ബിനോയി ജോസഫ്

യുകെയിലെ ബ്രിട്ടീഷ് സ്റ്റീൽ പ്ളാൻറുകൾ തകർച്ചയിലേയ്ക്ക്. ഇതു മൂലം 5000 പേർക്ക് നേരിട്ടും സപ്ളൈ ചെയിനിൽ 20,000 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കും. സ്റ്റീൽ വ്യവസായത്തെ രക്ഷിക്കാനായി ഗവൺമെൻറുമായി യൂണിയനുകളും ബ്രിട്ടീഷ് സ്റ്റീൽ ഉടമകളായ ഗ്രേബുൾ ക്യാപിറ്റലും നടത്തിയ റെസ്ക്യൂ പാക്കേജിനായുള്ള ചർച്ചകൾ പരാജയപ്പെട്ടു. ഇതേത്തുടർന്ന് ഇൻസോൾവൻസി  പ്രോസസ് ആരംഭിച്ചു.  അക്കൗണ്ടിംഗ് കമ്പനിയായ ഇ.വൈ കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്തു. ബ്രിട്ടീഷ് സ്റ്റീലിന് പുതിയ ഉടമസ്ഥരെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് ബ്രിട്ടീഷ് സ്റ്റീലിനെ തകർച്ചയിലേക്ക് നയിച്ചത്.

TATA STEEL MARCH ON 10th NOVEMBER, 2015

2015 നവംബറിൽ, ബ്രിട്ടീഷ് സമൂഹത്തോടൊപ്പം മലയാളി സമൂഹവും ടാറ്റാ സ്റ്റീലിന്റെ  സ്കൻതോർപ്പിലെ പ്ളാൻറിനെ അടച്ചുപൂട്ടലിന്റെ വക്കിൽ നിന്ന് രക്ഷിക്കാൻ സമരമുഖത്ത് ഇറങ്ങിയിരുന്നു. ടാറ്റാ സ്റ്റീൽ, പ്ളാന്റുകൾ തുടർന്ന് ഗ്രേബുൾ ക്യാപിറ്റലിന് വിൽക്കുകയായിരുന്നു. കാർബൺ ടാക്സ് അടക്കമുള്ള യൂറോപ്യൻ യൂണിയന്റെ നിയന്ത്രണങ്ങളാൽ സാമ്പത്തിക നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷ് സ്റ്റീലിന് യൂറോപ്യൻ യൂണിയനുമായുള്ള ഭാവി വ്യാവസായിക വ്യാപാര ബന്ധങ്ങൾ അനിശ്ചിതത്വത്തിലായത് ദോഷകരമായി ഭവിച്ചു. ഇതു മൂലം സ്കൻതോർപ്പ്  പ്ളാന്റിൽ 3000 പേർക്കും ടീസൈഡിൽ 800 പേർക്കും തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.