ന്യൂസ് ഡെസ്ക്, മലയാളം യുകെ
മക്കളെയും കൊച്ചുമക്കളെയും കാണാനും ചടങ്ങുകളിൽ പങ്കെടുക്കാനും യുകെയിലെത്തിയ കോട്ടയം തുരുത്തി സ്വദേശിയും മർത്ത മറിയം ഫൊറോനാ പള്ളിയിലെ ഇടവകാംഗവുമായ സേവ്യർ ഫിലിപ്പോസ് മരങ്ങാട്ട് (അപ്പച്ചൻകുട്ടി – 73) നോർവിച്ചിൽ അന്തരിച്ചു. നോർവിച്ചിൽ താമസിക്കുന്ന അനിത ജെറീഷ്, അമല സഞ്‌ജു, അനൂപ് സേവ്യർ എന്നിവരുടെ പിതാവാണ് പരേതൻ. മകൻ അനൂപിന്റെ മക്കളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിലും മാമ്മോദീസയിലും പങ്കെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ യാത്ര.
യുകെയിൽ എത്തിയതിന് ശേഷം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് സേവ്യർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഡിസ്ചാർജ് ആയെങ്കിലും ആരോഗ്യം പൂർണ്ണമായി വീണ്ടെടുക്കാൻ സാധിച്ചില്ല. പിന്നീട് നില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചെങ്കിലും ചികിത്സ ഫലപ്രദമാകാതെ അന്ത്യം സംഭവിച്ചു. സെന്റ് തോമസ് സീറോ മലബാർ മിഷൻ പ്രീസ്റ്റ് ഫാ. ജിനു മുണ്ടുനടക്കലും ക്നാനായ സുറിയാനി പള്ളി വികാരി ഫാ. ജോമോൻ പുന്നൂസും സന്ദർശിച്ച് അന്ത്യകൂദാശ നൽകി പ്രാർഥിച്ചു.
സേവ്യർ മുൻ കോട്ടയം ജില്ലാ ഫുട്ബോൾ ടീം ക്യാപ്റ്റനും മുൻ സന്തോഷ് ട്രോഫി താരം എം.പി. പാപ്പച്ചന്റെ പുത്രനുമാണ് . ഭാര്യ പരേതയായ ലിസമ്മ സേവ്യർ. അൻസ് ജിൻറ്റാ (കുവൈത്ത്), അനിത, അമല, അനൂപ് (നോർവിച്ച്) എന്നിവർ മക്കളാണ്. അന്ത്യോപചാര കർമ്മങ്ങൾ പിന്നീട് നോർവിച്ചിൽ നടത്തുമെന്ന് കുടുംബം അറിയിച്ചു. പ്രിയപ്പെട്ട പിതാവിന്റെ അകാലവിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
സേവ്യർ ഫിലിപ്പോസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply