ബ്രെക്‌സിറ്റില്‍ അന്തിമ ധാരണ രൂപീകരിക്കുന്ന വിഷയത്തില്‍ ക്യാബിനറ്റിന് അന്ത്യശാസനം നല്‍കി പ്രധാനമന്ത്രി തെരേസ മേയ്. ഈ മാസം അവസാനത്തോടെ യൂറോപ്യന്‍ യൂണിയനുമായി ഏര്‍പ്പെടേണ്ട ബ്രെക്‌സിറ്റ് ധാരണയ്ക്ക് അന്തിമരൂപം നല്‍കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഇതിനായി വെറും 21 ദിവസങ്ങള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. ബ്രെക്‌സിറ്റ് വിഷയത്തില്‍ രണ്ടഭിപ്രായങ്ങളുള്ള ക്യാബിനറ്റില്‍ ഇത് അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ മാസം അവസാനത്തോടെ ഒരു ധാരണയ്ക്ക് രൂപം നല്‍കണമെന്ന് ക്യാബിനറ്റ് ഏകകണ്ഠമായി ആവശ്യപ്പെട്ടുവെന്ന് ബിബിസിയുടെ പൊളിറ്റിക്കല്‍ എഡിറ്റര്‍ ലോറ ക്യൂന്‍സ്ബര്‍ഗ് അവകാശപ്പെട്ടു. നവംബറില്‍ തന്നെ ധാരണയുണ്ടാക്കണമെന്ന് ചൊവ്വാഴ്ച ക്യാബിനറ്റ് തീരുമാനിച്ചിരുന്നുവെന്നാണ് അവര്‍ ബ്രെക്‌സിറ്റ്കാസ്റ്റ് എന്ന പരിപാടിയില്‍ പറഞ്ഞത്.

ഇത് അസാധ്യമായ കാര്യമല്ലെന്നതിന്റെ സൂചനയാണ് ക്യാബിനറ്റിന്റെ തീരുമാനമെന്നും അവര്‍ പറഞ്ഞു. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ പ്രധാന വിലങ്ങുതടിയാകുന്ന ഐറിഷ് ബോര്‍ഡര്‍ വിഷയത്തില്‍ അന്തിമ ധാരണയാകുന്നതിനു വേണ്ടിയാണ് തെരേസ മേയ് പ്രധാനമായും ബുദ്ധിമുട്ടുന്നത്. ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നല്‍കുന്ന നിര്‍ദേശം ഐറിഷ് കടലില്‍ ഒരു അതിര്‍ത്തിക്ക് സമാനമായ അവസ്ഥയുണ്ടാക്കുമെന്നാണ് കരുതുന്നത്. ഈ നിര്‍ദേശം ബ്രിട്ടന്‍ അംഗീകരിച്ചിട്ടില്ല. എന്നാല്‍ യൂണിയന്‍ ഉന്നയിച്ചിരിക്കുന്ന തടസവാദം യുകെ അംഗീകരിക്കാന്‍ പദ്ധതിയിടുന്നുവെന്നാണ് പുതിയ വിവരം. അപ്രകാരം സംഭവിച്ചാല്‍ യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് യൂണിയനില്‍ തുടരുകയും പിന്നീടുണ്ടാകുന്ന വ്യാപാര സംബന്ധമായ ചര്‍ച്ചകളെത്തന്നെ ഇല്ലാതാക്കുകയും ചെയ്‌തേക്കും.

ഇങ്ങനെയൊരു ധാരണയില്‍ എത്തിച്ചേര്‍ന്നാലും അതില്‍ നിന്ന് പിന്മാറാനുള്ള അവകാശം ലഭിക്കുന്നതിനായാണ് ബ്രിട്ടന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു സ്ഥിരം അംഗത്വം എന്നത് ഒഴിവാക്കാനാണ് നീക്കം. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള തടസവാദമാണ് യൂണിയന്‍ ഉന്നയിക്കുന്നതെങ്കില്‍ അത് ഒരു കാരണവശാലും പ്രധാനമന്ത്രി അംഗീകരിക്കരുതെന്ന് കള്‍ച്ചര്‍ സെക്രട്ടറി ജെറമി റൈറ്റ് ആവശ്യപ്പെട്ടു.