ബിൻസു ജോൺ, ചീഫ് എഡിറ്റർ

കാലം മാറുന്നു. ജീവിതരീതികൾ മാറുന്നു. നാടുകൾ മാറുന്നു. എന്നാൽ ഓണം മലയാളിയുടെ മനസ്സിൽ തെളിയിക്കുന്ന ഒരുമയുടെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും നന്മയുടെയും തിരിനാളങ്ങൾ ഇന്നും അതേപോലെ നിലനിൽക്കുന്നു. ലോകത്തിന്റെ ഏതു കോണിലായാലും ഒരു മലയാളിയുടെ മനസ്സിൽ ഓണമെത്തുമ്പോൾ ആദ്യം തെളിയുന്നത് സ്വന്തം നാടിന്റെ ഓർമ്മകളാണ്. പൂക്കളവും പൂക്കാലവും, ഓണപ്പാട്ടും ഓണക്കളികളും, വിരുന്നു വരുന്ന ബന്ധുക്കളും സുഹൃത്തുക്കളും, വാഴയിലയിലെ സദ്യയും അതിനൊപ്പമുള്ള കളിചിരികളുമെല്ലാം ഗൃഹാതുരതയുടെ ഓരോ അധ്യായങ്ങളാണ്. നാട്ടിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെ ജീവിക്കുമ്പോഴും ഈ ഓർമ്മകളെ ചേർത്തുപിടിച്ചാണ് ലോകത്തിലെവിടെയുമുള്ള പ്രവാസികൾ ഉൾപ്പെടെയുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നത്.

ഇതാണ് ഓണത്തിന്റെ ഏറ്റവും വലിയ സൗന്ദര്യവും . അത് ഒരു ആഘോഷങ്ങൾക്കപ്പുറം നമ്മൾ എവിടെ നിന്നാണ് വന്നതെന്നും നമ്മെ പരസ്പരം ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ വേരുകൾ എത്ര ആഴത്തിലാണെന്നും ഓർമ്മിപ്പിക്കുന്ന ഒരു കാലമാണ് ഓണം . ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിരുകൾക്കപ്പുറം മനുഷ്യരെ ഒരുമിച്ചിരുത്തുന്ന ഒരു സാംസ്കാരിക അനുഭവം .

ഓണം ആഘോഷിക്കുന്നതിനൊപ്പം നമ്മുടെ ഭാഷയെയും സാഹിത്യത്തെയും സംസ്കാരത്തെയും ചേർത്തുപിടിക്കേണ്ടതിന്റെ ആവശ്യകതയും ഈ അവസരത്തിൽ കൂടുതൽ പ്രസക്തമാണ്. അതുകൊണ്ടുതന്നെ മലയാളം യുകെയെ സംബന്ധിച്ചിടത്തോളം ഓണക്കാലം കേവലം ആഘോഷത്തിന്റെ കാലം മാത്രമല്ല. വായനയുടെയും സാഹിത്യത്തിന്റെയും സർഗാത്മകതയുടെയും ഉത്സവകാലം കൂടിയാണ്. മുൻ വർഷങ്ങൾക്ക് സമാനമായി തുടർച്ചയായ 8 വർഷവും മലയാളം യുകെ ന്യൂസിൽ നിന്ന് അത്തം മുതൽ ഇന്ന് തിരുവോണം വരെ സാഹിത്യ വിഭവങ്ങൾ പ്രസിദ്ധീകരിക്കുന്നതിലുള്ള സന്തോഷം വായനക്കാരുമായി പങ്കു വെയ്ക്കുന്നു . പ്രശസ്ത സാഹിത്യകാരൻ തേക്കിൻകാട് ജോസഫ് , പ്രശസ്ത സിനിമാ സംവിധായകനും പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ അധ്യാപകനും നാഷണൽ അവാർഡ് ജേതാവുമായ പ്രൊഫ. കവിയൂർ ശിവപ്രസാദ് , ബാബുരാജ് കളമ്പൂർ എന്നിവർ ഉൾപ്പെടെയുള്ള 50 ഓളം മുനിര എഴുത്തുകാരുടെ രചനകൾ ഈ ഓണക്കാലത്ത് മലയാളം യുകെയുടെ പ്രിയ വായനക്കാർക്കായി ഒരുക്കാൻ സാധിച്ചു. ശ്രീ. പ്രഭാവർമ്മ, ഡോക്ടർ ജോർജ് ഓണക്കൂർ, ഉണ്ണികൃഷ്ണൻ കിടങ്ങൂർ  മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത , ഗോവ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള ശിവഗിരി മഠം മേധാവി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ , വൈജ്ഞാനിക സാഹിത്യ മേഖലയിലെ മുൻനിര എഴുത്തുകാരനായ ഡോ. ജോസഫ് സ്കറിയ ഉൾപ്പെടെയുള്ള പല പ്രമുഖരും പലപ്പോഴായി മലയാളം യുകെയ്ക്കുവേണ്ടി തൂലിക ചലിപ്പിച്ചവരാണ് .

കഴിഞ്ഞ വർഷം മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ചെറുകഥാസമാഹാരങ്ങളായ അനുജ കെ. എഴുതിയ ‘ശർക്കരവരട്ടി’യും റ്റിജി തോമസിന്റെ ‘അവ്യക്തയുടെ സന്ദേശങ്ങളും’ പ്രിയ വായനക്കാർ ഏറ്റെടുത്തതിലുള്ള സന്തോഷം പങ്കുവയ്ക്കുന്നു.

ഒരു ഓൺലൈൻ പ്രസിദ്ധീകരണത്തിന്റെ വളർച്ച അതിനെ വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും അതിനൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന വായനക്കാരുടെ സ്നേഹത്തിലൂടെയാണ്. മലയാളം യുകെയുടെ ഓരോ ചുവടിലും ഈ സ്നേഹവും പിന്തുണയും ഞങ്ങൾ അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ഓണക്കാലത്ത് ഞങ്ങളുടെ പ്രിയ വായനക്കാരോടുള്ള നന്ദി വാക്കുകളിൽ ഒതുക്കാനാവാത്തതാണ്.

ഈ ഓണം ഓരോ വീടുകളിലും സന്തോഷം നിറയ്ക്കട്ടെ. അകന്നുപോയ ബന്ധങ്ങളെ വീണ്ടും അടുപ്പിക്കട്ടെ. മറന്നുപോയ സൗഹൃദങ്ങൾക്ക് പുതിയ നിറം പകരട്ടെ. പ്രയാസങ്ങൾക്കിടയിലും പ്രതീക്ഷ കൈവിടാതിരിക്കാനുള്ള കരുത്ത് പകരട്ടെ. നമ്മുടെ സമൂഹത്തിൽ കൂടുതൽ സ്നേഹവും കരുതലും സഹവർത്തിത്വവും വളരട്ടെ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓണം ആഘോഷിക്കുന്ന എല്ലാ മലയാളികൾക്കും മലയാളം യുകെയുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. നാളിതുവരെ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഒരിക്കൽ കൂടി നന്ദി. ഇനിയും ഈ യാത്രയിൽ ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന സ്നേഹപൂർവ്വമായ അഭ്യർത്ഥനയോടെ…

സ്നേഹപൂർവ്വം,
ബിൻസു ജോൺ
ചീഫ് എഡിറ്റർ
മലയാളം യുകെ