സ്വന്തം ലേഖകൻ

ബ്രിട്ടനിലെ ബർമിംഗ്ഹാമിൽ നിന്നും ഒരു പെൺകുട്ടി തന്റെ കഴിവുകൾകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അന്ന ജിമ്മിയാണ് തന്റെ മധുരമാർന്ന ശബ്ദം കൊണ്ട് മലയാളി മനസ്സുകളെ മുഴുവൻ കീഴടക്കിയിരിക്കുന്നത്. പാട്ടിലും നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിച്ച അന്ന, നിരവധി സ്റ്റേജുകളിൽ ജനഹൃദയങ്ങളെ കീഴടക്കി കൊണ്ടിരിക്കുകയാണ്. മൂന്നു നാല് വയസ്സ് മുതൽ തന്നെ സ്റ്റേജുകളിൽ കയറി തുടങ്ങിയ അന്ന, ഇപ്പോൾ “ഈശോയുടെ പുഞ്ചിരി” എന്ന ആൽബത്തിൽ ‘അമ്പിളിമാമ പാട്ടുകാരാ….’ എന്ന ഗാനം ആലപിച്ചിരിക്കുകയാണ്. ഫാദർ ഷാജി തുമ്പേചിറയിൽ ആണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും ചെയ്തിരിക്കുന്നത്.

പാട്ടിനോടും നൃത്തത്തോടും ഒപ്പം, കായിക ഇനങ്ങളിലും അന്ന നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ബിർമിങ്ഹാം സിറ്റി മലയാളി അസോസിയേഷൻ നടത്തിയ മത്സരങ്ങളിലും, പള്ളിയിലെ മത്സരങ്ങളിലും മറ്റും അന്ന പങ്കെടുത്തിട്ടുണ്ട്. ചാരിറ്റി സംഘടനകളുമായി ബന്ധപ്പെട്ടും, അല്ലാതെയും നിരവധി സ്റ്റേജ് പെർഫോമൻസുകൾ അന്ന നടത്തിയിട്ടുണ്ട്. 2014- ൽ യുക്മ ഇന്റർനാഷണനിൽ പാട്ടിന് അന്ന ഒന്നാം സ്ഥാനം നേടി. 2017- ൽ ബ്രിസ്റ്റോളിൽ വച്ച് നടന്ന സീറോ മലബാർ സഭയുടെ നാഷണൽ കലോത്സവത്തിൽ പാട്ടിന് ഒന്നാം സ്ഥാനം നേടുകയും ചെയ്തു. 2019- ൽ സീറോ മലബാർ സഭയുടെ നാഷണൽ കലോത്സവം ലിവർപൂളിൽ വച്ച് നടത്തപ്പെട്ടപ്പോൾ, അവിടെയും അന്ന പാട്ടിന് രണ്ടാം സ്ഥാനം നേടി. സമർപ്പണ എന്ന പേരിൽ നടത്തുന്ന ചാരിറ്റി പരിപാടിയിൽ വർഷങ്ങളായി അന്ന പാടി വരുന്നു. സീറോ മലബാർ സഭയുടെ ബർമിങ്ഹാമിലെ സാറ്റ്ലി മിഷനോട് അനുബന്ധിച്ചുള്ള കുട്ടികളുടെ ക്വയർ ഗ്രൂപ്പിലും അന്ന സജീവ സാന്നിധ്യമാണ്. അന്നക്കുട്ടി ബിർമിംഗ്ഹാമിൽ ദീക്ഷാ മ്യൂസിക്കൽ സ്കൂളിൽ ആരതി ടീച്ചറിന്റെ ശിക്ഷണത്തിൽ ആണ് പാട്ടു പഠിക്കുന്നത് .

അന്ന ജിമ്മിയുടെ കുടുംബം ബർമിംഗ്ഹാമിൽ താമസമാക്കിയിട്ട് 15 വർഷത്തോളമായി. ജിമ്മി മൂലകുന്നത്തിന്റെയും അനു ജിമ്മിയുടെയും രണ്ടാമത്തെ മകളാണ് അന്ന. മൂത്തമകൻ ജിയോ ജിമ്മി കീൽ യൂണിവേഴ്സിറ്റിയിൽ സൈബർ സെക്യൂരിറ്റി വിദ്യാർത്ഥിയാണ്. രണ്ടാമത്തെ മകളായ അന്ന ഇയർ 8 വിദ്യാർത്ഥിയാണ്. കേരളത്തിൽ ചങ്ങനാശ്ശേരിയാണ് അന്നയുടെ സ്വദേശം. അങ്ങനെ തന്റെ കഴിവുകൾ മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി ഉപയോഗിക്കുകയാണ് അന്ന എന്ന കൊച്ചുമിടുക്കി.