവിധാനം ചെയ്ത സിനിമകളാണ്.

പ്രശസ്ത നടന്‍ രാജ് കപൂറിന്റെയും കൃഷ്ണ കപൂറിന്റെയും മകനാണ് രാജീവ് കപൂര്‍. ബോളിവുഡ് താരങ്ങളായ കരീഷ്മ കപൂര്‍, കരീന കപൂര്‍, റണ്‍ബീര്‍ കപൂര്‍ തുടങ്ങിയവര്‍ ബന്ധുക്കളാണ്.