ലക്നൗ ∙ വിവാഹ സൽക്കാരത്തിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെ യുവതിക്കു നേരേ വെടിയുതിർത്തു. നൃത്തം ചെയ്യുന്നത് നിർത്തിയെന്ന് ആരോപിച്ചാണ് അജ്ഞാതന്‍ വെടിയുതിർത്തത്. മുഖത്തിനു ഗുരുതരമായി പരുക്കേറ്റ ഹിന (22) യെ കാൻപുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ ചിത്രകൂട്ടിലാണ് ക്രൂരത അരങ്ങേറിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
ഡിസംബർ 1നു ടിക്‌രാ ഗ്രാമത്തിലെ ഗ്രാമമുഖ്യൻ സുദീർ സിങ് പട്ടേലിന്റെ മകളുടെ വിവാഹ സൽക്കാരത്തിൽ നടത്തിയ നൃത്തപരിപാടിക്കിടെയാണ് സംഭവം. ഹിന, നൈന എന്നീ യുവതികൾ ചേർന്നു വേദിയിൽ നൃത്തം അവതരിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ പെട്ടെന്നു പാട്ട് നിലച്ചതിനെ തുടർന്നു അൽപനേരം ചുവടുകൾവയ്ക്കാതെ ഇവർ നിന്നപ്പോൾ സദസ്സിൽ നിന്നിരുന്ന ഒരാൾ ഹിനയുടെ മുഖത്തിനു നേരേ വെടിയുതിർക്കുകയായിരുന്നു. വേദിയിൽ ഉണ്ടായിരുന്നു വരന്റെ അമ്മാവന്മാരായ മിതിലേഷ്, അഖിലേഷ് എന്നിവർക്കും പരുക്കേറ്റു.
നൃത്തത്തിനിടെ, ‘വെടിവയ്ക്കും’, ‘സഹോദരാ, വെടിവയ്ക്കൂ’ എന്ന് രണ്ടു പേർ ചേർന്നു പറയുന്നത് വിഡിയോയിൽ കേൾക്കാം. ഇവർ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. ഗ്രാമുമുഖ്യന്റെ കുടുംബത്തിൽപെട്ടയാളാണ് വെടിയുതിർത്തതെന്നും ആരോപണമുണ്ട്. ഞായറാഴ്ച വരന്റെ ബന്ധുവാണ് സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകിയത്.പ്രതികളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും കുറ്റവാളികളെ നീതിപീഠത്തിനു മുൻപാകെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ അങ്കിത് മിത്തൽ പറഞ്ഞു. 2016ൽ സമാന സംഭവത്തിൽ പഞ്ചാബിലെ ബത്തിൻഡയിൽ ഒരു വിവാഹ സൽക്കാര വേദിയിൽ നൃത്തം അവതിരിപ്പിക്കുന്നതിനിടെ ഗർഭിണിയായ ഇരുപത്തഞ്ചുകാരിക്കു നേരേ ഒരാൾ വെടിയുതിർക്കുകയും യുവതി തൽക്ഷണം മരിക്കുകയും ചെയ്തിരുന്നു.
Leave a Reply