ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിൽ ദുരന്തമായി വീശിയടിച്ച യൂനിസ് കൊടുങ്കാറ്റ്, ഒരു മലയാളി യുവാവിന്റെയും ജീവൻ അപഹരിച്ചാണ് മടങ്ങിയെതെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. കപ്പൽ ജീവനക്കാരനായ എറണാകുളം സ്വദേശി നിഖിൽ അലക്സ് (32) ആണ് മരണപ്പെട്ടത്. കപ്പല്‍ വലിച്ചു കെട്ടിയ കയര്‍ പൊട്ടി വീണാണ് അപകടം. ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലുകളില്‍ ഒന്നായ എവര്‍ ഗ്രേഡ് കപ്പല്‍ യുകെയില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് നങ്കൂരമിട്ട വേളയിലാണ് അതിദാരുണ സംഭവം ഉണ്ടായത്.

ശക്തമായ കൊടുങ്കാറ്റിനെ തുടർന്ന് ഫെബ്രുവരി 18നാണ് എവര്‍ ഗ്രേഡ് ഫെലിക്‌സിസ്റ്റോവ് പോര്‍ട്ടില്‍ നങ്കൂരമിട്ടത്. അന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്. വടം പൊട്ടിവീണ് തലയ്ക്കു മാരകമായി പരിക്കേറ്റ നിഖില്‍ അലക്‌സിനെ ഉടന്‍ എയര്‍ ലിഫ്റ്റ് ചെയ്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജപ്പാനിലെ സണ്‍ ലൈന്‍ കമ്പനിയുടെ ഉടമസ്ഥതതയില്‍ ഉള്ളതാണ് ഈ ചരക്കു കപ്പല്‍. അപകടമുണ്ടായ സാഹചര്യത്തെക്കുറിച്ച് കപ്പല്‍ കമ്പനി അധികൃതര്‍ അന്വേഷണം നടത്തുന്നുണ്ട്. കപ്പൽ, കടൽ വിശേഷങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ആളായിരുന്നു നിഖിൽ. കടലിലെ മഞ്ഞുപാളിയില്‍ നടക്കുന്നത് ഉള്‍പ്പെടെയുള്ള സാഹസിക ചിത്രങ്ങൾ നിഖിൽ പങ്കുവെച്ചിട്ടുണ്ട്.

നിഖിലിന്റെ മരണത്തിൽ മലയാളംയുകെ ന്യൂസിൻെറ അനുശോചനം രേഖപ്പെടുത്തുന്നു.