Association

സ്റ്റീവനേജ്: ഹർട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ ‘സർഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-ഈദ് ആഘോഷം മതസൗഹാർദ്ധതയും,സാഹോദര്യവും വിളിച്ചോതുന്നതായി. ആഘോഷത്രയങ്ങളുടെ അന്തസത്ത ചാലിച്ചെടുത്ത ‘വെൽക്കം ടു ഹോളി ഫെസ്റ്റ്സ് ‘ സംഗീത നൃത്ത നടന അവതരണങ്ങൾ കലാ വൈഭവം കൊണ്ടും, പശ്ചാത്തല സംവിധാനം കൊണ്ടും ഏറെ ആകർഷകമായി.

വൈവിദ്ധ്യങ്ങളായ മികവുറ്റ കലാ പരിപാടികൾ, സംഗീത സാന്ദ്രത പകർന്ന ‘ഗാന വിരുന്ന്‘ ആകർഷകങ്ങളായ നിരവധി പരിപാടികൾ എന്നിവ സദസ്സ് വലിയ കരഘോഷങ്ങളോടെയാണ് വരവേറ്റത്. പഞ്ചാബി മറാഠി ഗുജറാത്തി ഗാനങ്ങളുടെ ആലാപനത്തിലൂടെ പ്രശസ്തനായ ഗായകൻ ശ്രീജിത്ത് ശ്രീധരൻ ഗസ്റ്റ് ആർട്ടിസ്റ്റായി സർഗ്ഗം വേദിയെ ആനന്ദ സാഗരത്തിൽ ആറാടിച്ചപ്പോൾ, മലയാള ഭാഷയുടെ മാധുര്യവും നറുമണവും ഒട്ടും ചോരാതെ പാടിത്തകർത്ത കൊച്ചുകുട്ടികൾ മുതൽ ഉള്ള ഗായകർ ഒരുക്കിയ ‘ഗാനാമൃതം’ സദസ്സിനെ സംഗീതസാന്ദ്രതയിൽ ലയിപ്പിച്ചു. ക്ലാസ്സിക്കൽ, സിനിമാറ്റിക്ക്, സെമിക്ലാസ്സിക്കൽ വിഭാഗങ്ങളിലായി അവതരിപ്പിച്ച മാസ്മരികത വിരിയിച്ച ലാസ്യലയ നൃത്തച്ചുവടുകളും, വശ്യസുന്ദരവും ഭാവോജ്ജ്വലവുമായ നൃത്യ-നൃത്ത്യങ്ങൾ വേദിയെ കോരിത്തരിപ്പിച്ചു.

മോർട്ഗേജ്സ് & ഇൻഷുറൻസ് സ്ഥാപനമായ ‘വൈസ് ഫിനാൻഷ്യൽ സർവീസസ്, ഫുട്ട് ഗ്രേഡിയൻസ് ഹോൾസെയിൽ ഡീലർ ‘സെവൻസ് ട്രേഡേഴ്സ്’ സ്റ്റിവനേജ് റെസ്റ്റോറന്റ് & കാറ്ററിങ് സ്ഥാപനമായ സ്റ്റീവനേജ് ‘കറി വില്ലേജ്’, മലബാർ ഫുഡ്ഡ്സ് എന്നീ സ്ഥാപനങ്ങൾ സർഗം ആഘോഷത്തിൽ പ്രായോജകരായി. ഈസ്റ്റർ വിഷു ആഘോഷത്തിലെ സ്പോൺസറും, വിഭവ സമൃദ്ധമായ ഗ്രാൻഡ് ഡിന്നർ ആഘോഷത്തിലേക്ക് എത്തിക്കുകയും ചെയ്ത ‘ബെന്നീസ്‌ കിച്ചൻ’ സദസ്സിനെ കയ്യിലെടുത്തു.

