ലണ്ടന്‍: കാന്റന്‍ബറി ആര്‍ച്ച് ബിഷപ്പ് സ്വവര്‍ഗാനുരാഗികളോട് മാപ്പ് പറഞ്ഞു. സഭയുടെ നിലപാടുകള്‍ അവരെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നാണ് റവ. ജസ്റ്റിന്‍ വെല്‍ബി പറഞ്ഞത്. മുമ്പും ഇപ്പോഴും പളളി സ്വവര്‍ഗാനുരാഗികളെ മുറിവേല്‍പ്പിച്ചതില്‍ താന്‍ ക്ഷമ പറയുന്നു. മുപ്പത്തൊമ്പത് രാജ്യങ്ങളില്‍ നിന്നുളള പുരോഹിതന്‍മാരുടെ നാല് ദിവസം നീണ്ട് നിന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആംഗ്ലിക്കന്‍ ചര്‍ച്ചിന്റെ അമേരിക്കന്‍ ശാഖയെ സഭയുടെ നയകാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ നിന്ന് വിലക്കിയ ശേഷമാണ് ഈ ഖേദ പ്രകടനം എന്നതും ശ്രദ്ധേയമാണ്. സ്വവര്‍ഗ വിവാഹത്തിന് അമേരിക്കന്‍ സഭ അനുമതി നല്‍കിയതിനുളള ശിക്ഷയാണ് ഈ വിലക്ക്.
അമേരിക്കന്‍ എപ്പിസ്‌കോപല്‍ ചര്‍ച്ചിന് ഉപരോധം ഏര്‍പ്പെടുത്തുന്നില്ലെന്നും വെല്‍ബി അറിയിച്ചു. എന്നാല്‍ ചര്‍ച്ചിന്റെ നടപടികളുടെ ഭവിഷ്യത്തുകളാണ് അനുഭവിക്കുന്നത്. കാന്റന്‍ബറി ആര്‍ച്ച്ബിഷപ്പിന്റെ തീരുമാനത്തെ ആംഗ്ലിക്കന്‍ പുരോഹിതരില്‍ ഭൂരിഭാഗവും പിന്തുണച്ചു. വിവാഹക്കാര്യത്തില്‍ പരമ്പരാഗത തത്വങ്ങള്‍ പിന്തുടരണമെന്ന കാര്യത്തിലും നേതാക്കളെല്ലാം ഉറച്ച് നിന്നു. കാന്റന്‍ബെറി പളളിയ്ക്ക് മുന്നില്‍ തടിച്ച് കൂടിയ ജനാവലി സഭയുടെ തീരുമാനങ്ങളെ വിമര്‍ശിച്ചു. പളളിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സഭയുമായുളള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായി സ്വവര്‍ഗാനുരാഗിയായ ലേബര്‍ എംപിയും മുന്‍ ആംഗ്ലിക്കന്‍ മന്ത്രിയുമായ ക്രിസ് ബ്രയാന്‍ പറഞ്ഞു.

ലൈംഗികതയോട് തെല്ലും സ്‌നേഹമില്ലാതെ പെരുമാറിയ പളളി ഭാവിയില്‍ തങ്ങളുടെ നടപടിയോര്‍ത്ത് ലജ്ജിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ നടപടി അടിമത്തത്തെ പിന്തുണയ്ക്കുന്നത് പോലെയാണെന്ന് പിന്നീട് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എപ്പിസ്‌കോപ്പല്‍ ചര്‍ച്ചിന് വേണ്ടി പ്രമേയം പാസാക്കാത്തതില്‍ പ്രതിഷേധിച്ച് ഉഗാണ്ടന്‍ ആര്‍ച്ച് ബിഷപ്പ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. കാനഡയിലെ ആംഗ്ലിക്കന്‍ ചര്‍ച്ചും കമ്യൂണിയന്‍ പരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കും.