India

വിമാനത്താവളത്തിൽ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പേട്ട സ്വദേശി അനിൽ കുമാർ (48) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഹൈ മാസ്സ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയാണ് അപകടം നടന്നത്.

റൺവേയ്ക്ക് സമീപത്തുള്ള ഹൈ മാസ്സ് ലൈറ്റ് അഴിച്ച് റോപ്പ് ഉപയോഗിച്ച് താഴേക്കിറക്കുന്നതിനിടെ റോപ്പ് പൊട്ടി ഹൈ മാസ്സ് ലൈറ്റ് താഴേക്ക് പതിക്കുകയായിരുന്നു. ലൈറ്റിന്റെ പാനൽ താഴെ നിൽക്കുകയായിരുന്ന അനിൽകുമാറിന്റെ തലയിൽ വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അനിൽകുമാർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കൂടെയുണ്ടായിരുന്ന രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

സംഗീത കൊലക്കേസിൽ വർക്കല പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2022 ഡിസംബർ 28 ന് പുലർച്ചെ 1ഒന്നര മണിയോടെയാണ് കൊലപാതകം അരങ്ങേറിയത്. വർക്കല വടശ്ശേരിക്കോണം തെറ്റിക്കുളം യു പി സ്കൂളിന് സമീപം കുളക്കോടുപൊയ്ക പോലീസ് റോഡിൽ , സംഗീത നിവാസിൽ, 16 കാരിയായ സംഗീതയെ സുഹൃത്ത് ഗോപു കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഐപിസി 302 കൊലക്കുറ്റം ചുമത്തിയാണ് പ്രതി ഗോപുവിനെതിരെ പൊലീസ് എഫ്ഐആർ തയ്യാറാക്കിയത്. ഇക്കഴിഞ്ഞ മാർച്ച് 23 ന് പോലീസ് കുറ്റപത്രം നൽകിയിട്ടുള്ളത്. അന്വേഷണത്തിനും തെളിവ് ശേഖരണത്തിനുമായി മുന്നു ദിവസത്തേക്ക് ഇക്കഴിഞ്ഞ ജനുവരി ഏഴിന് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. എൻപതോളം സാക്ഷികളെ ഉൾപ്പെടുത്തിയാണ് വർക്കല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

തന്നെ പ്രണയിച്ച് വഞ്ചിക്കുകയും ഇനി പ്രണയത്തിൻ്റെ പേരിൽ അവൾ ആരേയും വഞ്ചിക്കരുതെന്നുള്ള വാശിയുമാണ് വർക്കലയിൽ സംഗീതയെ കൊലപ്പെടുത്താൻ കാരണമെന്ന് അറസ്റ്റിലായ സമയത്ത് പ്രതി ഗോപു വ്യക്തമാക്കിയിരുന്നു. താനുമായി മാസങ്ങളോളം സംഗീത പ്രണയത്തിലായിരുന്നുവെന്നും ഗോപു പറഞ്ഞു. എന്നാൽ ഇതിനിടയിൽ സംഗീത വീട്ടുകാരുടെ നിർദ്ദേശപ്രകാരം താനുമായുള്ള പ്രണയത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇതോടെ സംഗീതയോടുള്ള വാശി കൂടിയെന്നും പ്രണയത്തിൻ്റെ പേരിൽ ഇനി അവൾ ആരെയും ചതിക്കരുതെന്നു കരുതിയാണ് കൊലപാതകം നടത്തിയതെന്നും ടാപ്പിംഗ് തൊഴിലാളിയായ ഗോപു പൊലീസിനോടു വ്യക്തമാക്കിയിരുന്നു.

അനുജത്തിക്കൊപ്പം വീട്ടിൽ ഉറങ്ങുകയായിരുന്ന സംഗീതയെ അഖിൽ വ്യജപേരിൽ സൗഹൃദം സ്ഥാപിച്ച ഗോപു ഫോണിൽ വിളിച്ചു പുറത്തേയ്ക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സംഗീത ഇറങ്ങി അടുത്തുള്ള റോഡിനു സമീപം എത്തുകയാണ് ഉണ്ടായത്. തുടർന്ന് ഇവർ തമ്മിൽ സംസാരത്തിനിടയിൽ ഗോപു കത്തി കൊണ്ട് കഴുത്തു അറുക്കുകയായിരുന്നു. സംഗീത കഴുത്തിൽ പിടിച്ചു നിലവിളിച്ചു കൊണ്ട് വീടിൻ്റെ സിറ്റ് ഔട്ടിൽ വീഴുകയും ഡോറിൽ അടിക്കുകയും ചെയ്തു. ബഹളം കേട്ട് ഉണർന്ന് എത്തിയ അച്ഛനും അമ്മയും രക്തത്തിൽ കുളിച്ചു കിടക്കുന്ന സംഗീതയെ ആണ് കണ്ടത്. തുടർന്ന് പരിസര വാസികൾ എത്തിയാണ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചത്. വഴി മധേ സംഗീത മരണപ്പെടുകയായിരുന്നു. കൃത്യത്തിനു ഉപയോഗിച്ച കത്തിയും സംഗീതയുടെ മൊബൈലും വഴിയരികിലുള്ള പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