സർഗ്ഗം പ്രസിഡണ്ട് അപ്പച്ചൻ കണ്ണഞ്ചിറ സ്വാഗതം ആശംസിക്കുകയും തുടർന്ന് കമ്മിറ്റി അംഗങ്ങൾ ചേർന്ന് ഭദ്രദീപം കൊളുത്തിക്കൊണ്ട് ആഘോഷത്തിന് ഉദ്ഘാടനകർമ്മവും നിർവ്വഹിച്ചു. സെക്രട്ടറി സജീവ് ദിവാകരൻ നന്ദി പ്രകാശിപ്പിച്ചു. ടെസ്സി ജെയിംസ്, ജിൻറ്റു ജിമ്മി എന്നിവർ അവതാരകാരായി തിളങ്ങി. സർഗ്ഗം കമ്മിറ്റി അംഗങ്ങളായ പ്രവീൺ സി തോട്ടത്തിൽ, ജെയിംസ് മുണ്ടാട്ട്, മനോജ് ജോൺ, ഹരിദാസ് തങ്കപ്പൻ, വിൽസി പ്രിൻസൺ, സഹാന ചിന്തു, അലക്സാണ്ടർ തോമസ്, ചിന്തു ആനന്ദൻ, നന്ദു കൃഷ്ണൻ, സജീവ് ദിവാകരൻ എന്നിവർ നേതൃത്വം നൽകി.

‘വിഷു തീം’ പ്രോഗ്രാമിനായി ടെസ്സി, ആതിര, അനഘ, ശാരിക, ഡോൺ എന്നിവർ വേഷമിട്ടപ്പോൾ, ബോബൻ സെബാസ്റ്റ്യൻ സുരേഷ്-ലേഖ കുടുംബത്തിന് വിഷുക്കണി കാണികാണിക്കുകയും, വിഷുക്കൈനീട്ടം നൽകുകയും ചെയ്തു.

‘ഈസ്റ്റർ തീം’ അവതരണത്തിൽ പ്രാർത്ഥന മരിയ, നോഹ,നിന,നിയ, പ്രിൻസൺ, മനോജ്, വിൽസി, ഡിക്‌സൺ, സഹാന, അലീന, ഗിൽസാ, ബെനീഷ്യ എന്നിവർ വേഷമിട്ടു. കല്ലറയിൽ നിന്നും ഉയിർത്തെഴുന്നെല്കുന്ന ഉദ്ധിതനായ യേശുവിന്റെ ദർശനവും, പശ്ചാത്തല കല്ലറയും, മാലാഖവൃന്തത്തിൻറെ സംഗീതവും, ഭയചകിതരായ കാവൽക്കാരും ഏറെ താദാല്മകവും ആകർഷകവുമായി. ഈദുൽ ഫിത്തറിന്റെ തീം സോങ്ങിൽ ബെല്ല ജോർജ്ജ്, ആൻഡ്രിയ ജെയിംസ് എന്നിവരുടെ അവതരണം അവിസ്മരണീയമായി.

നിയ ലൈജോൺ, അൽക്ക ടാനിയ, ആൻ്റണി പി ടോം, ഇവാ അന്ന ടോം, ലക്സ്മിതാ പ്രശാന്ത്, അഞ്ജു ടോം, ജെസ്ലിൻ വിജോ, ക്രിസ്‌ ബോസ്‌, നിസ്സി ജിബി, നിനാ ലൈജോൺ, ബോബൻ സെബാസ്റ്റ്യൻ എന്നിവരാലപിച്ച ഗാനങ്ങൾ വേദിയെ സംഗീത സാന്ദ്രമാക്കി. നൃത്തലഹരിയിൽ സദസ്സിനെ ആറാടിച്ച എഡ്നാ ഗ്രേസ് അലിയാസ്, ടെസ്സ അനി, ഇവാ ടോം, ആൻ്റണി ടോം, ഡേവിഡ് വിജോ, ജെന്നിഫർ വിജോ, ആന്റോ അനൂബ്, അന്നാ അനൂബ്, അമയ അമിത്, ഹെബിൻ ജിബി, ദ്രുസില്ല അലിയാസ്, ഹൃദ്യാ, മരിറ്റ, അലീൻ എന്നിവർ ഏറെ കയ്യടി നേടികൊണ്ടാണ് വേദി വിട്ടത്.


