ലണ്ടന്‍: വര്‍ദ്ധിച്ചു വരുന്ന ആസിഡ് ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ നിലവിലുള്ള നിയമങ്ങളില്‍ മാറ്റം വരുത്തുന്നത് പരിഗണിക്കുമെന്ന് സര്‍ക്കാര്‍. പ്രധാനമന്ത്രി തെരേസ മേയും ഹോം ഓഫീസുമാണ് ഈ സൂചന നല്‍കിയത്. ലണ്ടനില്‍ കഴിഞ്ഞ ദിവസമുണ്ടായ ആസിഡ് ആക്രമണത്തില്‍ 5 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. മോപ്പഡുകളില്‍ എത്തിയ രണ്ടു പേര്‍ വ്യാഴാഴ്ച നടത്തിയ ആക്രമണത്തിലാണ് അഞ്ച് പേര്‍ക്ക് പരിക്കേറ്റത്. ഒന്നര മണിക്കൂറോളം ഭീതി വിതച്ചായിരുന്നു ആക്രമണമെന്ന് മെട്രോപോളിറ്റന്‍ പോലീസ് പറഞ്ഞു.

ആസിഡ് പോലെയുള്ള വസ്തുക്കള്‍ ആക്രമണ ഉദ്ദേശ്യത്തോടെ കൊണ്ടു നടക്കുന്നത് നിലവില്‍ കുറ്റകരം തന്നെയാണ്. ഈ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷകള്‍ നല്‍കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. അതിനേക്കാള്‍ ഉപരിയായി എന്ത് ചെയ്യാനാകും എന്നതാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പോലീസുമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. കഠാര പോലെയുള്ള ആയുധങ്ങളുടെ ഗണത്തിലേക്ക് ആസിഡുകള്‍ മാറ്റുന്നത് പരിഗണനയാലാണെന്ന് ഹോംഓഫീസ് വ്യക്തമാക്കി.

നിയമം മൂലം ഈ വിധത്തില്‍ മാറ്റം വരുത്തുന്നത് 18 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് ഇവ വില്‍ക്കുന്നത് തടയും. സമീപകാലത്ത് ആസിഡ് ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇത്തരം ക്രൂരമായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ ആശങ്കയുണ്ടെന്ന് ലണ്ടന്‍ പോലീസ് ചീഫ് ക്രെസിഡ ഡിക്ക് പറഞ്ഞു. കുറ്റക്കാരെ തങ്ങള്‍ പിടികൂടുകയും പരമാവധി ശിക്ഷ നല്‍കാന്‍ ശ്രമിക്കുകയും ചെയ്യും. നിയമങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമോ എന്നാണ് സര്‍ക്കാരുമായി ചേര്‍ന്ന് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.