നിര്‍ഭയ കേസിൽ കുറ്റവാളികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനെതിരെ ആക്രമണ ശ്രമം. സുപ്രീംകോടതിക്ക് പുറത്തുവച്ചാണ് സംഭവം. കേസിൽ അവസാന ഹർജിയും തള്ളിയതിന് പിന്നാലെ കോടതിക്ക് പുറത്തെത്തിയ എ പി സിംഗിനെ അഭിഭാഷക ചെരുപ്പൂരി അടിക്കാൻ ശ്രമിക്കുകയായിരുന്നു.

സ്ഥലത്ത് ഉണ്ടായിരുന്ന മറ്റ് അഭിഭാഷകർ ചേർന്നാണ് ഇവരെ പിടിച്ചുമാറ്റിയത്. എ പി സിംഗ് കുറ്റവാളികളെ സഹായിക്കാൻ ശ്രമിക്കുകയാണെന്ന് അഭിഭാഷക ആരോപിച്ചു. സ്ത്രീകൾക്ക് എതിരെ അക്രമം നടത്തുന്നവരെ ഇയാൾ സഹായിക്കാൻ ശ്രമിക്കുകയാണ്. ഇത്തരക്കാരെ കോടതിയിൽ കയറാൻ അനുവദിക്കരുതെന്നും ആക്രോശിച്ചാണ് അഭിഭാഷക ആക്രമിക്കാൻ ശ്രമിച്ചത്.

അന്ത്യന്തം നാടകീയമണിക്കൂറുകള്‍ക്ക് ശേഷം നിര്‍ഭയ കേസ് കുറ്റവാളികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. രാജ്യാന്തരകോടതിയിലും കുടുംബ കോടതിയിലുമുള്ള കേസുകള്‍ പ്രസക്തമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പ്രതികള്‍ക്ക് ദൈവത്തെ കണ്ടുമുട്ടാന്‍ സമയമായെന്നും കോടതി. പ്രതികളുടെ മരണവാറന്‍റ് റദ്ദാക്കാന്‍ ഒന്നുംചെയ്യാനാകില്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

നിര്‍ഭയക്കേസിലെ നാലുപ്രതികളുടെ വധശിക്ഷ നടപ്പാക്കിയ സമയം ജയിലിന് പുറത്ത് ആഹ്ലാദാരവങ്ങള്‍ മുഴക്കി ജനക്കൂട്ടവും രംഗത്തെത്തി. നിരവധി ആളുകളാണ് വധശിക്ഷയെ അനുകൂലിച്ച് തിഹാര്‍ ജയിലിന് പുറത്ത് തടിച്ചുകൂടിയത്. പ്രതികളായ പവന്‍ ഗുപ്ത, അക്ഷയ് സിങ്, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരെ തൂക്കിലേറ്റിയ വിവരം ഇവർ കയ്യടിച്ച് സ്വീകരിച്ചു. തിഹാര്‍ ജയിലില്‍ രാവിലെ അഞ്ചരയ്ക്കാണ് നാല് പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റിയത്.

ശിക്ഷ മാറ്റിവ്ക്കണമെന്ന പവന്‍ ഗുപ്തയുടെ ഹര്‍ജി പുലര്‍ച്ചെ മൂന്നരയ്ക്ക് സുപ്രീം കോടതി തളളിയിരുന്നു. ഇതോടെ മരണവാറന്റ് അനുസരിച്ച് കൃത്യസമയത്ത് ശിക്ഷ നടപ്പാക്കി. ആറുമണിയോടെ കഴുമരത്തില്‍ നിന്ന് നീക്കിയ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് ശേഷം സംസ്കരിക്കും. സുപ്രീം കോടതി തീരുമാനം വന്നതിന് പിന്നാലെ നാലരയോടെയാണ് പ്രതികളെ ഉണര്‍ത്തി ജയില്‍ അധികൃതര്‍ ശിക്ഷ നടപ്പാക്കാനുളള അന്തിമ തീരുമാനം അറിയിച്ചത്.

തുടര്‍ന്ന് സെല്ലിന് പുറത്തെത്തിച്ച് വൈദ്യ പരിശോധനയ്ക്കുശേഷം അഞ്ചേകാലിന് തൂക്കുമരത്തട്ടിലെത്തിച്ചു. മജിസ്ട്രേറ്റ് മരണവാറന്റ് പ്രതികളെ വായിച്ചുകേള്‍പിച്ചു . കൃത്യം അഞ്ചരയ്ക്ക് ജയില്‍ സൂപ്രണ്ട് ശിക്ഷ നടപ്പാക്കാനുളള നിര്‍ദേശം ആരാച്ചാര്‍ക്ക് നല്‍കി.