ബോളിവുഡിൽ മീ ടൂ ആരോപണ വിവാദങ്ങളിൽ പുതിയ തലത്തിലേക്ക്. സംവിധായകരായ സാജിദ് ഖാൻ, സംവിധായകൻ സുഭാഷ് ഗായ്, നിർമാതാവ് കരിം മൊറാനി എന്നിവർക്കെതിരെയാണ് പുതിയ ആരോപണങ്ങൾ. നടി സലോനി ചോപ്രയാണ് നടനും തിരക്കഥാകൃത്തുമായ സാജിദ് ഖാൻ മോശമായി പെരുമാറിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. 2011മുതൽ സാജിദിന്റെ അസിസ്റ്റന്റായി സിനിമയിൽ പ്രവർത്തിക്കുമ്പോഴാണ് ദുരനുഭവം ഉണ്ടായത്. മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചിരുന്നതായി അവർ പറഞ്ഞു. ഷാരൂഖ് ഖാന്റെ സുഹൃത്തും സിനിമ നിർമാതാവുമായ കരിം മൊറാനി തന്നെ നിരന്തരം പീഡിപ്പിച്ചതായി മറ്റൊരു നടിയും വെളിപ്പെടുത്തി. ഡൽഹി സ്വദേശിയായ നടിയാണ് ഒരു മാധ്യമത്തിന് മുന്നിൽ പീഡനം തുറന്നുപറഞ്ഞത്.

ഷാരൂഖ് ഖാന് ‍നായകനായ രാവൺ, ചെന്നൈ എക്സ്പ്രസ് എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ മെറാനി മദ്യം നൽകി ബോധരഹിതയാക്കിയാണ് തന്നെ കീഴ്പ്പെടുത്തിയതെന്ന് ഇവർ ആരോപിക്കുന്നു. സിനിമയുടെ ബന്ധപ്പെട്ട് ഹോട്ടൽമുറിയിൽ താമസിക്കുകയായിരുന്നു ഞാൻ. മദ്യകുപ്പിയുമായി മൊറാനി എന്റെ മുറിയിലേയ്ക്ക് കയറി വന്നു. മദ്യം ഉപയോഗിക്കുന്നയാളല്ല ഞാൻ. പക്ഷേ മൊറാനി ബലപ്രയോഗത്തിലൂടെ എന്നെ കുടിപ്പിച്ചു. മദ്യലഹരിയിൽ ബോധരഹിതയായ എന്നെ അയാള്‍ ‍മതിവരുവോളം ഉപയോഗിച്ചു. ഉറക്കമുണർന്നപ്പോൾ സഹിക്കാൻ വയ്യാത്ത വേദയോടോപ്പം എന്റെ ശരീരത്തിൽ മുഴുവൻ ക്ഷതങ്ങളായിരുന്നു. 21 വയസ് മാത്രമായിരുന്നു എന്റെ പ്രായം. അച്ഛനോളം പ്രായമുളള ഒരു മനുഷ്യന്റെ ക്രൂരവിനോദത്തിന് ഇരയാകുകയായിരുന്നു ഞാൻ. മാനസികവും ശാരീരികവുമായി ഞാൻ തളർന്നു.

മൊറാനിയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ പൊട്ടിച്ചിരിച്ചു. ആ ചിരി ഇപ്പോഴും എന്റെ കാതിൽ മുഴുങ്ങുന്നുണ്ട്. സംഭവിച്ച കാര്യങ്ങളെ കുറിച്ച് ആരെങ്കിലും അറിഞ്ഞാൽ എന്റെ നഗ്നചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് അയാൾ എന്നെ ഭീഷണിപ്പെടുത്തി. അതിനുശേഷം സിനിമയിൽ നിന്ന് ഞാൻ വിട്ടു നിന്നു. മറ്റുളളരോട് സംസാരിക്കാൻ പോലും എനിക്ക് ഭയമായിരുന്നു. പുറംലോകം കാണാതെ ജീവിക്കുകയായിരുന്നു ഞാൻ.

2015 സെപ്തംബർ 12 ന് അയാൾ എന്നെ വീണ്ടും വിളിപ്പിച്ചു. ഹൈദരാബാദിലെ ഫിലിംസിറ്റിയിൽ ഗത്യന്തരമില്ലാതെ എനിക്ക് ചെല്ലേണ്ടി വന്നു. ചെന്നില്ലെങ്കിൽ എന്റെ കുടുംബാംഗങ്ങളുടെ ഫോണിൽ എന്റെ നഗ്നചിത്രമെത്തുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. നഗ്നചിത്രങ്ങൾ കാണിച്ച് എന്നെ വീണ്ടും ഭീഷണിപ്പെടുത്തി. വീണ്ടും എന്നെ അയാൾ പീഡിപ്പിച്ചു. തൊട്ടടുത്ത മുറികളിൽ ഷാരുഖ് ഖാനും വരുൺ ധവാനും രോഹിത് ഷെട്ടിയുമുണ്ടെന്ന് അയാൾ എന്നോട് പറഞ്ഞു. എന്നെ പുറത്തുവിടാതെ മണിക്കൂറുകൾ തടഞ്ഞുവെച്ച് പീഡിപ്പിച്ചു. നിർവാഹമില്ലാതെയാണ് ഞാൻ ഒടുവിൽ അയാളുടെ ഭാര്യയോടും മകളോടും കാര്യം പറഞ്ഞു.ഹൈദരാബാദ് പൊലീസിൽ പരാതി നൽകിയെങ്കിലും ആരും ഗൗനിച്ചില്ല.