മഴവിൽ വസന്തം വിരിയിച്ച നൃത്ത വിരുന്നും, സ്വാദിഷ്‌ടമായ ഭക്ഷണ വിഭവങ്ങളും, സംഗീത സാന്ദ്രത പകർന്ന ഗാനമേളയും, വേദിയെ ഒന്നടക്കം നൃത്തലയത്തിൽ ഇളക്കിയ ഡീജെയും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്ളാദിക്കുവാനും അവസരം ഒരുക്കിയ ‘ആഘോഷ രാവ്’ രാത്രി പത്തുമണിവരെ നീണ്ടു നിന്നു. സംഘാടക മികവും, വർണ്ണാഭമായ കലാപരിപാടികളും, ഗ്രാൻഡ് ഡിന്നറും ആഘോഷത്തിൽ ശ്രദ്ധേയമായി.

സൺഡർലാൻഡ്, യുകെ, മലയാളി അസോസിയേഷൻ സണ്ടർലാൻഡ് (MAS) സംഘടിപ്പിച്ച ഈസ്റ്റർ-വിഷു ആഘോഷങ്ങൾ 2024 ഏപ്രിൽ 6-ന് സെൻ്റ് എയ്ഡൻസ് കാത്തലിക് അക്കാദമിയിൽ വച്ച് നടന്നു.

പുതിയതായി ചുമതലയേറ്റ MAS എക്സിക്യൂട്ടീവ് കമ്മിറ്റി സംഘടിപ്പിച്ച ആദ്യ സംഗമം കൂടിയായ ഈ ആഘോഷം പരിപാടി മതപരമായ അതിർവരമ്പുകൾ മറികടന്ന്, പൈതൃകത്തിൻ്റെയും കമ്മ്യൂണിറ്റി സ്പിരിറ്റിൻ്റെയും ഊർജ്ജസ്വലമായ ആഘോഷമായി മാറി. കൂടാതെ സണ്ടർലാൻഡിലെ മലയാളി സമൂഹത്തെ പരസ്പരം ബന്ധിപ്പിക്കുന്ന ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനും ഈ ആഘോഷവേള വേദിയൊരുക്കി
ആഘോഷങ്ങളുടെ ഭാഗമായി 4 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികൾ ക്കായി ചിത്ര രചന മത്സരം സംഘടിപ്പിച്ചു .

ബെംഗളൂരു മക്കാൻ വേൾഡ് ഗ്രൂപ്പ് അസോസിയേറ്റ് ക്രിയേറ്റീവ് ഡയറക്ടർ ശ്രീ. കൃഷ്ണകുമാർ ചെറുപ്പിള്ളിൽ ഓൺലൈനായി വിധികർത്താവായിരുന്ന മത്സരം സ്പോൺസർ ചെയ്തത് ഹിൽസൈഡ് നേച്ചർ സ്റ്റേ ആണ്
സണ്ടർലാൻഡ് മലയാളി സമൂഹത്തി ലെ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്ന ഒത്തുചേരലുകളുടെ ഒരു കലണ്ടർ തയ്യാറാക്കാനൊരുങ്ങുകയാണ് അസോസിയേഷൻ. ഈ ഒത്തുചേരലുകളിൽ സ്പോർട്സ് ടൂർണമെൻ്റുകൾ, വിവിധ ഉത്സവങ്ങൾ ഒത്തു ചേർന്ന് ആഘോഷിക്കൽ , അംഗങ്ങൾക്കിടയിൽ പരസ്പരബന്ധം വളർത്തുന്നതിനു സഹായിക്കുന്ന പ്രവർത്തനങ്ങൾ , സാമൂഹ്യ സേവന പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ വിവിധ പരിപാടികൾ ഉൾക്കൊള്ളിക്കും.

ആശയവിനിമയവും ഇടപഴകലും വർദ്ധിപ്പി ക്കാനുള്ള പ്രവർത്തങ്ങളുടെ ഭാഗമായി , MAS ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് ആരംഭിച്ചിട്ടുണ്ട് . സിഗ്ന കെയർ ഗ്രൂപ്പിൻ്റെ മാനേജിംഗ് ഡയറക്ടർ ശ്രീ. ബൈജു ഫ്രാൻസിസ്
ലോഞ്ച് ചെയ്ത , അപ്ഡേറ്റുകളും ഇവൻ്റ് അറിയിപ്പുകളും പങ്കിടുന്നതിനും ഓൺലൈനിൽ കമ്മ്യൂണിറ്റിയുടെ അവബോധം വളർത്തുന്നതിനും ഒരു പ്ലാറ്റ്ഫോം നൽകുന്നതിന് ലക്ഷ്യമിടുന്നു. അസോസിയേഷൻ പ്രെസിഡന്റായി അരുൺ ജോളി പുത്തെൻപുരക്കൽ ചുമതലയേറ്റെടുത്തു. ആന്റണി ഡാൽവിൻ ഡിസിൽവ സെക്രട്ടറിയും , സഞ്ചു രാജു ജോർജ് ട്രെഷററും ആണ്. യൂത്ത് കോർഡിനേറ്ററായി ജോസ് മാനുവൽ, കൾച്ചറൽ കോർഡിനേറ്ററായി റെയ്മോൾ ജേക്കബ് , സ്പോർട്സ് കോഓർഡിനേറ്ററായി വിഷ്ണു ജനാർദ്ദനൻ എന്നിവരും ചുമതലയേറ്റു. ബിജു വർഗീസും ശാരി നായരുമാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

ലിങ്ക്ൻഷെറിലെ സ്ലീഫോഡിൽ ഉള്ള മലയാളി കൂട്ടയിമയായ സ്ലീഫോർഡ് മലയാളി അസോസിയേഷൻ ഏപ്രിൽ 13 -ന് വൈകിട്ട് 6 മണിമുതൽ 11 മണിവരെ ഔർ ലേഡി ഓഫ് ഗുഡ് കൗൺസിൽ കത്തോലിക്ക പള്ളി പാരിഷ് ഹാളിൽ ആഘോഷിച്ചു, ഏതാണ്ട് ഇരുപതോളം കുടുംബത്തിൽനിന്ന് കുട്ടികൾ ഉൾപ്പെടെ എൺപതോളം പേര് പങ്കെടുത്തു. ലക്ഷിമി ഹരിലാലിന്റെ പ്രാർഥനാ ഗാനത്തോടുകൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, ഗെയിംസ്, റാഫിൾഡ്ര, ഡിജെ തുടങ്ങിയവ പരിപാടിക്ക് മാറ്റ്‌ കൂട്ടി. പുതിയതായി എത്തിച്ചേർന്ന അംഗങ്ങളെ ചടങ്ങിൽ പരിചയപ്പെടുത്തുകയും ചെയ്തു.

അംഗങ്ങളുടെ ജനുവരി മുതൽ ഏപ്രിൽ വരെ ഉള്ള ജന്മദിനങ്ങളും വിവാഹാ വാർഷികാങ്ങളും കേക്ക് മുറിച്ചു ആഘോഷിച്ചു. പ്രസിഡന്റ് ശ്രി നിതിൻ കുമാർ നോബിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രി സോണിസ് ഫിലിപ്പ്‌ സ്വാഗതവും ട്രെസറെർ ശ്രീ മോൻസി എബ്രഹാം നന്ദിയും പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ റിജേഷ് വി., ഷാജിത് സി.പി. ജോൺസൻ സാമുവേൽ, ജോബിൻ ജോസഫ്, ബിനീഷ് പൗലോസ്, ടോമി ജോസഫ്, ലേഡീസ് വിങ് കൺവീനിർ ദിവ്യ രാജൻ, ലേഡീസ് വിങ് അംഗങ്ങളായ ജിജ്‌ജില റിജേഷ്, ഷൈനീ മോൻസി , അജി സോണിസ്, ആശ ഡാനിയേൽ, റ്റീന ബിനീഷ്, ലിസ ടോമി മുതലായവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് ഡിന്നറിനു ശേഷം ഏതാണ്ട് 11 മണിക്ക് എല്ലാവരും സന്തോഷപൂർവം പിരിഞ്ഞു.

ഫാൽകിർക്ക് മലയാളി കൂട്ടായ്മയുടെ ഈസ്റ്റർ വിഷു ആഘോഷം ഈ മാസം മൂന്നാം തീയതി ബുധനാഴ്ച അതിവിപുലമായി ആഘോഷിച്ചു. പ്രസിഡണ്ട് റോബിൻ പറക്കോട് തിരിതെളിച്ച് ആഘോഷങ്ങൾക്ക് തുടക്കമിട്ടു. മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്ന ഒരു വേദിയായി ആഘോഷങ്ങൾ മാറി.തുടർന്ന് നടന്ന കലാപരിപാടികളിൽ കുട്ടികളും മുതിർന്നവരും ചേർന്ന് അവിസ്മരിനീയമാക്കി ഇതിന് പുറകിൽ പ്രവർത്തിച്ച കമ്മിറ്റി മെമ്പേഴ്സിനും എല്ലാ ഫാമിലികൾക്കും മെൽവിൻ ആന്റണി നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ഡിജെ പാർട്ടിയും സ്വാദിഷ്ടമായ ഭക്ഷണത്തിനു ശേഷവും പരിപാടികൾ അവസാനിച്ചു.

പിറന്ന നാടിൻറെ സ്നേഹവും സാഹോദര്യവും കൂട്ടായ്മയും വിളിച്ചോതിക്കൊണ്ട് ഈ വരുന്ന മെയ് മാസം 4&5 തീയതികളിൽ അരീക്കര സംഗമം 2024 യുകെയിലെ ടെൽഫോർഡ് സ്കൂൾ ഹാളിൽ മെയ് 4നു രാവിലെ 10 മണിക്ക് ആരംഭിച്ചു 5 രാവിലെ 11 മണിക്ക് അവസാനിക്കത്തക്ക രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത് .

യുകെയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള നൂറുകണക്കിന് അരീക്കരകാരുടെ സ്നേഹകൂട്ടായ്മ ആണ് വർഷാ വർഷം നടക്കുന്ന സംഗമം . പല തലമുറകളുടെ ഒത്തുചേരലും , പഴയ കാല ഓർമ്മ പുതുക്കലുകളും , സ്നേഹ സംഭാഷണങ്ങളും , അരീക്കരയുടെ സമഗ്ര അവലോകനവും , കലാ കായിക വിനോദങ്ങളും എല്ലാം ആയി മറ്റൊരു അരീക്കരയായി ടെലിഫോർഡ് ചാൾട്ടൻ സ്കൂൾ മാറുന്നു …പ്രസ്തുത സംഗമത്തിലേക്കു യുകെയിൽ ഉള്ള മുഴുവൻ അരീക്കരകാരെയും ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നതായി സംഘടക സമതി അംഗങ്ങളായ ഷിജോ മുളയാനിക്കൽ , മനു തോട്ടാപ്പിള്ളിൽ എന്നിവർ അറിയിച്ചു ..

സംഗമത്തിന്റെ കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുവാൻ താത്പര്യപെടുന്നു ..

ഷിജോ മുളയാനിക്കൽ : 07933618993

സ്റ്റീവനേജ്: ‘സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ’ സംഘടിപ്പിക്കുന്ന, അഖില യു കെ ചീട്ടു കളി മത്സരം മെയ് നാലിന് സ്റ്റീവനേജിൽ വെച്ച് നടത്തപ്പെടുന്നു. ‘റമ്മി’ വിഭാഗത്തിലാണ് ഏകദിന മത്സരം ഒരുക്കുന്നത്. മികച്ച കാഷ് പ്രൈസുകൾ വാഗ്ദാനം ചെയ്യുന്ന ടൂർണ്ണമെന്റ്, സ്റ്റീവനേജിലെ സെന്റ് നിക്കോളാസ് കമ്മ്യൂണിറ്റി സെന്ററിൽ വെച്ചാണ് നടക്കുക. മത്സരങ്ങൾ രാവിലെ ഒമ്പത്‌ മണിക്ക് ആരംഭിക്കുന്നതാണ്.

ഒന്നാം സമ്മാനമായി അഞ്ഞൂറ് പൗണ്ട് കാഷ് പ്രൈസ് നൽകുമ്പോൾ, രണ്ടാം സ്ഥാനക്കാർക്ക് ഇരുന്നൂറു പൗണ്ടും, മൂന്നാം സ്ഥാനക്കാർക്കു നൂറു പൗണ്ടും സമ്മാനങ്ങൾ ലഭിക്കും.

മത്സരത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടൻതന്നെ പേര് രജിസ്റ്റർ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

മനോജ് ജോൺ-07735285036,
ഹരിദാസ് തങ്കപ്പൻ- 07455009248

ബാബു മങ്കുഴിയിൽ

യു കെ യിലെ പ്രമുഖ അസ്സോസിയേഷനുകളിലൊന്നായ ഇപ് സ്വിച്ച് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഈസ്റ്റർ ,വിഷു,ഈദ് ആഘോഷം ഏപ്രിൽ 6 ശനിയാഴ്ച നടന്നു.

ഇപ്സ്വിച്ചിലെ സെന്റ്‌ ആൽബൻസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറ്‌ മണിക്ക് അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് അരുൺ പൗലോസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ഏവർക്കും റെവ . ഫാ . മാത്യൂസ് വലിയപുത്തൻപുരയിൽ മുഖ്യാഥിതിയായി ആഘോഷപരിപാടികൾക്കു തിരി തെളിച്ചു.

മത സൗഹാർദ്ധം ഊട്ടി ഉറപ്പിക്കുന്ന സമൂഹഗാനത്തോടെ കലാപരിപാടികൾക്ക് തുടക്കമായി.

പരിപാടിയുടെ മുഖ്യ ആകർഷണമായ രാധാ കൃഷ്ണ മത്സരം നിറഞ്ഞ കയ്യടിയോടെ നടത്തപ്പെട്ടു. പത്തു വയസ്സിൽ താഴെയുള്ള ചാരുതയാർന്ന നിരവധി രാധാ, കൃഷ്ണൻമാരിൽ നിന്നും ജ്യൂവൽ വർഗീസ് ക്യൂട്ട് രാധയായും എയിഡൻ ജസ്റ്റിൻ ക്യൂട്ട് കൃഷ്ണനായും തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾക്കൊപ്പം

വിഷുക്കണിയും, ഈസ്റ്റർ എഗും നൽകി.

തുടർന്ന് അസ്സോസിയേഷനിലെ അംഗങ്ങളുടെ കലാപരിപാടികൾ ഫ്‌ളൈറ്റോസ് ഡാൻസ് കമ്പനിയുടെ സഹകരണത്തോടെ സംയുക്തമായി നടന്നു.

മികച്ച ഡാൻസറും കൊറിയോഗ്രാഫറുമായ നേസാ ഗണേഷിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച വിവിധങ്ങളായ സിനിമാറ്റിക് ബൊളീവുഡ് ഡാൻസുകൾ ഏവരുടെയും മനം കവർന്നു.

റെക്സം കേരളാ കമ്മ്യൂണിറ്റി (WKC) യുടെ ഈസ്റ്റർ, വിഷു, റംസാൻ ആഘോഷം ഏപ്രിൽ 13 ന് ശനിയാഴ്ച 2 – മണിമുതൽ റെക്സം സെന്റ് മേരീസ് ഹാളിൽ നടത്തപ്പെ ടുന്നു. രണ്ട് മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കുന്നതും തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ മത്സരങ്ങൾ, ഗെയ്മുകൾ നടത്തപ്പെടുന്നു. കലാ മൽസരങ്ങൾക്ക് റിന്റു ,പ്രിൻസ് എന്നിവർ നേതൃത്വം നൽകുന്നതുമാണ് ഈസ്റ്റർ, വിഷു, റംസാൻ സന്ദേശം നൽകുന്നത് സ്പെഷ്യൽ ഗസ്റ്റ് കേരളത്തിൽ നിന്നും എത്തിച്ചേർന്ന ഡോക്ടർ സിസ്റ്റർ ബെറ്റി ആയിരിക്കും.

ഈസ്റ്റർ പ്രതീകമായി യേശുവിന്റെ ഉയർപ്പ്, വിഷുവിന്റ സ്മരണ പുതുക്കുന്ന വിഷു കണി, പങ്കെടുക്കുന്ന എല്ലാവർക്കും വിഷു കൈനീട്ടം കുട്ടികൾക് ഈസ്റ്റർ എഗ്ഗ് ഹണ്ടിങ് മത്സരം വിവിധ ഡാൻസ് പ്രോഗ്രാമുകൾ, പാട്ടുകൾ, സംഗീത ആസ്വാതനത്തിനായി മന്ത്ര മ്യൂസിക് ബാന്റ് എന്നിവ ആഘോഷ പരിപാടികൾക്ക് കൊഴുപ്പേകും.