താനും സംഗീതയും കടുത്ത പ്രണയത്തിലായിരുന്നെന്നും ഗോപു പറഞ്ഞു. പ്രണയത്തിലായിരിക്കെ നിരവധി സ്ഥലങ്ങളിൽവച്ച് തങ്ങൾ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഗോപു വെളിപ്പെടുത്തി. സംഗീതയെ കാണാൻ ഗോപു വീട്ടിലും എത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ അപ്രതീക്ഷിതമായി സംഗീത പ്രണയത്തിൽ നിന്നും പിൻമാറുകയായിരുന്നു. ഏതാനും മാസം മുമ്പ് താനുമായുള്ള അടുപ്പത്തിന് സംഗീതയുടെ വീട്ടുകാർ വിസമ്മതിച്ചതാണ് പിൻമാറ്റത്തിനു കാരണമെന്നും ഗോപു പൊലീസിനോടു പറഞ്ഞിരുന്നു. ഇതിനു പിന്നാലെ സംഗീത തൻ്റെ വീട്ടിലെത്തി പ്രണയത്തിൽ നിന്ന് പിന്മാറണമെന്ന് ഉപദേശിക്കുകയും ചെയ്തതുവെന്നും അന്നു മുതൽ തനിക്ക് സംഗീതയോട് പ്രതികാരം തോന്നുകയായിരുന്നുവെന്നും ഗോപു ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.

ഇതിനിടെ സംഗീത മറ്റാരെയെങ്കിലും പ്രണയിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഗോപുവിനെ സംശയം ഉടലെടുത്തു. അതറിയാൻ അഖിലെന്ന കള്ളപ്പേരിൽ മറ്റൊരു ഫോണിലൂടെ ഗോപു സംഗീതയുമായി ബന്ധപ്പെട്ടു. തന്നെ ഉപേക്ഷിച്ച സംഗീത അഖിലെന്ന പേരിൽ മറ്റൊരു ഫോണിൽ നിന്ന് താൻ നടത്തിയ പ്രണയാഭ്യർത്ഥനയിൽ വീഴുകയായിരുന്നുവെന്നും ഗോപു പറഞ്ഞു. ഇതോടെ വാശിയായി. ഏതുവിധേനയും സംഗീതയെ വകവരുത്തണമെന്ന ചിന്തയായി. ഫേക്ക് ഐഡിയിൽ നിന്നും ഗോപു സംഗീതയുമായി നിരന്തരം സംസാരിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ആഴ്ചകളോളം ചാറ്റ് ചെയ്തും ഫോണിൽ സംസാരിച്ചും സംഗീതയുടെ വിശ്വാസം നേടാൻ `അഖിലി´നായി. അതിനുശേഷമാണ് അരുംകൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയതെന്നും ഗോപു പൊലീസിനോടു സമ്മതിച്ചിരുന്നു.

സംഗീതയെ കൊലപ്പെടുത്താനായി ഗോപു മുന്നൊരുക്കങ്ങൾ നടത്തിയിരുന്നതായും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. കൊലപാതകത്തിനായി സ്വിച്ചുള്ള കത്തിയും ഗോപു തയ്യാറാക്കി വച്ചിരുന്നു. ബട്ടൺ പ്രസ് ചെയ്യുമ്പോൾ വായ്ത്തല പുറത്തേക്ക് ചാടുന്ന തരത്തിലുള്ള കത്തി ഉപയോഗിച്ചാണ് ഗോപു കൊലപാതകം നടത്തിയത്. ചൊവ്വാഴ്ച രാത്രി ആഹാരം കഴിച്ചു കിടന്ന ഗോപു സംഗീതയുമായി അർദ്ധരാത്രിവരെ അഖിലെന്ന പേരിൽ ചാറ്റ് നടത്തിയിരുന്നു. ചാറ്റിംഗിനിടയിൽ ഗോപു പെട്ടെന്നാണ് അവളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. സംഗീതയ്ക്ക് നോ പറയാൻ അവസരം നൽകാതെ ഗോപു സ്ഥലത്തെത്തി. രാത്രി 1.30ന് ആണ് കൊലപാതകം നടന്നത്. സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. ഹെല്‍മെറ്റ് ധരിച്ചാണ് ഗോപു എത്തിയത്. സംശയം തോന്നിയ പെണ്‍കുട്ടി ഹെല്‍മെറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഗോപു ലക്ഷ്യം നിറവേറ്റുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. രണ്ട് തവണ താൻ കഴുത്തു മുറിച്ചാണ് കൊലപ്പെടുത്തിയത് എന്ന് ഒരു കുറ്റബോധവും ഇല്ലാതെ തെളിവെടുപ്പ് വേളയിൽ പ്രതി ഗോപു പോലീസിനോട് വ്യക്തമാക്കിയിരുന്നു. കൃത്യം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഗോപുവിനെ പൊലീസ് പിടികൂടുകയായിരുന്നു.

