ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്ന് സഹായം തേടി കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്‍റെ ഭാര്യ. നാട്ടിലേക്ക് മടക്കികൊണ്ടുവരാൻ കേന്ദ്ര സർക്കാരിന്‍റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് സൈബല്ല പറഞ്ഞു. ഖർത്തൂമിലെ ഫ്ലാറ്റിൽ കുടിവെള്ളവും ഭക്ഷണവും ലഭ്യമല്ല. ഇന്ത്യൻ എംബസി അടിയന്തര ഇടപെടൽ നടത്തണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

സൈന്യവും അർദ്ധസൈന്യവും തമ്മിൽ പോരാട്ടം തുടരുന്ന സുഡാനിലെ തലസ്ഥാനമായ ഖർത്തൂമിൽ ഏപ്രിൽ 15നാണ് സൈബല്ലയുടെ ഭർത്താവ് ആൽബർട്ട് അഗസ്റ്റിൻ കൊല്ലപ്പെട്ടത്. ഫ്ലാറ്റിന്‍റെ ജനലരികിൽ ഇരുന്ന് മകനോട് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് ആൽബർട്ടിനു വെടിയേറ്റത്. സംഘർഷം രൂക്ഷമായതോടെ മൃതദേഹം പോലും സ്ഥലത്ത് നിന്ന് മാറ്റാനാകാതെ ഫ്ലാറ്റിലെ ബേസ് മെന്‍റിൽ അഭയം തേടുകയായിരുന്നു സൈബല്ലയും മകളും. മൃതദേഹം പിന്നീട് എംബസിയുടെ സഹായത്തോടെ മൂന്നാം ദിവസമാണ് ആശുപത്രിയിലേക്ക് മാറ്റിയത് . എട്ടു ദിവസമായി ഫ്ലാറ്റിന്‍റെ അടിത്തട്ടിൽ കഴിയുകയാണ് സൈബല്ല. നിലവിൽ കുടിവെള്ളമടക്കം കഴിഞ്ഞെന്നും നാട്ടിലേക്ക് മടക്കി കൊണ്ടുവരാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും സൈബല്ല ആവശ്യപ്പെടുന്നു.

സൈബല്ലയുടെ ഫ്ലാറ്റിലെ മറ്റ് താമസക്കാരെയെല്ലാം അവരുടെ രാജ്യങ്ങൾ മടക്കികൊണ്ടുപോയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ എംബസിയിൽ നിന്ന് തങ്ങളെ രാജ്യത്തേക്ക് മടക്കി കൊണ്ടുപോകുന്ന കാര്യത്തിൽ യൊതൊരു അറിയിപ്പും ലഭിക്കുന്നില്ലെന്ന് സൈബല്ല വ്യക്തമാക്കുന്നു. വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് കേരളത്തിന്‍റെ ഡൽഹിയിലെ പ്രതിനിധി കെ.വി തോമസ് പറഞ്ഞു രാജ്യത്തെ പൗരൻമാരെ മടക്കിക്കൊണ്ടുവരാൻ തയ്യാറെടുപ്പുകൾ നടക്കുന്നതായി നേരത്തെ എംബസി അറിയിച്ചിരുന്നു. എന്നാൽ ഇത് എപ്പോൾ നടക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നത് ബന്ധുക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്.