ഈസ്റ്റർ കേക്ക്, വൈൻ കൂടാതെ സ്വാതിഷ്ട്ടമായ ത്രീ കോഴ്സ് മീൽ ഏവർക്കും ആഘോഷങ്ങൾക്ക് ഗാഭീര്യം പകരും. പങ്കെടുക്കുന്ന ഏവർക്കും ഭാഗ്യ പരീക്ഷണത്തിനായി വിവിധ സമ്മാനങ്ങൾ ഉൾപെടുത്തിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പ് ഉണ്ടായിരിക്കുന്നതാണ്.ഈ ആഘോഷ പരിപാടികളിൽ പങ്കെടുത്ത് ഒരു ദിനം ആനന്ദ കരമാക്കുവാൻ ഏവരെയും റെക്സം കേരളാ കമ്മ്യൂണിറ്റി (W K C ) കമ്മിറ്റി ഹാർദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.

വെസ്റ്റ് യോർക്ക്ഷെയറിലെ ഏറ്റവും വലുതും, പഴയതുമായ വെസ്റ്റ് യോർക്ക്‌ഷെയർ മലയാളി അസോസിയേഷന് (വയ് മക്ക് ) ശക്തമായ നവ നേതൃത്വം. കഴിഞ്ഞ 06/04/24 നു വെയ്ക്ക് ഫീൽഡിൽ വച്ചു നടന്ന ഈസ്റ്റർ വിഷു റംസാൻ ആഘോഷത്തോടും, വാർഷിക പൊതുയോഗത്തോടും നടന്ന യോഗത്തിൽ ജനകീയരായ ജിജോ ചുമ്മാർ പ്രസിഡന്റ്‌ ആയും , സജേഷ് കെ എസ്‌ സെക്രട്ടറി ആയും സ്ഥാനം ഏറ്റെടുത്തു.

പ്രസ്തുത യോഗത്തിൽ ശ്രീമതി ഷീബാ ബിജു വൈസ് പ്രസിഡന്റ്‌ ആയും പ്രിയ അഭിലാഷ് ജോയിന്റ് സെക്രട്ടറിആയും , ട്രെസ്റ്റി ചുമതല ജിമ്മി ദേവസികുട്ടിയും ഏറ്റെടുത്തു. വനിതകൾക്കും, പുതിയ തലമുറയിൽ പെട്ടവർക്കും, പഴയ തലമുറക്കാർക്കും ഒരേ പ്രാധാന്യം നൽകിയാണ് 18ആം വർഷത്തെ വയ്മ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.

 

പ്രോഗ്രാം കോർഡിനേറ്റർ ആയി ശ്രീമതി വിനി മാത്യു, ശ്രീമതി ഷാരോൺ മാത്യു, ശ്രീ ഷിൽട്ട് മുത്തോലിൽ, ശ്രീ ബിനു മാത്യു, ശ്രീ ടെൽജോ പാപ്പച്ചൻ എന്നിവരെയും യൂത്ത് കോർഡിനേറ്റർമാരായി മിസ്സ്‌ മിയ സാജൻ, മിസ്സ്‌ നിക്കാ അനിൽകുമാർ, ശ്രീ ശ്രാവൺ പ്രദീപ്‌ എന്നിവരെയും തെരഞ്ഞെടുത്തു.

