മക്‌ഡൊണാള്‍ഡ്‌സിന്റെ കാര്‍പാര്‍ക്കില്‍ സിഗരറ്റ് കുറ്റികള്‍ വലിച്ചെറിഞ്ഞ സ്ത്രീക്ക് പിഴ. ലിനെറ്റ് വില്‍ഡിഗ് എന്ന 34കാരിക്കാണ് 330 പൗണ്ട് പിഴശിക്ഷ ലഭിച്ചത്. ഇവര്‍ രണ്ടു സിഗരറ്റ് കുറ്റികള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞുവെന്നാണ കണ്ടെത്തിയത്. കാനക്കിലാണ് സംഭവം. പാര്‍ക്കിലെ ജീവനക്കാര്‍ക്ക് 75 പൗണ്ട് വീതവും പിഴ ചുമത്തിയിട്ടുണ്ട്. പത്തു ദിവസത്തിനുള്ളില്‍ പിഴയടച്ചിരുന്നെങ്കില്‍ ഇത് 50 പൗണ്ടായി കുറയുമായിരുന്നു. അപ്രകാരം ചെയ്യാതിരുന്നതിനാല്‍ മുഴുവന്‍ തുകയും അടക്കണമെന്ന് കാനക്ക് കൗണ്‍സിലിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍ ലിനെറ്റിനോട് ആവശ്യപ്പെട്ടു. പിഴയടക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് കേസ് കോടതിയിലെത്തുകയായിരുന്നു.

നോര്‍ത്ത് സ്റ്റാഫോര്‍ഡ്ഷയര്‍ മജിസ്‌ട്രേറ്റ് ലിനറ്റ് കുറ്റക്കാരിയാണെന്ന് കണ്ടെത്തി. കോടതിയാണ് ഇവര്‍ക്ക് നല്‍കിയ പിഴത്തുക 220 പൗണ്ടായി ഉയര്‍ത്തിയത്. പ്രോസിക്യൂഷന്‍ ചെലവായി 80 പൗണ്ടും സര്‍ചാര്‍ജായി 30 പൗണ്ടും കൂടി നല്‍കാന്‍ കോടതി വിധിച്ചു. കൗണ്‍സില്‍ നല്‍കിയ പിഴയടച്ചിരുന്നുവെങ്കില്‍ കോടതി നല്‍കിയ ശിക്ഷയില്‍ നിന്ന് ലിനറ്റിന് ഒഴിവാകാമായിരുന്നുവെന്ന് കൗണ്‍സിലിന്റെ എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ മാനേജര്‍ മൈക്ക് വോക്കര്‍ പറഞ്ഞു. സിഗരറ്റ് കുറ്റി പോലെയുള്ള ചെറിയ വസ്തുക്കള്‍ പോലും മാലിന്യമായാണ് കണക്കാക്കുന്നത്. അവ വലിച്ചെറിയുന്നത് ശിക്ഷാര്‍ഹമാണ്.

ആദ്യമായി ഈ കുറ്റത്തിന് പിടികൂടപ്പെടുന്നവര്‍ക്ക് പെനാല്‍റ്റി നോട്ടീസ് നല്‍കും. കുറ്റം ആവര്‍ത്തിച്ചാല്‍ അവര്‍ പ്രോസിക്യൂഷനെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സിഗരറ്റ് മാലിന്യവും ടേക്ക് എവേ മാലിന്യവുമായി ഓരോ വര്‍ഷവും 245 ടണ്‍ മാലിന്യമാണ് കൗണ്‍സില്‍ തെരുവുകളില്‍ നിന്ന് നീക്കം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.