ഇക്കൊല്ലത്തെ നീറ്റ് പരീക്ഷയുടെ ഫലംവരുമ്പോള്‍ മലപ്പുറം അരീക്കോട് സ്വദേശിയായ മുഹമ്മദലി സഖാഫിക്ക് മകളുടെ പരീക്ഷാഫലമോര്‍ത്ത് മാത്രമാവില്ല ആശങ്ക, സ്വന്തം പരീക്ഷാഫലം ഓർത്തുകൂടി ആയിരിക്കും. കാരണം, മകള്‍ ഫാത്തിമ സനിയ്യക്കൊപ്പം മുഹമ്മദലിയും ഇത്തവണ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് എഴുതിയിട്ടുണ്ട്. അങ്ങനെ, 30 വര്‍ഷം മുമ്പ് മനസ്സിൽകണ്ട സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ 47-കാരന്‍.

30 വര്‍ഷം മുമ്പാണ് മുഹമ്മദലി പത്താം ക്ലാസ് പരീക്ഷ എഴുതിയത്. ശേഷം തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍നിന്ന് പ്രീഡിഗ്രിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡിഗ്രിയും പൂര്‍ത്തിയാക്കി. എന്നാല്‍, നീറ്റ് പരീക്ഷ എഴുതണമെന്നും ഡോക്ടറാകണമെന്നുമുള്ള സ്വപ്‌നം അപ്പോഴും ബാക്കിയായിരുന്നു. ആ സ്വപ്‌നത്തിലേക്കുള്ള യാത്രയുടെ ആദ്യപടിയായി മുഹമ്മദലി കഴിഞ്ഞവര്‍ഷം വീണ്ടും പ്ലസ് ടു സയന്‍സ് പരീക്ഷയെഴുതി പാസ്സായി.

പഠിച്ചിരുന്ന കാലത്ത് പ്രീഡിഗ്രി തേര്‍ഡ് ഗ്രൂപ്പ് ആയതിനാല്‍ നീറ്റ് എഴുതാന്‍വേണ്ടി മാത്രം കഴിഞ്ഞവര്‍ഷം കോട്ടക്കല്‍ വിദ്യാഭവന്‍ സീനിയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് സ്‌കൂളില്‍നിന്ന് പ്ലസ് ടു സയന്‍സ് പരീക്ഷ എഴുതുകയായിരുന്നു മുഹമ്മദലി. തുടര്‍ന്ന് നീറ്റ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മകള്‍ക്കൊപ്പം പിതാവും പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.

പ്ലസ് ടു സയന്‍സ് പഠനത്തിനും നീറ്റ് പരിശീലനത്തിനും മകളായിരുന്നു ഏറ്റവും വലിയ പിന്തുണ നല്‍കിയതെന്ന് മുഹമ്മദലി പറയുന്നു. പരീശീലനത്തിനായി സ്വകാര്യ കോച്ചിങ് കേന്ദ്രങ്ങളെ ആശ്രയിക്കാനുള്ള സാമ്പത്തികസ്ഥിതി ഇല്ലാത്തതിനാല്‍ വീട്ടിലിരുന്ന് പഠിച്ചാണ് പിതാവും മകളും പരീക്ഷയ്ക്ക് തയ്യാറെടുത്തത്. കുന്ദമംഗലത്തെ ഒരു ക്ലിനിക്കില്‍ ജോലിചെയ്യുന്ന മുഹമ്മദലി ജോലിക്കിടെ കിട്ടുന്ന ഒഴിവ് സമയവും പഠിക്കാനായി പ്രയോജനപ്പെടുത്തി.

2008 മുതല്‍ 2022 വരെയുള്ള ചോദ്യങ്ങള്‍, സൗജന്യമായ പരിശീലനം നല്‍കുന്ന ഓണ്‍ലൈന്‍ ആപ്പുകള്‍ തുടങ്ങിയവയും പരീക്ഷാ പരിശീലനത്തിനായി പ്രയോജനപ്പെടുത്തി. വെറും തമാശയായല്ല, മറിച്ച് നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് നേടി എം.ബി.ബി.എസ്. പഠനത്തിന് പ്രവേശനം നേടുക എന്നത് തന്നെയാണ് തന്റെ ആഗ്രഹമെന്ന് മുഹമ്മദലി പറയുന്നു. പിതാവിനൊപ്പം പഠനം തുടരാനാകും എന്ന ആഗ്രഹവും കട്ടയ്ക്ക് സപ്പോര്‍ട്ടുമായി മകള്‍ ഫാത്തിമയും ഒപ്പമുണ്ട്.