ഡോ. ഷർമദ്‌ ഖാൻ

പരീക്ഷ അടുക്കുമ്പോൾ എല്ലാ രക്ഷിതാക്കളും അവരുടെ കുട്ടികൾക്കുവേണ്ടി അന്വേഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് നല്ലപോലെ പഠിക്കുവാൻ എന്തുവേണം?

പരീക്ഷ അടുക്കുമ്പോൾ പ്രത്യേകിച്ചൊന്നും ഇതിനുവേണ്ടി ചെയ്യാനില്ല എന്നതാണ് യാഥാർത്ഥ്യം. പഠിക്കണമെങ്കിലോ പരീക്ഷയിൽ നല്ല മാർക്ക് നേടണമെങ്കിലോ വളരെ മുമ്പ് തന്നെ കരുതലോടെയുള്ള പഠനവും അതോടൊപ്പം നല്ല ആരോഗ്യവും ഉണ്ടായിരിക്കണം. നന്നായി ജയിക്കണമെങ്കിൽ ഇപ്പോൾ മുതൽ ശ്രമിച്ചു തുടങ്ങണം എന്നർത്ഥം.

ഒരാളിന് നല്ല ആരോഗ്യത്തെ പ്രദാനം ചെയ്യുവാൻ ആയുർവേദത്തിലൂടെ സാധിക്കും. കാരണം രോഗമൊന്നും ഇല്ലാത്തവരിൽ ആരോഗ്യസംരക്ഷണത്തിനു വേണ്ടി ഏറ്റവും നന്നായി ഉപയോഗിക്കുവാൻ കഴിയുന്ന ആരോഗ്യശാസ്ത്രമാണ് ആയുർവേദം.

ശാരീരികവും മാനസികവുമായ നിരവധി പ്രശ്നങ്ങൾ ഒരു വിദ്യാർത്ഥിയുടെ പഠനത്തെ ബാധിക്കാം. ശരിയായ തിരിച്ചറിവും നല്ല ശീലവുമുണ്ടെങ്കിൽ രോഗം വരാതിരിക്കുവാനും ഉള്ള രോഗങ്ങൾ വർദ്ധിപ്പിക്കാതിരിക്കുവാനും സാധിക്കും.

എപ്പോൾ എങ്ങിനെ പഠിക്കുന്നു എന്ന് തുടങ്ങി നിരവധി കാര്യങ്ങൾ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഉണരുന്നതു മുതൽ ഉറങ്ങുന്ന സമയം വരെ.

പഠനസമയം

എപ്പോൾ പഠിക്കണമെന്നതും എപ്പോൾ ഉണരണമെന്നതും ഒരുപോലെ പ്രാധാന്യമുള്ളവയാണ്. ബ്രാഹ്മമുഹൂർത്തത്തിൽ ആണ് ഒരാൾ ഉണരേണ്ടത്. ബ്രാഹ്മമുഹൂർത്തം എന്നാൽ വിദ്യാസമ്പാദത്തിന് ഏറ്റവും അനുയോജ്യമായ സമയം. ലോകത്തുള്ള സകല ജീവജാലങ്ങൾക്കും ഏറ്റവും കൂടുതൽ വികാസം സംഭവിക്കുന്ന സമയം. അത് ബുദ്ധിവികാസത്തിനും അത്യുത്തമം. രാവിലെ ആറ് മണിക്കാണ് സൂര്യൻ ഉദിക്കുന്നതെങ്കിൽ ഏകദേശം നാലര മണിയാണ് ഉണരേണ്ട സമയം. അതായത് സൂര്യനുദിക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പ്. ആ സമയത്ത് കൂടുതൽ ശ്രദ്ധ കിട്ടുന്നതിനാൽ കുറച്ചു സമയം കൊണ്ട് കൂടുതൽ പഠിക്കുവാൻ സാധിക്കുന്നു. മാത്രമല്ല ദിവസം മുഴുവൻ ഉൻമേഷം നിലനിർത്തുന്ന വിധം ക്ഷീണമകറ്റുവാനും രാവിലെ ഏഴുന്നേൽക്കുന്നത് നല്ലതാണ്.

എപ്പോൾ ഉറങ്ങണം

രാവിലെ ബ്രാഹ്മമുഹൂർത്തത്തിൽ ക്ഷീണമൊന്നുമില്ലാതെ ഉണർന്നെഴുന്നേൽക്കണമെങ്കിൽ രാത്രി പത്തരയ്ക്ക് എങ്കിലും ഉറങ്ങണം. ചെറിയ കുട്ടികൾ കുറച്ചുകൂടി നേരത്തെ ഉറങ്ങണം. ഏകദേശം ആറുമണിക്കൂർ സുഖമായി ഉറങ്ങണം. കുട്ടികൾക്ക് കുറച്ചുകൂടി സമയം ഉറങ്ങുന്നതിന് തടസ്സമില്ല.

ഉറക്കം പതിവിൽ നിന്നും കുറഞ്ഞു പോയാൽ കുറച്ചുകൂടി ഉറങ്ങണം. എന്നാൽ അതിന് എപ്പോഴും സാധിച്ചുവെന്ന് വരില്ല. ആയതിനാൽ കൃത്യസമയത്ത് രാത്രിയിൽ ഉറങ്ങി ശീലിക്കണം.

കഴിച്ച ആഹാരം ഒരുവിധം ദഹിച്ചശേഷം മാത്രം ഉറങ്ങാൻ കിടക്കുക. രാത്രിയിൽ അധികമായി വെള്ളം കുടിക്കരുത്. ദഹിക്കാൻ പ്രയാസമുള്ളവ കഴിക്കരുത്. ആവിയിൽ വേകിച്ചതോ എണ്ണ കുറവുള്ളതോ ആയ സസ്യാഹാരമാണ് രാത്രിയിൽ നല്ലത്.

ശ്രദ്ധിക്കേണ്ടത്

ഉറക്കം
രാത്രിയിൽ ഉറക്കമൊഴിയുന്നത് ദഹനത്തേയും ഉറക്കത്തേയും പഠനത്തേയും ബാധിക്കും. ഇവ അസുഖത്തേയും ഉണ്ടാക്കും.

വൈകി ഉറങ്ങുന്നവർക്ക് ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേൽക്കുന്നതിനോ പഠിക്കുന്നതിനോ കഴിയില്ല. എഴുന്നേറ്റാൽതന്നെ ഉറക്കം തൂങ്ങി ഇരിക്കുകയേ ഉള്ളൂ.

പല്ല്

പല്ലിൻറെ ആരോഗ്യം ശ്രദ്ധിക്കണം. വിരൽ കൊണ്ട് പല്ല് തേയ്ക്കുന്നതാണ് നല്ലത്. അതിനാൽ പൽപൊടിയോ, ഉമിക്കരി നന്നായി പൊടിച്ചതോ ഉപയോഗിക്കാം. പേസ്റ്റ് ഉപയോഗിക്കുവാൻ താല്പര്യമുള്ളവർ മധുരമുള്ള ടൂത്ത് പേസ്റ്റുകളും ജെൽ പേസ്റ്റും ഒഴിവാക്കുന്നതാണ് നല്ലത്. പല്ലിനെ നന്നായി സംരക്ഷിച്ചില്ലെങ്കിൽ പുഴുപ്പല്ല്, മോണവീക്കം, നിരതെറ്റിയ പല്ലുകൾ, പല്ലുവേദന, നീര് തുടങ്ങിയവ ഉണ്ടാകും.

മധുരം കൂടുതലായി കഴിക്കുന്നവർക്ക് പുഴുപ്പല്ല് വരണമെന്നില്ല. എന്നാൽ മറ്റു പല കാരണങ്ങളാൽ കുട്ടികൾ മധുരം അധികമായി കഴിക്കുന്നത് നല്ലതല്ല.

ചവർപ്പ്, കയ്പ്, എരിവ് രസമുള്ള ദ്രവ്യങ്ങൾ ആണ് പല്ലുതേയ്ക്കുവാൻ നല്ലത്. രണ്ട് നേരം പല്ല് തേക്കണം. ആഹാരശേഷം നാവ് വടിക്കരുത്.

സോഫ്റ്റ്, മീഡിയം, കഠിനം എന്നിങ്ങനെ മൂന്നുതരത്തിൽ മാർക്കറ്റിൽ ലഭിക്കുന്ന ബ്രഷുകളിൽ സോഫ്റ്റ് ആയവ തന്നെ ഉപയോഗിക്കണം. മോണ കേട് വരാതിരിക്കുവാൻ അതാണ് നല്ലത് . ബലമായി പല്ല് തേയ്ക്കരുത്. പല്ലുകളുടെ മധ്യത്തിൽ നിന്നും വശങ്ങളിലേക്ക് ബലമായി തേയ്ക്കുന്ന രീതിയാണ് പൊതുവേ കണ്ടുവരുന്നത് . ഇത് മോണരോഗത്തെ ക്ഷണിച്ചുവരുത്തും.

മൂന്നു മാസത്തിൽ ഒരിക്കലോ ബ്രിസിൽസ് വളഞ്ഞു തുടങ്ങിയാലോ ബ്രഷ് മാറ്റണം.

കുളിക്കുമ്പോൾ

തല നനയ്ക്കാതെ ദേഹം മാത്രമായി കുളിക്കരുത്.

വളരെ തണുത്ത വെള്ളത്തിൽ കുളിക്കരുത്.

ചൂടുവെള്ളം തലയിൽ ഒഴിക്കരുത്.

