ടോറി ഭരണത്തില്‍ എമര്‍ജന്‍സി ജീവനക്കാര്‍ക്ക് ദുരിതം! ജോലിഭാരവും സമ്മര്‍ദ്ദവു മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് 999 ജീവനക്കാര്‍ എടുക്കുന്നത് 47 ശതമാനം അധിക ലീവുകള്‍

ടോറി ഭരണത്തില്‍ എമര്‍ജന്‍സി ജീവനക്കാര്‍ക്ക് ദുരിതം! ജോലിഭാരവും സമ്മര്‍ദ്ദവു മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് 999 ജീവനക്കാര്‍ എടുക്കുന്നത് 47 ശതമാനം അധിക ലീവുകള്‍
April 16 04:41 2018 Print This Article

ടോറി ഭരണത്തിനു കീഴില്‍ എമര്‍ജന്‍സി സര്‍വീസുകളിലെ ജീവനക്കാര്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നതെന്ന് റിപ്പോര്‍ട്ട്. മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് 999 ജീവനക്കാര്‍ 47 ശതമാനം അധികം സിക്ക് ലീവുകള്‍ എടുക്കുന്നുവെന്നാണ് വെളിപ്പെടുത്തല്‍. 2010 മുതല്‍ നിലവിലുള്ള ബജറ്റ് വെട്ടിക്കുറയ്ക്കലുകളുടെ സമ്മര്‍ദ്ദം പോലീസ്, ഫയര്‍ ഫൈറ്റര്‍മാര്‍, പാരാമെഡിക്കുകള്‍ തുടങ്ങിയവരെ സാരമായി ബാധിക്കുകയാണ്. പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍, അമിതാകാംക്ഷ, ഡിപ്രഷന്‍, സ്‌ട്രെസ് തുടങ്ങിയ അസുഖങ്ങളെത്തുടര്‍ന്ന് ജീവനക്കാര്‍ കഴിഞ്ഞ വര്‍ഷം മാത്രം 696,000 ദിവസങ്ങള്‍ അവധിയെടുത്തിട്ടുണ്ട്. 1906 വര്‍ഷങ്ങള്‍ക്ക് തുല്യമായ തൊഴില്‍ ദിനങ്ങളാണ് ഇതിലൂടെ നഷ്ടമായത്.

2010നെ അപേക്ഷിച്ച് 225,000 ദിവസങ്ങള്‍ കൂടുതലാണ് ഇതെന്ന് മിറര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. നികുതിദായകര്‍ക്ക് ഇതിലൂടെ പ്രതിവര്‍ഷം നഷ്ടമാകുന്നത് 90 മില്യന്‍ പൗണ്ടാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതേ കാലയളലില്‍ ജീവനക്കാരുടെ എണ്ണത്തില്‍ 35,000 പേരുടെ കുറവ് വരുത്തിയിട്ടുണ്ട്. ജീവനക്കാര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളുടെ സൂചനയാണ് സിക്ക് ലീവില്‍ വരുന്ന വര്‍ദ്ധനയെന്ന് ജിഎംബി യൂണിയന്‍ പ്രതിനിധി കെവിന്‍ ബ്രാന്‍ഡ്സ്റ്റാറ്റര്‍ പറഞ്ഞു. അധികാരത്തിലെത്തിയ മന്ത്രിമാര്‍ ഇക്കാര്യം കണ്ടില്ലെന്ന് നടിക്കുകയും അതിലൂടെ എമര്‍ജന്‍സി സര്‍വീസുകള്‍ തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു.

ആംബുലന്‍സ് ജീവനക്കാരാണ് സിക്ക് ലീവുകളുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ളത്. ഓരോ ജീവനക്കാരും ശരാശരി 4.5 ദിവസങ്ങള്‍ ഓഫ്ഡ്യൂട്ടിയിലാണ്. 2.9 ദിവസങ്ങളുമായി പോലീസും 2.2 ദിവസങ്ങളുമായി ഫയര്‍ സര്‍വീസും തൊട്ടു പിന്നാലെയുണ്ട്. ജോലിഭാരം ഭീമമായതു കൂടാതെ സാമ്പത്തികഅരക്ഷിതാവസ്ഥ കൂടി പിടിമുറുക്കിയതോടെ 2010നു ശേഷമാണ് ഈയൊരു സാഹചര്യമുണ്ടായതെന്ന് മുതിര്‍ന്ന പാരാമെഡിക്കല്‍ ജീവനക്കാരന്‍ ഡേവ് ഹാരിസ് പറയുന്നു. തന്റെ സഹപ്രവര്‍ത്തകര്‍ കണ്ണീരില്‍ മുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ അശ്രദ്ധ മൂലം എമര്‍ജന്‍സി സര്‍വീസുകള്‍ വലിയ സമ്മര്‍ദ്ദമാണ് നേരിടുന്നതെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാഥന്‍ ആഷ്‌വര്‍ത്ത് പറഞ്ഞു.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles