ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും പ്രായു കൂടിയ വ്യക്തി എന്ന് അവകാശപ്പെട്ടിരുന്നയാള്‍ അന്തരിച്ചു. 146 വയസുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ഇന്തോനേഷ്യക്കാരനായ എംബാ ഗോഥോ ആണ് മരിച്ചത്. 1870ലാണ് ഇദ്ദേഹം ജനിച്ചതെന്നാണ് അവകാശപ്പെട്ടിരുന്നത്. കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണകാരണം പുറത്തു വിട്ടിട്ടില്ല. സോഡിമെജ്‌ദോ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന് പുകവലിയായിരുന്നു ഒഴിവാക്കാന്‍ കഴിയാതിരുന്ന ദുശീലം.
മരണത്തിന് അല്‍പ ദിവസം മുമ്പ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് പോയ ഗോഥോ മരണം വരെ പോറിഡ്ജ് മാത്രമായിരുന്നു ഭക്ഷണമായി കഴിച്ചിരുന്നതെന്ന് ചെറുമകന്‍ ബിബിസിയോട് പറഞ്ഞു. 1870ലാണ് ജനിച്ചതെന്ന് ഗോഥോ അവകാശപ്പെട്ടിരുന്നെങ്കിലും ഈ അവകാശവാദത്തില്‍ സംശയങ്ങളുണ്ട്. ഇന്തോനേഷ്യ 1900 മുതലാണ് ഔദ്യോഗികമായി ജനനങ്ങളെക്കുറിച്ചുള്ള രേഖകള്‍ സൂക്ഷിച്ചു തുടങ്ങിയത്. 1870ല്‍ ജനിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള രേഖ ഇയാള്‍ സൂക്ഷിച്ചിരുന്നു.
കഴിഞ്ഞ സമ്മറിലാണ് ലോകത്തെ ഏറ്റവും പ്രായമുള്ള വ്യക്തി എന്ന നിലയില്‍ ഗോഥോ തലക്കെട്ടുകള്‍ സൃഷ്ടിച്ചത്.ഇയാള്‍ താമസിച്ചിരുന്ന സെന്‍ട്രല്‍ ജാവയിലെ സ്രാഗന്‍ എന്ന പട്ടണത്തിലെ ഉദ്യോഗസ്ഥര്‍ ഗോഥോയുടെ പ്രായം സ്ഥിരീകരിച്ചു എന്ന് അറിയിച്ചതോടെയായിരുന്നു ഇത്. 1992 മുതല്‍ താന്‍ മരണത്തിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശവക്കല്ലറയില്‍ സ്ഥാപിക്കാനുള്ള ശിലാഫലകവും തയ്യാറാക്കിയിരുന്നു.
10 സഹോദരങ്ങളുടെ മരണം ഗോഥോ കണ്ടു. നാല് ഭാര്യമാരും മക്കളും പ്രായമായി മരിക്കുന്നതിനും അദ്ദേഹം ദൃക്‌സാക്ഷിയായി. മരിച്ചാല്‍ അടക്കം ചെയ്യാനായി വര്‍ഷങ്ങള്‍ക്കു മുമ്പ് വാങ്ങിയിരുന്ന സ്ഥലത്താണ് ഗോഥോയെ സംസ്‌കരിച്ചത്. നേരത്തേ തയ്യാറാക്കിയിരുന്ന ഫലകം ശവകുടീരത്തില്‍ ഗോഥോയുടെ അനന്തരാവകാശികള്‍ സ്ഥാപിക്കുകയും ചെയ്തു.
Leave a Reply