ഡബ്ലിനിലെ സീമ ബാനുവിന്റെയും (37) മക്കളായ മകള്‍ അസ്ഫിറ (11), മകന്‍ ഫൈസാന്‍ (ആറ്) എന്നിവരുടെയും കൂട്ടക്കൊലക്കേസില്‍ വിസ്താരം വ്യാഴാഴ്ച പുനരാരംഭിക്കും.ആറ് സ്ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങുന്ന ജൂറിയാണ് കേസ് പരിഗണിക്കുന്നത്.സമീര്‍ സെയ്ദെ(38)ന്ന ക്രിമിനലില്‍ നിന്നും ഇവര്‍ നേരിട്ട കൊടിയ പീഡനങ്ങളുടെ വിശദാംശങ്ങള്‍ സാക്ഷി വിസ്താരത്തിലൂടെ പുറത്തുവന്നിരുന്നു.അയര്‍ലണ്ടില്‍ എത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ത്തന്നെ ഭര്‍ത്താവിന്റെ ക്രൂരത സീമ അനുഭവിച്ചു തുടങ്ങിയിരുന്നു.

കൊല്ലപ്പെടുമെന്ന ഭീതിയിലായിരുന്നു ഇവര്‍ ഡബ്ലിനിലെ വീട്ടില്‍ രണ്ട് കുട്ടികളോടൊപ്പം കഴിഞ്ഞിരുന്നത്.രണ്ട് വര്‍ഷത്തോളം നീണ്ട നരക ജീവിതത്തിനൊടുവില്‍ 2020 ഒക്ടോബര്‍ 28നാണ് ഡബ്ലിനിലെ ബാലിന്റീറിലെ ലെവെല്ലിന്‍ കോര്‍ട്ടിലെ വീട്ടില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.2018ലെ ക്രിസ്മസ് തലേന്ന് സമീര്‍ സീമയെയും മക്കളെയും കണക്കിന് മര്‍ദ്ദിച്ചിരുന്നു. ഇവര്‍ അലറിക്കരയുന്നതും സങ്കടപ്പെടുന്നതും കണ്ടതായി സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കോടതിയില്‍ വെളിപ്പെടുത്തി.ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഭര്‍ത്താവ് മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുകയാണെന്ന് സീമ ബാനു പറഞ്ഞതായും ഇദ്ദേഹം മൊഴി നല്‍കിയിരുന്നു.

സമീര്‍ ദുഷ്ടനാണെന്നും തന്നെ കൊല്ലുമെന്നും ഡബ്ലിന്‍ ഡിസ്ട്രിക്ട് കോറോണേഴ്സ് കോടതിയുടെ സിറ്റിംഗിലും സീമബാനു പറഞ്ഞിരുന്നു. എങ്ങനെയെങ്കിലും നാട്ടില്‍ എത്തിപ്പറ്റാനുള്ള ശ്രമമായിരുന്നു സീമ നടത്തിയത്. പക്ഷേ അതിന് സാധിക്കും മുമ്പ് സമീര്‍ അവരുടെ ജീവനെടുത്തു.സീമയേയും മക്കളെയും നിര്‍ബന്ധിച്ചാണ് സമീര്‍ അയര്‍ലണ്ടിലേക്ക് കൊണ്ടുവന്നത്.ഇന്ത്യയിലേക്ക് മടങ്ങാന്‍ കൊതിക്കുന്നതായി ബന്ധുക്കളോടെല്ലാം സീമ പറയുമായിരുന്നു.2019 പകുതിയോടെ നാട്ടിലേയ്ക്ക് പോകാനുള്ള പാസ്പോര്‍ട്ടും പണവുമൊക്കെ റെഡിയാക്കി. എന്നാലും ഇടയ്ക്കുവെച്ച് സീമയുടെ മനസ്സ് മാറിയെന്നും കോടതിയില്‍ വെളിപ്പെടുത്തലുണ്ടായി.

കുട്ടികളെ വിട്ട് നാട്ടില്‍ പോയ്യാല്‍ ഗാര്‍ഡ കുട്ടികളെ കൊണ്ടുപോകുമെന്നും പിന്നീട് 18 വയസ്സുവരെ കുട്ടികളെ കാണാന്‍ പോലും അനുവദിക്കില്ലെന്നുമായിരുന്നു ഇയാള്‍ സീമയോട് പറഞ്ഞിരുന്നത്.ഇതു വിശ്വസിച്ചാണ് നാട്ടിലേയ്ക്കുള്ള യാത്ര മാറ്റിയത്.തനിക്കോ മക്കള്‍ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ ഭര്‍ത്താവായിരിക്കും ഉത്തരവാദിയെന്ന് സീമ പറഞ്ഞിരുന്നതായി സീമ ബാനുവിന്റെ ബന്ധു സയ്യിദ് സുഹാന്‍ പറഞ്ഞു.ഭാര്യയെ ആക്രമിച്ചെന്ന കേസില്‍ പിടിയിലാകുന്നതിന് തൊട്ടുമുമ്പ് സമീര്‍ സെയ്ദ് ഇന്ത്യയില്‍ നിന്നും കടക്കുകയായിരുന്നുവെന്നും സുഹാന്‍ വെളിപ്പെടുത്തി.കൂട്ടക്കൊലപാതക കേസില്‍ പിടിയിലായി സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടാനിരിക്കെയാണ് ഇയാള്‍ ജീവനൊടുക്കിയത്.കഴിഞ്ഞ ജൂണിലായിരുന്നു ഇത്.

മൈസൂര്‍ സ്വദേശിയായ സീമ ബാനു(37), മകള്‍ അസ്ഫിറ (11), മകന്‍ ഫൈസാന്‍ (6) എന്നിവരെ 2020 ഒക്ടോബര്‍ 28നാണ് ബാലിന്റീറിലെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചതായി ഗാര്‍ഡ കണ്ടെത്തിയത്.മൂവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.ശ്വാസംമുട്ടിയാണ് മരണമെന്ന് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പാത്തോളജിസ്റ്റ് ഡോ ഹെയ്ഡി ഒക്കേഴ്‌സ് വെളിപ്പെടുത്തിയിരുന്നു.മക്കള്‍ 36 മണിക്കൂറുകള്‍ക്ക് മുമ്പാണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.സീമ അതിന് മുമ്പേ കൊല്ലപ്പെട്ടിരുന്നു.

സീമ ബാനുവിന്റെ ഭര്‍ത്താവ് സമീര്‍ സെയ്ദിനെ ഈ കേസില്‍ ഗാര്‍ഡ അറസ്റ്റു ചെയ്തിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച ഇയാള്‍ പക്ഷേ മക്കളെ കൊന്നത് താനല്ലെന്ന് ആദ്യം മൊഴി നല്‍കിയിരുന്നു.എന്നാല്‍ അന്വേഷണത്തില്‍ ഇയാള്‍ തന്നെയാണ് മക്കളുടെ ജീവനെടുത്തതെന്നതിനുള്ള ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചിരുന്നു.തുടര്‍ന്ന് മൂന്നു കൊലപാതകക്കുറ്റവും ഇയാളില്‍ ചുമത്തിയിരുന്നു.കേസ് വിചാരണ തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് കസ്റ്റഡിയിലിരിക്കെ സെയ്ദ് ജയിലില്‍ മരിച്ചു.

നേരത്തെ ഭാര്യയെ മര്‍ദ്ദിച്ച ബോധരഹിതയാക്കിയ സംഭവത്തില്‍ സമീര്‍ സെയ്ദിനെതിരെ കേസെടുത്തിരുന്നു.ഇയാള്‍ക്ക് ഭാര്യയെയും കുട്ടികളെയും കാണുന്നതിന് കോടതി വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അതൊക്കെ ഇയാള്‍ ലംഘിച്ചിരുന്നുവെന്നതിനും കോടതിയില്‍ തെളിവുകള്‍ കിട്ടി.ജാമ്യ വ്യവസ്ഥ ലംഘിച്ച് ബാലിന്റീറിലെ വീട്ടില്‍ ഇയാള്‍ പലതവണ സന്ദര്‍ശിച്ചതായാണ് തെളിഞ്ഞത്.ആളെ തിരിച്ചറിയാതിരിക്കുന്നതിനായി പെണ്‍വേഷം കെട്ടിയതിനും തെളിവുകള്‍ ലഭിച്ചു.

കേസന്വേഷണത്തിന്റെ ഭാഗമായി ഡബ്ലിന്‍ ബസ്സിന്റെ അടക്കം വിവിധ സി സി ടി വി ക്യാമറാ ദൃശ്യങ്ങളും ഗാര്‍ഡ ലഭിച്ചിരുന്നു.അതിലൊന്നിലാണ് സ്ത്രീവേഷം ധരിച്ച സമീറിനെ കണ്ടെത്തിയത്.2020 ഒക്ടോബര്‍ 22നാണ് ഡബ്ലിന്‍ ബസിന്റെ സി സി ടിവി ദൃശ്യങ്ങളില്‍ സ്ത്രീ വേഷത്തില്‍ തലയും മുഖവും മറച്ച് ബാലിന്റേറിലേക്ക് പോകുന്ന സമീറിനെ കണ്ടെത്തിയത്.വീഡിയോയിലുള്ളത് താനാണെന്ന് പിന്നീട് ഇയാള്‍ ഗാര്‍ഡയോട് സമ്മതിച്ചിരുന്നു.

ക്രൂരമായ പീഡനമുറകളാണ് സീമയ്ക്ക് നേരിടേണ്ടി വന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.സീമയുടെ ഫോണില്‍ നിന്നും ഇത്തരത്തിലുള്ള വീഡിയോകള്‍ ഗാര്‍ഡ പുറത്തെടുത്തിരുന്നു.ഇന്ത്യയിലെ കുടുംബവുമായുള്ള സീമയുടെ വീഡിയോ കോളുകളുടെ റെക്കോര്‍ഡിംഗുകള്‍ ഇയാള്‍ തടസ്സപ്പെടുത്തിയിരുന്നു. കുട്ടികളോട് ഇടപെടാന്‍ പോലും അനുവദിച്ചിരുന്നില്ല.സമീര്‍ സെയ്ദില്ലാതെ ജീവിതമില്ലെന്നു പറയുന്ന സീമയുടെ വീഡിയോ റെക്കോഡുകളും ലഭിച്ചു. എന്നാല്‍ ഇവ ചിത്രീകരിക്കുമ്പോള്‍ ഇയാള്‍ വീട്ടിലുണ്ടായിരുന്നതായി സാങ്കേതിക തെളിവുകള്‍ ലഭിച്ചിരുന്നു.