India

കേന്ദ്രത്തില്‍നിന്നുള്ള എല്ലാ അനുമതികളും ലഭിച്ചാല്‍ സമയബന്ധിതമായി ശബരിമല വിമാനത്താവളം പൂര്‍ത്തിയാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഉറപ്പുനല്‍കി. മറ്റുള്ള വിഷയങ്ങളെ അപേക്ഷിച്ച്‌ ഇക്കാര്യത്തില്‍ കേന്ദ്രം കുറച്ചുകൂടി അനുകൂലമായ സമീപനം സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.യു. ജനീഷ്‌കുമാറിന്റെ ശ്രദ്ധക്ഷണിക്കലിന്‌ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമല വിമാനത്താവള പദ്ധതിക്ക്‌ കേന്ദ്രസര്‍ക്കാരിന്റെ സൈറ്റ്‌ ക്ലിയറന്‍സ്‌, ഡിഫന്‍സ്‌ ക്ലിയറന്‍സ്‌ എന്നിവ ലഭ്യമായിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു. സുരക്ഷാ ക്ലിയറന്‍സിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്‌. പരിസ്‌ഥിതി ആഘാത പഠന റിപ്പോര്‍ട്ട്‌ തയാറാക്കിയിട്ടുണ്ട്‌. റിപ്പോര്‍ട്ട്‌ കേന്ദ്ര വനം-പരിസ്‌ഥിതി-കാലാവസ്‌ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അനുമതിക്കായി സമര്‍പ്പിക്കുന്നതിന്‌ നടപടി സ്വീകരിച്ചുവരുന്നു.

സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ്‌ ഡെവലപ്‌മെന്റ്‌ തയാറാക്കിയ അന്തിമ സാമൂഹിക ആഘാത വിലയിരുത്തല്‍ പഠന റിപ്പോര്‍ട്ട്‌ പഠിക്കുന്നതിന്‌ നിയോഗിക്കപ്പെട്ട ഏഴംഗ വിദഗ്‌ധ സമിതി ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്‌. സമിതിയുടെ ശുപാര്‍ശ പരിഗണിച്ച്‌ ഏകദേശം 2,570 ഏക്കര്‍ ഭൂമി വിമാനത്താവള നിര്‍മ്മാണത്തിനായി ഏറ്റെടുക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്‌. ശബരിമല വിമാനത്താവളത്തിനു വേണ്ടി സ്‌പെഷ്യല്‍ പര്‍പ്പസ്‌ വെഹിക്കിള്‍ രൂപീകരിക്കുന്നതിനും വിശദമായ പദ്ധതി റിപ്പോര്‍ട്ട്‌ തയാറാക്കുന്നതിന്‌ ഒരു ഏജന്‍സിയെ തെരഞ്ഞെടുക്കുന്നതിനുമുള്ള നടപടികളും സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

തുറവൂരില്‍ മുഖം മറച്ചെത്തിയ മോഷ്ടാക്കള്‍ വീട്ടമ്മയുടെ ഒന്നര പവന്റെ മാല കവര്‍ന്നു. തുറവൂര്‍ ആലുന്തറ വീട്ടില്‍ ലീലയുടെ മാലയാണ് മോഷണം പോയത്. പ്രദേശത്തെ അഞ്ചുവീടുകളില്‍ മോഷണശ്രമവും നടന്നു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് തുറവൂരില്‍ മോഷ്ടാക്കള്‍ ഭീതിപരത്തിയത്. ആലുന്തറ വീട്ടില്‍ ലീലയുടെ വീട്ടില്‍ വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ കടന്നത്. കഴുത്തില്‍ കിടന്ന മലയില്‍ പിടിച്ചുവലിച്ചപ്പോള്‍ ഞെട്ടിയുണര്‍ന്ന ലീല നിലവിളിച്ചു. നിലവിളിയും ബഹളവുംകേട്ട് ഉണര്‍ന്ന സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് മറ്റുചില വീടുകളുടെ അടുക്കളവാതില്‍ പൊളിച്ചതും ചില വീടുകളുടെ വാതില്‍ പൊളിക്കാന്‍ ശ്രമം നടന്നതായും കണ്ടെത്തിയത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യു.കെയിലേക്ക്‌ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ്‌ അറസ്‌റ്റില്‍. കോട്ടയം ഗാന്ധിനഗര്‍ അതിരമ്പുഴ പൈങ്കില്‍ വീട്ടില്‍ നിന്നും ഏറ്റുമാനൂര്‍ പേരൂരില്‍ താമസിക്കുന്ന ബെയ്‌സില്‍ലിജു(24)വാണ്‌ അറസ്‌റ്റിലായത്‌. മാവേലിക്കര പൂവിത്തറയില്‍ വീട്ടില്‍ മുരളീധരന്റെ മകന്‍ മിഥുന്‍മുരളി നല്‍കിയ പരാതിയുടെ അന്വേഷണത്തിലാണ്‌ ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌.

