തിരുവനന്തപുരത്ത് കോൺവെൻ്റിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. കന്യാസ്ത്രീയാകാൻ പഠിക്കുന്ന യുവതിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശി അന്നപൂരണിയെന്ന് ഇരുപത്തിയേഴുകാരിയാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം വെട്ടുതുറ കോൺവെൻ്റിലാണ് അന്നപൂരണി താമസിച്ചിരുന്നത്. ഇവിടെ സ്വന്തം മുറിക്കുള്ളിലാണ് അവരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ നടന്ന പ്രാർത്ഥനയ്ക്ക് യുവതി എത്തിയിരുന്നില്ല. അതേസമയം എല്ലാ ദിവസവും പ്രാർത്ഥനയ്ക്ക് അവർ എത്താറുണ്ടായിരുന്നു. എതെങ്കിലും രീതിയിലുള്ള അസുഖം ബാധിച്ച് കിടപ്പിലാണോ എന്ന് പ്രാർത്ഥനയ്ക്കു ശേഷം മറ്റുള്ളവർ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് അന്നപൂരണിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു അന്നപൂരണിയുടെ മൃതദേഹം കാണപ്പെട്ടത്. വാതിൽ അകത്തു നിന്ന് പൂട്ളടിയിരിക്കുകയായിരുന്നു എന്നും കോൺവെൻ്റിലെ മറ്റു കന്യാസ്ത്രീകൾ പറയുന്നു.

മുറിയില്‍നിന്ന്‌ അന്നപൂരണി എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തനിക്ക് കന്യാസ്ത്രീയാകാന്‍ യോഗ്യതയില്ലെന്നും അതുകൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. അന്നപൂരണിയുടേത് ആത്മഹത്യയാണെന്നാണ് പ്രഥമിക പരിശോധനയിൽ വ്യക്തമാകുന്നതെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

വെട്ടുതുറ റോസ്മിനിയന്‍സ് ഔവര്‍ ലേഡി കോണ്‍വെൻ്റിലെ അന്തേവാസിയായിരുന്നു അന്നപൂരണി. ഏകദേശം ഒരു വര്‍ഷം മുന്‍പാണ് അന്നപൂരണി കോണ്‍വെൻ്റിലെത്തിയതെന്നാണ് സൂചനകൾ. പഠനത്തിൻ്റെ ഭാഗമായി മഹാരാഷ്ട്രയിൽ സാമുഹ്യസേവനത്തിലായിരുന്നു അവർ. അതിനുശേഷം കഴിഞ്ഞ മാസമാണ് ഇവര്‍ കോണ്‍വെൻ്റില്‍ മടങ്ങിയെത്തിയത്. കോൺവെൻ്റിൽ മടങ്ങിയെത്തിയതിനു പിന്നാലെ അവർ നിരാശയായിരുന്നു എന്നും സൂചനകൾ പുറത്തു വരുന്നുണ്ട്. കൂടുതൽ സമയവും മുറിയടച്ച് ഇരിക്കുകയായിരുന്നു അന്നപൂരണിയുടെ പതിവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

കന്യാസ്ത്രീ വിദ്യാർത്ഥിയുടെ മരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. മുറിയില്‍ ഇവര്‍ തനിച്ചായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. ആറ്റിങ്ങല്‍ ഡിവൈഎസ്︋പിയുടെ നേതൃത്വത്തില്‍ കഠിനംകുളം പോലീസ് നടപടികള്‍ സ്വീകരിച്ചുവരികയാണ്.