രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. ഡോളറിനെതിരെ 77.40 നിലവാരത്തിലാണ് തിങ്കളാഴ്ച രാവിലെ വ്യാപാരം നടന്നത്. അതായത് ഒരു ഡോളര്‍ ലഭിക്കാന്‍ 77.40 രൂപ നല്‍കേണ്ട സ്ഥിതി.

ചൈനയിലെ ലോക്ഡൗണ്‍ , റഷ്യ-യുക്രൈന്‍ യുദ്ധം, ഉയര്‍ പലിശ നിരക്ക് സംബന്ധിച്ച ഭയം എന്നിവയാണ് രൂപയെ ബാധിച്ചത്.

വെള്ളിയാഴ്ച 77.05 നിലവാരത്തിലായിരുന്നു ക്ലോസിങ് എങ്കിലും തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചതോടെ 77.42ലെത്തി. താരതമ്യേന സുരക്ഷിത കറന്‍സിയായ ഡോളറിലേയ്ക്ക് നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെട്ടതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഡോളര്‍ കരുത്താര്‍ജിക്കാനും രൂപ ദുര്‍ബലമാകാനും അതിടയാക്കി.

റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയതിനുശേഷം വിതരണ ശൃംഖലയിലെ തടസ്സങ്ങളെതുടര്‍ന്ന് ആഗോളതലത്തില്‍ പണപ്പെരുപ്പ നിരക്കുകള്‍ വര്‍ധിച്ചതും അതിനെതുടര്‍ന്നുള്ള നിരക്കുവര്‍ധനവും സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിച്ചേക്കാമെന്ന ഭീതി വിപണിയില്‍ വ്യാപകമായതും തിരിച്ചടിയായി.

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്കില്‍ അരശതമാനം വര്‍ധനവരുത്തിയത് തുടര്‍ച്ചയായി അഞ്ചാമത്തെ ആഴ്ചയും ഡോളറിന് കുതിപ്പേകി. നിലവില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഡോളര്‍.