ബിഹാറില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ പാലം തകര്‍ന്ന് മൂന്ന് പേര്‍ ഒലിച്ചുപോയി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈളലാകുകയാണ്.

പട്‌നയില്‍ നിന്നും മുന്നൂറോളം കിലോമീറ്റര്‍ അകലെ അറാരിയയിലാണ് സംഭവമുണ്ടായത്. പാലത്തിന് മുകളിലൂടെ ഓടിവന്നുകൊണ്ടിരിക്കെ രക്ഷപ്പെടുന്നതിന് സെക്കന്റുകള്‍ക്ക് മുന്‍പാണ് പുരുഷനും സ്ത്രീയും പെണ്‍കുട്ടിയുമടങ്ങുന്ന കുടുംബം പാലം തകര്‍ന്ന്, അവശിഷ്ടങ്ങള്‍ക്കൊപ്പം ഒലിച്ചുപോയത്.
പ്രദേശത്ത് ദിവസങ്ങളായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും അറാരിയ ജില്ലയില്‍ മാത്രം 30 പേരാണ് ഇതുവരെ മരിച്ചത്. ദുരന്ത നിവാരണ സേനയും ആര്‍മിയുടെ സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് നടത്തിക്കൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്ത് 17 ജില്ലകളിലായി ഒരുകോടി എട്ട് ലക്ഷം ജനങ്ങള്‍ വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുകയാണ്. പട്‌ന, ഗയ, ഭഗല്‍പുര്‍, പൂര്‍ണിയ ജില്ലകളില്‍ ഞായറാഴ്ചയും ഇടിയോട് കൂടിയ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.