രോമകൂപങ്ങൾക്ക് പ്രതിലോമമായി സോപ്പ് തേയ്ക്കരുത്.

കയ്യിൽ വെച്ച് സോപ്പ് പതച്ച ശേഷം പത മാത്രം ദേഹത്ത് തേയ്ക്കുന്നതാണ് നല്ലത്.

ആഹാരം കഴിച്ചശേഷം കുളിക്കരുത്.

പ്രഭാതഭക്ഷണം

മനുഷ്യൻറെ ഏറ്റവും പ്രധാന ഭക്ഷണം പ്രഭാത ഭക്ഷണമാണ്. അത് ഒഴിവാക്കരുത്. വെറുംവയറ്റിൽ ചായയോ കാപ്പിയോ മാത്രമായി കുടിക്കരുത്. ബിസ്ക്കറ്റ്, ബ്രെഡ് എന്നിവയും വെറും വയറ്റിൽ നല്ലതല്ല.

ജങ്ക് ഫുഡ്സ് ,കോള, ടിൻ ഫുഡ്സ്, കവർ പലഹാരങ്ങൾ, മൈദ, ഡാൽഡ എന്നിവ പരമാവധി ഒഴിവാക്കണം.

നിറമുള്ളതും ബേക്കറി സാധനങ്ങളും പ്രിസർവേറ്റീവ് ചേർത്തവയും നല്ലതല്ല. ഇവയൊക്കെ രോഗത്തെ ഉണ്ടാക്കുന്നവയും പഠനത്തിലുള്ള ശ്രദ്ധ നശിപ്പിച്ചുകളയുന്നവയുമാണ്.

ബുദ്ധി വർദ്ധിക്കുവാൻ

ഏകാഗ്രതയോടെ പഠിക്കുക.

യോഗ ശീലിക്കുക.

പഠിച്ചത് ആവർത്തിച്ചു പഠിക്കുക

ആഹാരത്തിന്റെ കൂടെ നെയ്യ് ഉൾപ്പെടുത്തുക

പഠിക്കുവാൻ പ്രത്യേക സ്ഥലം ഉപയോഗിക്കുക

ബ്രഹ്മീഘൃതം, സാരസ്വതഘൃതം, സാരസ്വതാരിഷ്ടം തുടങ്ങിയവ ഒരു ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കുക

ബ്രഹ്മിയുടെ നീര് ദിവസവും രാവിലെ 5 മില്ലി വീതം കഴിക്കുക

വായിക്കുമ്പോൾ

പുസ്തകം കണ്ണിൽ നിന്ന് 25 സെൻറീമീറ്റർ അകലെ പിടിക്കുക

മുകളിലെ കൺപോള പകുതി അടച്ച് താഴേക്ക് നോക്കി വായിക്കാവുന്ന വിധത്തിൽ പുസ്തകം പിടിക്കുക

അക്ഷരങ്ങൾക്കും വാക്കുകൾക്കുമൊപ്പം തല ചലിപ്പിച്ച്,വായിച്ചു കഴിഞ്ഞ അക്ഷരങ്ങളോ വാക്കുകളോ പിന്നെയും കാണുവാൻ ശ്രമിക്കാത്ത വിധത്തിൽ, ആയാസരഹിതമായി വായിക്കുക

വ്യക്തമായ പ്രിന്റ്, അക്ഷരങ്ങളുടെ വലുപ്പം, ലാമിനേറ്റഡ് പേജുകളുടെ ഗ്ലെയർ ഇവ അനുകൂലമായ പുസ്തകങ്ങൾ മാത്രം വായിക്കുക

തീരെ കുറഞ്ഞതും വളരെ കൂടിയതുമായ പ്രകാശം പാടില്ല

വായിക്കുന്ന ആളുടെ പുറകിൽ ഘടിപ്പിച്ച ട്യൂബ് ലൈറ്റിന്റെ പ്രതിബിംബം പുസ്തകത്തിനുമേൽ ഒരു മുഖം നോക്കുന്ന കണ്ണാടി വെച്ചാൽ, അതിൽ കാണാത്തവിധം പുസ്തകം പിടിക്കുക

ടിവി അധികമായി കാണരുത്. വളരെ വേഗത്തിലുള്ള സീനുകളും മിന്നിമറയുന്ന പ്രകാശവും കണ്ണുകൾക്ക് വളരെ ആയാസം ഉണ്ടാക്കും

കണ്ണട ഉപയോഗിക്കേണ്ടവർ ഇടയ്ക്കിടെ അവ ഒഴിവാക്കുന്നത് നല്ലതല്ല

കുറച്ചുനേരം വായിച്ചശേഷം അൽപനേരം കണ്ണടച്ച് ഇരിക്കുന്നതും ,വായിൽ വെള്ളം നിറച്ചശേഷം കണ്ണ് കഴുകുന്നതും നല്ലതാണ്.