ഇയാള്‍ക്കെതിരെ കുണ്ടറ പോലീസ്‌ സ്‌റ്റേഷനില്‍ ഉള്‍പ്പെടെ വിസ തട്ടിപ്പ്‌ കേസുകളുള്ളതായി പോലീസ്‌ പറഞ്ഞു. നിരവധി പേരില്‍ നിന്നായി 15 ലക്ഷത്തോളം രൂപയാണ്‌ തട്ടിയെടുത്തത്‌. വിസ വാഗ്‌ദാനം ചെയ്‌ത് പണം വാങ്ങി തിരുവനന്തപുരം കിംസ്‌ ആശുപത്രിയില്‍ കൊണ്ട്‌ പോയ ഉദ്യോഗാര്‍ഥികളെ മെഡിക്കല്‍ പരിശോധന നടത്തിച്ച ശേഷം വിസ ഓണ്‍ലൈനായി മൊബൈല്‍ ഫോണില്‍ എത്തുമെന്ന്‌ പറഞ്ഞ്‌ വിമാന ടിക്കറ്റിന്റെ പകര്‍പ്പും നല്‍കും. പിന്നീട്‌ തട്ടിപ്പിന്‌ ഇരയായവര്‍ ഇയാളെ സമീപിക്കുമ്പോള്‍ ഒഴിഞ്ഞു മാറിയും ഫോണ്‍ എടുക്കാതെയും ഒഴിഞ്ഞു മാറി നടക്കുകയുമാണ്‌ ഇയാളുടെ രീതി. ആളുകളില്‍ നിന്ന്‌ വിസ വാഗ്‌ദാനം നല്‍കി വാങ്ങുന്ന പണം ഗോവ, ബംഗളുരു ഉള്‍പ്പെടെയുള്ള സ്‌ഥലങ്ങളില്‍ പോയി ധൂര്‍ത്തടിച്ചു തീര്‍ക്കുകയും വീണ്ടും നവമാധ്യമങ്ങളിലൂടെ പരസ്യം നല്‍കുകയുമാണ്‌ ചെയ്യുന്നത്‌.

ഭോപ്പാൽ: സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്‍റെ കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവാണെന്ന തുമ്പ് പൊലീസിന് ലഭിച്ചത് വാഷിങ് മെഷീനില്‍ നിന്ന്. തെളിവുകള്‍ ഇല്ലാതാക്കാനും പൊലീസ് അന്വേഷണം വഴിതെറ്റിക്കാനും ഭർത്താവ് ശ്രമിച്ചിരുന്നു. പക്ഷേ പൊലീസിന്‍റെ പഴുതടച്ച അന്വേഷണത്തിലൂടെ പിടിവീണു. മധ്യപ്രദേശിലാണ് സംഭവം.

ഡിൻഡോരി ജില്ലയിലെ ഷാഹ്പുരയിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റായ നിഷ നാപിത് ആണ് കൊല്ലപ്പെട്ടത്. നിഷയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് മനീഷാണെന്ന് സഹോദരി നീലിമ നാപിത് ആരോപിച്ചിരുന്നു. പണത്തിനായി ഇയാള്‍ നിഷയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും നീലിമ പറഞ്ഞു. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട നിഷയും മനീഷും 2020ലാണ് വിവാഹിതരായത്. മനീഷ് തൊഴില്‍രഹിതനായിരുന്നു.

ഞായറാഴ്ച വൈകുന്നേരം 4 മണിയോടെയാണ് മനീഷ് നിഷയെ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ എത്തുമ്പോഴേക്കും നിഷയുടെ മരണം സംഭവിച്ചിരുന്നു. ഉടന്‍ പൊലീസ് സ്ഥലത്തെത്തി. ഇതൊരു സ്വാഭാവിക മരണമാണെന്ന് സ്ഥാപിക്കാനാണ് മനീഷ് ശ്രമിച്ചത്. നിഷയ്ക്ക് വൃക്കസംബന്ധമായ അസുഖമുണ്ടെന്ന് മനീഷ് പറഞ്ഞു. എന്നാല്‍ നിഷയ്ക്ക് ഒരു അസുഖമുണ്ടായിരുന്നില്ലെന്ന് സഹോദരി നീലിമ പൊലീസിനോട് വ്യക്തമാക്കി.

