ബ്രെക്‌സിറ്റ്; യുകെയില്‍ തുടരണമെങ്കില്‍ യൂറോപ്യന്‍ പൗരന്‍മാര്‍ തങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ ഹോം ഓഫീസില്‍ സമര്‍പ്പിക്കേണ്ടി വരും

ബ്രെക്‌സിറ്റ്; യുകെയില്‍ തുടരണമെങ്കില്‍ യൂറോപ്യന്‍ പൗരന്‍മാര്‍ തങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ ഹോം ഓഫീസില്‍ സമര്‍പ്പിക്കേണ്ടി വരും
June 22 05:34 2018 Print This Article

യുകെയില്‍ ബ്രെക്‌സിറ്റിനു ശേഷം തുടരുന്നതിനും അവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടുന്നതിനുമായി യൂറോപ്യന്‍ പൗരന്‍മാര്‍ തങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ ഹോം ഓഫീസില്‍ സമര്‍പ്പിക്കേണ്ടി വരും. ഇന്നലെ അവതരിപ്പിച്ച പദ്ധതിയനുസരിച്ചാണ് ഇത്. സെറ്റില്‍ഡ് സ്റ്റാറ്റസ് ലഭിക്കുന്നതിനായി 3.5 മില്യനോളം യൂറോപ്യന്‍ പൗരന്‍മാര്‍ ഇത്തരത്തില്‍ തങ്ങളുടെ ഐഡന്റിറ്റി തെളിയിക്കേണ്ടി വരും. എന്നാല്‍ നിരവധി പേര്‍ക്ക് ഡിജിറ്റലായി ചെയ്യുന്ന ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും വിലയിരുത്തലുണ്ട്. നടപടിക്രമങ്ങള്‍ക്കായി 65 പൗണ്ട് ഫീസും നല്‍കേണ്ടതായി വരും. കുട്ടികള്‍ക്ക് ഇത് 32 പൗണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

മൂന്ന് തലങ്ങളിലായുള്ള പരിശോധനകളാണ് നടക്കുന്നത്. ആദ്യം ഐഡന്റിറ്റി പരിശോധന നടത്തും. രണ്ടാമതായി ഇവയോഗ്യതയാായിരിക്കും പരിശോധിക്കുക. മൂന്നാമതായി ക്രിമിനല്‍ പശ്ചാത്തലമുള്‍പ്പെടെയുള്ളവ പരിശോധിച്ച് രാജ്യത്ത് തുടരാന്‍ യോഗ്യരാണോ എന്ന കാര്യവും ഹോം ഓഫീസ് പരിശോധിക്കും. നിലവില്‍ എല്ലാ അവകാശങ്ങളോടെയും യുകെയില്‍ താമസിക്കുന്ന യൂറോപ്യന്‍ പൗരന്‍മാരുടെ സ്റ്റാറ്റസ് പുനര്‍നിര്‍ണയിക്കുന്നതിനായി 300 മില്യന്‍ പൗണ്ടാണ് മാറ്റിവെച്ചിരിക്കുന്നത്. എന്നാല്‍ ഇതിലും കൂടുതല്‍ തുക ആവശ്യമായി വന്നേക്കുമെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. ബ്രെക്‌സിറ്റിനു ശേഷം യുകെയിലുള്ള യൂറോപ്യന്‍ പൗരന്‍മാരെ ഏതു വിധത്തിലായിരിക്കും പരിഗണിക്കുക എന്ന വിഷയത്തില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ഉത്തരം പറയവെ ഹോം സെക്രട്ടറി സാജിദ് ജാവിദാണ് പദ്ധതികളുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചത്.

ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ഏറെ സംവാദങ്ങള്‍ക്ക് ഇടനല്‍കുന്ന പ്രശ്‌നമാണ് യൂറോപ്യന്‍ പൗരന്‍മാരുടെ സ്റ്റാറ്റസ്. യുകെയില്‍ തുടരാനുദ്ദേശിക്കുന്ന യൂറോപ്യന്‍ പൗരന്‍മാരുടെ കാര്യത്തില്‍ മുതിര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ ആശങ്കകള്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് 2016ലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ വോട്ടവകാശം പോലും നല്‍കിയിരുന്നില്ല. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇവരുടെ അവസ്ഥ എന്താകുമെന്ന കാര്യത്തിലും സംശയങ്ങള്‍ ഉയരുന്നുണ്ട്.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles