മെക്‌സികോയിലെ ജാലിസ്‌കോ സംസ്ഥാനത്ത് ഒരു കിണറ്റില്‍ നിന്നും 44 മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഗ്വാഡലജാറ നഗരത്തിന് സമീപത്തുള്ള കിണറ്റില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 119 കറുത്ത ബാഗുകളിലായാണ് ഇവ കുഴിച്ചിട്ടത്.

കുറച്ചു ദിവസങ്ങളായി പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടായിരുന്നു. മൃതദേഹങ്ങള്‍ പലതും വെട്ടിമാറ്റിയതിനാല്‍ ശരീരഭാഗങ്ങള്‍ പോലും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാനായി കൂടുതല്‍ വിദഗ്ധരെ സ്ഥലത്തേക്ക് അയയ്ക്കണമെന്ന് പ്രാദേശിക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മെക്‌സിക്കോയിലെ ഏറ്റവും അപകടകാരികളായ മയക്കുമരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ജാലിസ്‌കോയിലാണ്. ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും ഇവിടെ പതിവാണ്. കിണറ്റില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിലും മയക്കുമരുന്ന് സംഘങ്ങളാണെന്നാണ് പോലീസിന്റെ നിഗമനം.