 

മനീഷ് പൊലീസിനോട് പറഞ്ഞതിങ്ങനെ- “നിഷയ്ക്ക് വൃക്ക സംബന്ധമായ രോഗമുണ്ടായിരുന്നു. നിഷ ശനിയാഴ്ച ഉപവാസത്തിലായിരുന്നു. അന്ന് രാത്രി അവള്‍ ഛർദ്ദിച്ചു. മരുന്ന് നല്‍കി. ഞായറാഴ്ച രാവിലെ ഞാന്‍ വൈകിയാണ് എഴുന്നേറ്റത്. ഞായറാഴ്ചയായതിനാൽ നിഷയ്ക്കും ജോലിയില്ലായിരുന്നു. 10 മണിക്ക് വേലക്കാരി വന്നതിന് ശേഷം ഞാൻ പുറത്തു പോയി. ഉച്ചയ്ക്ക് 2 മണിക്ക് തിരിച്ചെത്തിയപ്പോഴും നിഷ ഉണർന്നിട്ടില്ല. ഞാൻ അവളെ ഉണർത്താൻ ശ്രമിച്ചു, സിപിആര്‍ നല്‍കി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.”

ഡോക്ടർമാർ പരിശോധിച്ചപ്പോൾ നിഷയുടെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുന്നതായി കണ്ടെത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, സാക്ഷി മൊഴികൾ, കുറ്റകൃത്യം നടന്ന വീട്ടില്‍ നിന്ന് ലഭിച്ച തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് മനീഷിനെ അറസ്റ്റ് ചെയ്തത്. നിഷയുടെ സർവീസ് ബുക്കിലും ഇൻഷുറൻസിലും ബാങ്ക് അക്കൗണ്ടിലും നോമിനിയായി തന്‍റെ പേര് നൽകാത്തത് ഭര്‍ത്താവ് മനീഷ് ശർമ്മയെ അസ്വസ്ഥനാക്കിയെന്ന് പൊലീസ് പറഞ്ഞു.

തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് നിഷയെ മനീഷ് കൊലപ്പെടുത്തിയത്. അതിനു ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. രക്തം പുരണ്ട നിഷയുടെ വസ്ത്രങ്ങൾ കഴുകി. വാഷിംഗ് മെഷീനിൽ നിന്ന് തലയണ കവറും ബെഡ്ഷീറ്റും കണ്ടെടുത്തതോടെയാണ് കേസില്‍ നിർണായക വഴിത്തിരിവുണ്ടായത്. മനീഷിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 304 ബി, 201 എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. 24 മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) മുകേഷ് ശ്രീവാസ്തവ അഭിനന്ദിച്ചു. 20,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.

ഹെല്‍മറ്റുകൊണ്ട് തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി നന്ദു ശിവാനന്ദ് (27) ആണ് മരിച്ചത്. തോട്ടപ്പള്ളിയിലെ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലാണ് നന്ദുവിന് തലയ്ക്ക് ഹെല്‍മറ്റുകൊണ്ട് അടിയേറ്റത്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ തോട്ടപ്പള്ളി മേഖലാ പ്രസിഡന്റ് അടക്കം അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒറ്റപ്പന കുരുട്ടൂര്‍ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിനിടെയാണ് ഞായറാഴ്ച രണ്ടു സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പിന്നീട് ഇവര്‍ പിരിഞ്ഞുപോകുകയും ചെയ്തിരുന്നു. ഇതിനു ശേഷം രാത്രി 9.30 ഓടെ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള മാതേരി കവലയില്‍ ഇരു സംഘങ്ങളും വീണ്ടും എത്തുകയും സംഘര്‍ഷം ഉണ്ടാകുകയുമായിരുന്നു. ഇതിനിടയിലാണ് നന്ദുവിന് ഹെല്‍മറ്റുകൊണ്ട് തലയ്ക്ക് അടിയേറ്റത്.

ഗുരുതരമായി പരിക്കേറ്റ നന്ദു എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഡിവൈഎഫ്‌ഐ തോട്ടപ്പള്ളി മേഖലാ പ്രസിഡന്റ് ജഗത് സൂര്യന്‍ ഉള്‍പ്പെടെയുള്ള സംഘമാണ് നന്ദുവിനെ ഹെല്‍മറ്റുകൊണ്ട് ആക്രമിച്ചതെന്നാണ് വിവരം.

സംഭവത്തില്‍ എഫ്.ഐ.ആര്‍ ഇടാതിരിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുകയും ചെയ്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതുമൂലമാണ് നടപടി വൈകിയതെന്നാണ് ആക്ഷേപം.

പാലക്കാട് ബാറില്‍ വെടിവെയ്പ്പ്. ബാറിന്റെ സര്‍വ്വീസ് മോശമാണെന്ന് ആരോപിച്ച് ഒരു കൂട്ടം യുവാക്കള്‍ ബാറിന്റെ മാനേജര്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയായിരുന്നു യുവാക്കള്‍ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. യുവാക്കള്‍ ബാറിലെ കസേരകള്‍ അടക്കം തകര്‍ത്തിരുന്നു. പിന്നാലെ അവരില്‍ നിന്ന് പണം വാങ്ങിയ ശേഷമാണ് വിട്ടയച്ചത്.പിന്നാലെ യുവാക്കള്‍ സുഹൃത്തുക്കളായ ക്വട്ടേഷന്‍ സംഘവുമായി ബാറിലെത്തി പ്രശ്‌നമുണ്ടാക്കുകയായിരുന്നു. അനുനയിപ്പിക്കുന്നതിനായി എത്തിയ മാനേജര്‍ക്ക് നേരെ വെടിവെപ്പ് ഉണ്ടാവുകയായിരുന്നു.

സംഭവത്തില്‍ 5 യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ആക്രമത്തില്‍ പരിക്കേറ്റ ബാര്‍ മാനേജര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബദിയടുക്ക∙ കാസർകോട് ബദിയടുക്കയിൽ പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ, പൊലീസ് അറസ്റ്റ് ചെയ്ത പ്രതി അൻവറിന് (24) എതിരെ കടുത്ത ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം. ഇയാളുടെ നിരന്തര ശല്യം സഹിക്കാനാകാതെയാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ‍ആരോപിച്ചു. സ്കൂളിൽ പോകുന്ന സമയത്ത് വഴിയിൽ തടഞ്ഞുനിർത്തി പെൺകുട്ടിയെ അൻവർ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്.

പെൺകുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി അൻവറിനെയും സുഹൃത്ത് സാഹിലിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടി വിഷം കഴിച്ച വിവരമറിഞ്ഞ് നാടുവിട്ട അൻവറിനെ ബെംഗളൂരുവിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഒരു സുഹൃത്തിനെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കി.

സമൂഹമാധ്യമത്തിലൂടെയാണ് അൻവറും പെൺകുട്ടിയും തമ്മിൽ പരിചയപ്പെട്ടതാണ് വിവരം. ഇരുവരും തമ്മിലുള്ള ബന്ധം ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ പെൺകുട്ടിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സമ്മർദ്ദത്തെ തുടർന്ന് പെൺകുട്ടി ബന്ധത്തിൽനിന്ന് പിൻമാറി. സമൂഹമാധ്യമങ്ങളിലും അൻവറിനെ ബ്ലോക് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ബന്ധം ഉപേക്ഷിച്ചപ്പോഴാണ് അൻവർ ഭീഷണിപ്പെടുത്താൻ തുടങ്ങിയത്.

ഇതോടെ ഇയാൾ നാട്ടിലെത്തിയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. കഴിഞ്ഞ ദിവസം, പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പെൺകുട്ടി വീട്ടിലെത്തി എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.

‘കുട്ടിയെ ഇയാൾ നിരന്തരമായി ശല്യം ചെയ്തിരുന്നു. ഒടുവിലായപ്പോഴേയ്ക്കും നാട്ടിൽ വന്നും ശല്യം ചെയ്യാൻ തുടങ്ങി. ഇതിൽ അവൾക്കു വലിയ മനഃപ്രയാസമുണ്ടായിരുന്നു. ഇങ്ങനെ ചെയ്യാൻ കാരണവും അതു തന്നെ. ഇയാളേക്കുറിച്ച് ജഡ്ജിക്കു തന്നെ മരണമൊഴിയും കൊടുത്തിരുന്നു. ഇനി ആരും ഇത്തരത്തിൽ പിന്നാലെ നടന്ന് ശല്യം ചെയ്യരുത്. അങ്ങനെയുള്ളവർക്ക് ഇതൊരു പാഠമായിരിക്കണം. പെൺമക്കളെയും പെങ്ങൻമാരെയും സ്കൂളിലേക്ക് അയക്കാൻ പോലും ഭയപ്പെടേണ്ട അവസ്ഥയാണ്.’’ – പെൺകുട്ടിയുടെ ഒരു ബന്ധു പറഞ്ഞു.

ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനെതിരെ പെരുവണ്ണാമുഴി പൊലീസ് കേസെടുത്തു. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടിയ വിദ്യാർഥിനി, ഡോക്ടറോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഡോക്ടർ പൊലീസിനെയും ചൈൽഡ് ഹെൽപ് ലൈനെയും വിവരമറിയിക്കുകയായിരുന്നു.

ഈ മാസം 17നാണ് പോക്സോ വകുപ്പ് പ്രകാരം അധ്യാപകനെതിരെ പെരുവണ്ണാമുഴി പൊലീസ് കേസെടുത്തത്. അധ്യാപകന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തു വന്നിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറയുന്നു. പ്രതി ഒളിവിലാണെന്നാണണ് അവരുടെ വിശദീകരണം.

ബെംഗളൂരു : കർണാടകയിലെ ബെൽത്തങ്ങാടി കുക്കേടി വില്ലേജിൽ പടക്ക നിർമാണ പ്ലാൻ്റിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് മലയാളികളടക്കം മൂന്നു പേർ മരിച്ചു.

സ്വാമി(55) ,വർഗ്ഗീസ് (68) എന്നിവരാണ് മരിച്ച മലയാളികൾ. ഹസൻ സ്വദേശി ചേതനാണ് (25)മരിച്ച മറ്റൊരാൾ. സ്‌ഫോടനത്തെ തുടർന്ന് രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

വേനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. മലപ്പുറം സ്വദേശി ബഷീറിന്റെ ഫാമിലെ സോളിഡ് ഫയർ വർക്ക് എന്ന പടക്കനിർമ്മാണ ശാലയിലായിരുന്നു സ്ഫോടനം ഉണ്ടായത്. സംഭവ സമയത്ത് ഒമ്പതുപേരായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നത്.

മലയാളികളായ പ്രേം, കേശവ്, ഹസൻ സ്വദേശികളായ ദിനേശ്, കിരൺ, അരസൈക്കര സ്വദേശി കുമാർ, ചിക്കമരഹള്ളി സ്വദേശി കല്ലേശ എന്നിവർക്കാണ് പരിക്കേറ്റത്.

നാലുകിലോമീറ്ററോളം ദൂരത്തോളം സ്ഫോടനത്തിന്റെ ആഘാതം ഉണ്ടായതായി ഗ്രാമവാസികൾ പറയുന്നു. ഒരാളുടെ മൃതദേഹം സ്ഫോടന സ്ഥലത്തു നിന്ന് തന്നെയാണ് കണ്ടെടുത്തത്. മറ്റു രണ്ടുപേരുടെ മൃതദേഹം നൂറൂമീറ്ററോളം ദൂരത്ത് ചിതറിക്കിടക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ബെൽത്തങ്കാടി ഫയർഫോഴ്സ് സംഘം എത്തി രക്ഷാപ്രവർത്തനം നടത്തി. എം.എൽ.എ. ഹാരിസ് പൂഞ്ച, ഡിവൈഎസ്പി വിജയ പ്രസാദ് മറ്റു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

വേണൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു . അഗ്നിശമനസേനയും അത്യാഹിത വിഭാഗവും സ്ഥലത്തെത്തിയാണ് തീ അണച്ചത്. സ്‌ഫോടനത്തിൻ്റെ കാരണം ഇതുവരെ അറിവായിട്ടില്ല. ഫാം ഉടമ ബഷീറടക്കം രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഏദൻ ഉൾക്കടലിൽ യുകെ ടാങ്കറുകൾക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം. അമേരിക്കയുടെയും ബ്രിട്ടന്റെയും നിലപാടിന് പിന്നാലെയാണ് യെമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള പ്രസ്ഥാനം മാർലിൻ ലുവാണ്ട എന്ന ടാങ്കറിന് നേരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് പിന്നീട് അറിയിച്ചു. ഇതിന് പിന്നാലെ ചെങ്കടൽ മേഖലയിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിന് മറുപടിയായി യുഎസും യുകെയും ഹൂതികളുടെ ലക്ഷ്യങ്ങളിൽ വ്യോമാക്രമണം നടത്തി.

ആക്രമണത്തിന് പിന്നാലെ കപ്പലിൻെറ സഹായത്തിനായി ഫ്രഞ്ച്, ഇന്ത്യൻ, യുഎസ് നാവിക കപ്പലുകൾ സംഭവ സ്ഥലത്ത് ഉടനെ എത്തി. മാർലിൻ ലുവാണ്ടയുടെ ഓപ്പറേറ്റർ യുകെ രജിസ്‌ട്രേഡ് കമ്പനിയായ ഓഷ്യോണിക്സ് സർവീസസ് ലിമിറ്റഡ് ആണ്. ഒരു ബഹുരാഷ്ട്ര വ്യാപാര കമ്പനിയായ ട്രാഫിഗുരയ്ക്ക് വേണ്ടിയാണ് ടാങ്കർ പ്രവർത്തിക്കുന്നത്. ആക്രമണത്തിന് പിന്നാലെ കപ്പലിൽ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും ടാങ്കറിലെ തീ അണച്ചതായും കമ്പനി അറിയിച്ചു. കപ്പൽ ഇപ്പോൾ സുരക്ഷിത തുറമുഖത്തേക്ക് നീങ്ങുകയാണെന്ന് കമ്പനി വക്താവ് അറിയിച്ചു.

ചെങ്കടലിലും പരിസരത്തുമായി ഹൂതികൾ വാണിജ്യ കപ്പലുകൾക്ക് നേരെ നടത്തിയ ഏറ്റവും ഒടുവിലത്തെ ആക്രമമാണിത്. ഇസ്രായേൽ ഹമാസിനെതിരെ പോരാടുന്ന ഗാസയിലെ പാലസ്തീനികളെ പിന്തുണച്ചു കൊണ്ടാണ് ഈ മേഖലയിലെ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്നത് എന്ന് സംഘം വ്യക്തമാക്കി. തങ്ങളുടെ രാജ്യത്തിന് നേരെയുള്ള അമേരിക്കൻ ബ്രിട്ടീഷ് ആക്രമണത്തിന് മറുപടിയായാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ എന്ന് ഒരു ഹൂതി വക്താവ് മാർലിൻ ലുവാണ്ടയ്ക്ക് നേരെയുള്ള ആക്രമണത്തിന് പിന്നാലെ വ്യക്തമാക്കി.

അതേസമയം വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ഒരിക്കലും കണ്ണടയ്ക്കാവുന്ന ഒന്നല്ലെന്നും ഇതിനെതിരെ ഒരു പ്രതികരണം ഉടൻ ഉണ്ടാകുമെന്നും യുകെ സർക്കാർ പ്രതികരിച്ചു. ഏഡനിൽ നിന്ന് 60 നോട്ടിക്കൽ മൈൽ തെക്ക് കിഴക്കാണ് സംഭവം നടന്നതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) പറഞ്ഞു. പ്രദേശത്തുകൂടെ പോകുന്ന മറ്റ് കപ്പലുകൾ ജാഗ്രത പുലർത്തണം എന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്നും സംഘടന അറിയിച്ചു. നവംബർ മുതൽ, ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതകളിലൊന്നായ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതികൾ ഇതിനോടകം പത്തിലധികം ആക്രമണങ്ങൾ നടത്തി കഴിഞ്ഞു.

രക്ഷാപ്രവർത്തനത്തിന് പിന്നാലെ കപ്പലിൽ 22 ഇന്ത്യക്കാരുള്ളതായി ഇന്ത്യൻ നാവികസേന അറിയിച്ചു. വെള്ളിയാഴ്ച ആക്രമണം നടന്നെന്ന വിവരം ലഭിച്ചതിന് തൊട്ടു പിന്നാലെ തന്നെ ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് വിശാഖപട്ടണം എന്ന കപ്പല്‍ രക്ഷാപ്രവർത്തനത്തിനായി ഗൾഫ് ഓഫ് ഏദനിലെത്തുകയിരുന്നു. അടുത്തിടെ ചെങ്കടലിൽ ഒരു യുഎസ് ചരക്കു കപ്പലിനു നേരെയും ഹൂതികളുടെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഹൂതി വിമതർ മിസൈൽ ആക്രമണം നടത്തിയ എണ്ണക്കപ്പലിൽ 25 ഇന്ത്യക്കാരുണ്ടായിരുന്നു.

Copyright © . All rights reserved