കേരളത്തിലെ അതിവർഷവും വെള്ളപ്പൊക്കവും നിമിത്തം ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി യൂണിമണിയുടെയും യുഎഇ എക്സ്ചേഞ്ചിന്റെയും ചെയർമാൻ ഡോ. ബി.ആർ.ഷെട്ടി. രണ്ട് കോടി രൂപയുടെ സഹായം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അദ്ദേഹം വാർത്താകുറിപ്പിലൂടെ അറിയിച്ചു.

കൂടാതെ കേരളത്തിലെ വിപുലമായ യൂണിമണി ശൃംഖലയിലെ നൂറുകണക്കിന് ജീവനക്കാരും സന്നദ്ധ സഹായ പ്രവർത്തനങ്ങളുമായി ദുരിതബാധിത പ്രദേശങ്ങളിൽ സേവനരംഗത്ത് ഇറങ്ങിയതായി ഡോ. ഷെട്ടി അറിയിച്ചു. ജനങ്ങളെ മാറ്റിപ്പാർപ്പിച്ച അടിയന്തര കേന്ദ്രങ്ങളിൽ ആഹാരസാധനങ്ങളും മരുന്നുകളും രക്ഷാ സാമഗ്രികളും മറ്റും എത്തിക്കുന്നതിൽ ഇവർ വ്യാപൃതരാണ്.

തന്റെ ജീവിതവൃത്തവുമായി ഏറ്റവുമടുത്ത കേരളീയ സമൂഹത്തിന്റെ ഈ അപ്രതീക്ഷിത ദുരന്തത്തിൽ അഗാധമായ ഖേദമുണ്ടെനും ഇരകളാക്കപ്പെട്ട സഹോദരങ്ങൾക്ക് തങ്ങളാലാവുന്ന പരമാവധി സഹായമെത്തിക്കുമെന്നും ഡോ. ബി.ആർ.ഷെട്ടി പറഞ്ഞു. ഇപ്പോഴത്തെ അടിയന്തര നടപടികളിലെന്ന പോലെ, ഭാവിയിൽ ഇത്തരം പ്രതിസന്ധിഘട്ടങ്ങളെ നേരിടാൻ സർക്കാർ സ്വീകരിക്കുന്ന സുരക്ഷിതത്വ പദ്ധതികളിലും ‘യൂണിമണി’ ഉൾപ്പെടെ തങ്ങളുടെ സ്ഥാപനങ്ങൾ ഉചിതമായ പങ്കാളിത്തം ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേരളീയ സമൂഹത്തിന്റെ ഈ ദുരവസ്ഥ പരിഹരിക്കുന്നതിനായി പ്രവാസി മലയാളികളുടെ കൂടി മനസ്സ് ഏറ്റെടുത്തുകൊണ്ടാണ് തങ്ങൾ ദുരന്ത നിവാരണ ശ്രമങ്ങളിൽ പങ്കാളികളാവുന്നതെന്ന് ഗ്രൂപ്പ് സി.ഇ.ഒ.യും ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു.

സംസ്ഥാനത്തുണ്ടായ ഈ പ്രളയദുരന്തം മൂലം ജീവഹാനി വന്നവരുടെ കുടുംബങ്ങളെയും ഭൂമിയും വീടും കൃഷിയും നഷ്ടപ്പെട്ട ജനങ്ങളെയും ആശ്വസിപ്പിക്കാനും പുനരധിവസിപ്പിക്കാനും പൂർണ്ണ ജനപങ്കാളിത്തത്തോടെ സർക്കാർ ജാഗ്രതയോടെ പ്രവർത്തിക്കുമ്പോൾ ഡോ. ബി.ആർ.ഷെട്ടിയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളും നല്‍കുന്ന അവസരോചിതമായ പിന്തുണക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി പറഞ്ഞു.