തലയിൽ തേയ്ക്കുന്ന എണ്ണ ഉള്ളംകാലിൽ കൂടി പുരട്ടിയാൽ നല്ലത്

മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം നിയന്ത്രിച്ചേ മതിയാകൂ

തലവേദന

കുട്ടികളുടെ തലവേദനയ്ക്ക് പ്രധാനകാരണം കാഴ്ചക്കുറവായിരിക്കും.

ഭക്ഷണം കഴിക്കാതിരിക്കുക, ഉറക്കമിളപ്പ് , കിടന്നുള്ള വായന,അമിതമായ ടിവി കാണൽ, മൊബൈൽ ഉപയോഗിക്കൽ, ടെൻഷൻ എന്നിവയും തലവേദനയ്ക്ക് കാരണമാകാറുണ്ട്.

ശരിയായി നിവർന്നിരുന്ന് വായിക്കുവാനും എഴുതുവാനും ശീലിക്കുക

ടിവി ഏറെനേരം കാണുന്നതും, വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ വായിക്കുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും നല്ലതല്ല.

ഭക്ഷണം

ഏറ്റവും പ്രധാനമായ പ്രഭാതഭക്ഷണത്തിന് സ്വഭാവരൂപീകരണത്തിൽ ഏറെ പങ്കുണ്ട്

വെറുംവയറ്റിൽ കാപ്പിയോ ചായയോ മാത്രമായി കുടിക്കരുത് .അധികമായി എരിവ്, പുളി, ഉപ്പ്, മധുരം എന്നിവ ഉള്ളതും എണ്ണയിൽ വറുത്തതും നല്ലതല്ല

മൈദ പോലുള്ള നാരുകൾ കുറഞ്ഞ ആഹാരം ഉപയോഗിച്ചുള്ള ഭക്ഷണം ഒഴിവാക്കണം

വിശപ്പില്ലാത്ത സമയത്തും, അമിതമായും, കഴിച്ച ആഹാരം ദഹിക്കുന്നതിനു മുമ്പും വീണ്ടും ഭക്ഷിക്കരുത്

ഭക്ഷണത്തിന് രുചിക്കുറവുള്ളവർ മാത്രമേ അച്ചാർ ,തൈര് എന്നിവ ഉപയോഗിക്കാവൂ.

എന്നാൽ രാത്രിയിലോ പ്രത്യേകിച്ചും നിത്യവും തൈര് കഴിക്കുവാനും പാടില്ല.

സ്കൂളിൽ കൊണ്ടുപോകുന്ന ഭക്ഷണത്തിൽ സ്ഥിരമായി അച്ചാറും മുട്ടയും പാടില്ല

ഇടയ്ക്കൊക്കെ ആകുകയും ചെയ്യാം.

ടിഫിൻ ബോക്സിൽ മുക്കാൽ ഭാഗം മാത്രം ആഹാരം നിറയ്ക്കുക. ബാക്കിയുള്ള ഭാഗം വായുസഞ്ചാരം ഉണ്ടായിരിക്കട്ടെ

ചൂടുള്ള വെള്ളം പ്ലാസ്റ്റിക് ബോട്ടിലുകളിൽ വച്ച് ഉപയോഗിക്കരുത്

ഏറെ തണുത്തതും നല്ല ചൂടുള്ളതുമായ ഭക്ഷണം ഒഴിവാക്കണം

ശരിയായ ദഹനത്തിന് ഭക്ഷണത്തോടൊപ്പം ഇടയ്ക്കിടെ കുറേശ്ശെ വെള്ളം കുടിക്കണം.മെലിഞ്ഞവർ
ഭക്ഷണത്തിനു ശേഷവും, വണ്ണമുള്ളവർ ഭക്ഷണത്തിനു മുൻപും വെള്ളം കുടിക്കണം

ആഹാരം കഴിച്ച ഉടനെ ഓടിക്കളിക്കുവാൻ പാടില്ല

ആഹാരത്തോടൊപ്പം തണുപ്പിച്ച വെള്ളം കുടിച്ചാൽ ദഹനം കുറയും

ഇവയെല്ലാം ശ്രദ്ധിച്ച് ഇപ്പോഴേ തുടങ്ങിയാൽ നല്ല ആരോഗ്യത്തോടെ പഠിക്കുവാനും പരീക്ഷ എഴുതുവാനും നല്ല വിജയം കരസ്ഥമാക്കുവാനും സാധിക്കും.

 

ഡോ. ഷർമദ്‌ ഖാൻ

സീനിയർ മെഡിക്കൽ ഓഫീസർ

ആയുർവേദ ദിസ്പെന്സറി

ചേരമാൻ തുരുത്ത്

തിരുവനന്തപുരം .