ഉണ്ണികൃഷ്ണൻ ബാലൻ

ഇന്ത്യ വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് അടുക്കുകയാണ്. രാജ്യത്തിൻ്റെ ഭാവി ഏതാനം ദിവസങ്ങൾക്കകം കുറിയ്ക്കപ്പെടും. രണ്ട് സാധ്യതകളാണ് മുന്നിലുള്ളത്. ഒന്ന് മതനിരപേക്ഷ ഇന്ത്യ, രണ്ട് ഹിന്ദുരാഷ്ട്രം. ഭരണത്തുടർച്ചയാണ് സംഭവിക്കുന്നതെങ്കിൽ അതീവ അപകടകരമായ അവസ്ഥയിലേക്ക് രാജ്യം നീങ്ങും. ന്യൂനപക്ഷത്തിന് ഇന്ത്യയില്‍ നിലനില്‍പ്പില്ലാതാകും, അവർ ചിലപ്പോള്‍ ആട്ടിയോടിക്കപ്പെടും. കഴിഞ്ഞ പത്ത് വർഷം കൊണ്ടുതന്നെ അവരുടെ അവകാശങ്ങളിലേക്ക് കടന്നുകയറ്റം ക്രമാതീതമായി കൂടിയിട്ടുണ്ട്. ഭക്ഷണത്തിന്‍റെയും വസ്ത്രത്തിന്‍റെയും പേരില്‍ കൂട്ടം ചേർന്ന് ആക്രമിക്കുന്നതും കൊല്ലുന്നതും പതിവ് കാഴ്ചയാണ്. സകല ഇടങ്ങളിലും ഹിന്ദുത്വ അജണ്ട കുത്തിക്കയറ്റാനുള്ള ശ്രമങ്ങള്‍ അനുസ്യൂതം തുടരുകയാണ്. ചരിത്രം വളച്ചൊടിക്കപ്പെടുന്നു. ഭരണഘടന പോലും നോക്കുകുത്തിയാകുന്നു. എന്തിനും ഏതിനും ഭൂരിപക്ഷ ഹിന്ദുവിന്‍റെ ദയാവായ്പിനായി കാത്തിരിക്കേണ്ടിവരുന്നു. ചെറിയൊരു പ്രതിരോധം വരെ അസാധ്യമാകുന്നു. ഗോള്‍വർക്കറും സവർക്കറും വിഭാവനം ചെയ്ത രാഷ്ട്രസങ്കല്‍പ്പത്തിലേക്ക് അധികം അകലമില്ല. ആ ലക്ഷ്യത്തിലേക്ക് ആക്കം കൂട്ടുന്ന കേവലം ഒരു പ്രക്രിയ മാത്രമാണ് സംഘബന്ധുക്കള്‍ക്ക് ഈ തെരഞ്ഞെടുപ്പ്. പക്ഷേ, ജനാധിപത്യവിശ്വാസികള്‍ക്ക് അതങ്ങനെയല്ല. ഇന്ത്യയുടെ വീണ്ടെടുപ്പിനുള്ള അവസരമാണ്. ഭാരതമെന്ന ഹിന്ദുരാഷ്ട്രമോ? ഇന്ത്യയെന്ന മതനിരപേക്ഷ ജനാധിപത്യരാജ്യമോ? തെരഞ്ഞെടുപ്പ് നിർണായകമാണ്. ഓരോ വോട്ടും ചെറുത്തുനില്‍പ്പാകണം, വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട് തന്നെ ഞങ്ങളിവിടെ ജീവിക്കുമെന്ന മുന്നറിയിപ്പാകണം. നീതികേടിനും വർഗീയതയ്ക്കും എതിരെ നിരന്തരം പോരാടുന്ന ഒരു പുരോഗമന ജനകീയ ജനാധിപത്യ ബദൽ ഉയർന്ന് വരേണ്ടത് ഈ കാലത്തിന്‍റെ കൂടി ആവശ്യമാണ്.

ഈ പറഞ്ഞതില്‍ അപ്പുറം നമ്മുക്ക് ചർച്ച ചെയ്യാനുണ്ട്. അതിനുള്ള വേദി ഒരുക്കുകയാണ് സമീക്ഷ യുകെ. വിദേശ മലയാളികളുടെ ആശങ്കകളും പ്രതീക്ഷകളും പങ്കുവെയ്ക്കാൻ വെബിനാർ സംഘടിപ്പിക്കുന്നു. ‘പതിനെട്ടാം ലോകസഭാ തിരഞ്ഞെടുപ്പും ജനാധിപത്യത്തിന്‍റെ ഭാവിയും’ എന്നതാണ് വിഷയം. ഈ മാസം ഏഴിന് ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പരിപാടി (ഇന്ത്യൻ സമയം വൈകിട്ട് 6.30). മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസ് എംപിയും ഇടത് ചിന്തകൻ കെ ജയദേവനും മുഖ്യപ്രഭാഷണം നടത്തും. രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖർ സംസാരിക്കും.സമീക്ഷ നാഷണല്‍ പ്രസിഡന്‍റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി സ്വാഗതവും ട്രഷറര്‍ രാജി ഷാജി നന്ദിയും പറയും. മുഴുവൻ ജനാധിപത്യവിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.

Copyright © . All rights reserved