അയാൾ വലിയ നിർമ്മാതാവാണ്. ഉന്നതങ്ങളിൽ പിടിയുളളയാൾ. അതുകൊണ്ടാകാം അന്വേഷണത്തിന്റെ ഭാഗമായിട്ടുള്ള ദേഹപരിശോധനയ്ക്ക് പോലും ആശുപത്രി അധികൃതർ തയ്യാറാകാതിരുന്നത്. എത്രമാത്രം ഭീകരമായിരുന്നു ആ ദിനങ്ങൾ എന്നു പോലും എനിക്കു ഓർത്തെടുക്കാൻ കഴിഞ്ഞില്ല. എന്റെ ഭാഗം വാദിക്കാൻ ഒരു വക്കീൽ പോലും തയ്യാറായില്ല. പബ്ലിക് പ്രോസിക്യൂട്ടർ മാത്രമായിരുന്നു ആശ്രയം. അവരും അയാളുടെ സ്വാധീനവലയത്തിലാണെന്ന് എനിക്കു തോന്നി. എന്നോട് സംസാരിക്കാൻ സമയമില്ലെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ മറുപടി. ജില്ലാ കോടതിയിൽ ; വച്ച് ജഡ്ജി എന്നോട് പുറത്ത് പോകാനായി ആവശ്യപ്പെട്ടു. കോടതിയിൽ മനോവ്യഥയോടെ ഒറ്റയ്ക്കിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട് ഞാൻ. നഗ്നചിത്രവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഫോണിൽ കൃതിമത്വം കാട്ടിയാണ് മൊറാനി രക്ഷപ്പെട്ടത്. കോടതി അയാൾക്ക് മുൻകൂർജാമ്യം നൽകി.

ഷാരൂഖ് ഖാനെ സഹപ്രവർത്തകയെന്ന നിലയ്ക്കപ്പുറം ഏറെ പരിചയമില്ല. അദ്ദേഹത്തെ ഈ വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കണമെന്ന് ആഗ്രഹവുമില്ല. ഷാരൂഖ് ഖാനെ പോലെയുളള ഒരു താരത്തിന് എങ്ങനെയാണ് മൊറാനിയെ പോലെയുളള ഒരാൾക്കൊപ്പം പ്രവർത്തിക്കാൻ സാധിക്കുകയെന്ന് ഞാൻ അദ്ഭുതപ്പെട്ടിട്ടുണ്ട്. 2 ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് മൊറാനിക്കെതിരെ കേസുണ്ട്. അഴിമതി ആരോപണമുളള പീഡനക്കേസിൽ പ്രതിയായിട്ടുളള ഒരാൾക്കൊപ്പം ഷാരൂഖിനെ പോലെയൊരാൾ പ്രവർത്തിക്കുന്നതെന്ന കാര്യം ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു– നടി പറയുന്നു.

നിരവധി പേരാണ് ബോളിവുഡിൽ മീ ടൂവിൽ കുടുങ്ങിയത്. ഇതിനിടെയാണ് തനുശ്രീയു‌ടെ പരാതിയിൽ നാനാ പടേക്കർക്കെതിരെയുള്ള കേസ് ജാമ്യംലഭിക്കാവുന്ന വകുപ്പുകൾപ്രകാരമെന്ന് പൊലീസ് ഉന്നതർ സൂചനനൽകിയത്. ഐപിസി 354, 509 വകുപ്പുകൾ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണെന്നും 2013ൽ ഈ വകുപ്പുകളിൽവരുത്തിയ ഭേദഗതി പടേക്കറിനു അനുകൂലമായേക്കാമെന്നും പറയുന്നു. അതിനാൽ 7 വർഷം വരെ തടവ് ഉൾപ്പെടെ കടുത്ത ശിക്ഷ പടേക്കർ നേരിടേണ്ടിവന്നേക്കില്ല. പടേക്കറിനെ കൂടാതെ, സംവിധായകൻ രാകേഷ് സാരംഗ്, നിർമാതാവ് സമീ സിദ്ദിഖി, കൊറിയോഗ്രാഫർ ഗണേഷ് ആചാര്യ എന്നിവരാണ് മീടുവിൽ കുടുങ്ങിയത്.