ആണ്‍ സുഹൃത്തിനെ ആക്രമിച്ച കേസില്‍ വിചാരണ നേരിടാനൊരുങ്ങവേ ടി വി അവതാരകയെ മരിച്ച നിലയില്‍ കണ്ടെത്തി. ഐ ടി വി 2വിന്റെ ലവ് ഐലന്‍ഡ് പരിപാടിയുടെ അവതാരക കരോലിന്‍ ഫ്ലാക്കിനെയാണ് ലണ്ടനിലെ വസതിയില്‍ ശനിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്.

മാര്‍ച്ച് നാലിനാണ് വിചാരണ ആരംഭിക്കേണ്ടിയിരിക്കുന്നത്.സുഹൃത്ത് ലൂയിസ് ബര്‍ട്ടന്‍ വെള്ളിയാഴ്ച കരോലിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിചാരണയ്ക്ക് മുന്‍പ് ആണ്‍ സുഹൃത്തുമായി ഏതെങ്കിലും തരത്തില്‍ ആശയവിനിമയം നടത്തുന്നതില്‍ നിന്നു കരോലിന് കോടതിയുടെ വിലക്കുണ്ട്.

കരോലിന്റെ മരണം കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്ളാക് കുടുംബത്തിന്റെ അഭിഭാഷകന്‍ കരോലിന്‍ ആത്മഹത്യ ചെയ്തതായി മാധ്യമങ്ങളോട് പറഞ്ഞു.

കരോലിന്‍ അവതാരകയായ ലവ് ഐലന്ഡിന്റെ ഹൈലൈറ്റ്സ് സംപ്രേക്ഷണം ചെയ്യില്ലെന്ന് ഐ ടി വി അറിയിച്ചു. കരോലിന്‍ അവതാരകയായ ടി വി സീരീസ് ദ സര്‍ജൂറിയുടെ സംപ്രേക്ഷണം ചാനല്‍ ഫോറും നിര്‍ത്തിവെച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആണ്‍ സുഹൃത്തിനെ ആക്രമിച്ചതിന് പോലീസ് കരോലിനെ അറസ്റ്റ് ചെയ്തത്.