 

സിനിമയിലും രാഷ്ട്രീയത്തിലും പകരം വയ്ക്കാനില്ലാത്ത ഇടം ഒഴിച്ചിട്ട് യാത്രയായിരിക്കുകയാണ് ഇന്നസെന്റ്. താരലോകവും ആരാധലോകവും ഒന്നടങ്കം അനുശോചിക്കുകയാണ്. നര്‍മ്മം രസകരമായി അവതരിപ്പിക്കുമ്പോഴും അടിയുറച്ച രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന നേതാവായിരുന്നു ഇന്നസെന്റ്. മരണം വരെ അടിയുറച്ച കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു താരം.

കഴിഞ്ഞ വര്‍ഷം താരത്തിനെ കുറിച്ച് വന്ന വ്യാജവാര്‍ത്തയിലാണ് താരം രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. 2022 ഫെബ്രുവരി 20 നാണ് തന്നെ പറ്റിയുള്ള ഒരു വ്യാജ പോസ്റ്റ് അദ്ദേഹം തന്നെ കാണാനിടയാകുന്നത്. സിനിമയില്‍ വന്നപ്പോള്‍ ഒരാവേശത്തിന് ഞാന്‍ ഇടതുപക്ഷക്കാരനായി എന്ന് തുടങ്ങുന്ന പോസ്റ്റായിരുന്നു അത്. പോസ്റ്റ് കണ്ടയുടനെ അദ്ദേഹം തന്നെ അതിന് മറുപടിയുമായി എത്തി.

തന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നെന്നും ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് താന്‍ വളര്‍ന്നതെന്നും മരണം വരെ അതില്‍ മാറ്റമില്ലെന്നുമാണ് അന്ന് അദ്ദേഹം ആ പോസ്റ്റിനോട് പ്രതികരിച്ചത്.

വെള്ളിത്തിരയില്‍ തിളങ്ങുമ്പോഴും 1970കളില്‍ റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു ഇന്നസെന്റ്. 1979-ല്‍ റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയായി ഇരിഞ്ഞാലക്കുട മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ആ തിരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. പിന്നീട് 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫിന്റെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇന്നസെന്റ് വിജയിച്ചു.

അങ്ങിനെ ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയ ഇന്നസെന്റ്, ഒരു രാഷ്ട്രീയക്കാരനാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല എന്നാണ് പറയാറുള്ളത്. എങ്കില്‍പ്പോലും ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സിലറായും ചാലക്കുടിയില്‍ നിന്നുള്ള ലോക്സഭാ അംഗമായും എത്തി ഇന്നസെന്റ് രാഷ്ട്രീയവും വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.

എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇന്നസെന്റിനെ കണ്ടവര്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു വീണ്ടും മല്‍സരിക്കുന്നില്ലേ, എന്ന്. അതിനു മറുപടിയായി അന്ന് അദ്ദേഹം പറഞ്ഞത് അവസാനംവരെ ഇതുപോലെ ജീവിക്കണം എന്നാഗ്രഹിക്കുന്നത് അസുഖമാണ്. എനിക്ക് ആ അസുഖം തുടങ്ങിയിട്ടുണ്ടോ എന്ന് സംശയം തോന്നിയതുകൊണ്ടാണു സ്വയം ചികിത്സിച്ചു മാറാന്‍ തീരുമാനിച്ചത് എന്നായിരുന്നു.

പെട്രോളുമായി പോയ ടാങ്കറിന്‌ തീപിടിച്ച് മലയാളി ഡ്രൈവർ മരിച്ചു. പ്രമുഖ ഇന്ധന വിതരണക്കാരായ അൽ-ബുഅയിനയിൻ കമ്പനിയിലെ ഹെവി ഡ്രൈവർ പാലക്കാട് കല്ലേകുളങ്ങര സ്വദേശി വിനോദ് വിഹാറിൽ അനിൽകുമാർ ദേവൻ നായർ (56) ആണ് മരിച്ചത്.

ഞായറാഴ്​ച ഉച്ചകഴിഞ്ഞ്​ ജുബൈൽ – അബുഹദ്രിയ റോഡിലായിരുന്നു സംഭവം. നിറയെ ഇന്ധനവുമായി കമ്പനിയുടെ പെട്രോൾ പമ്പിലേക്ക് പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. സാരമായി പൊള്ളലേറ്റ അനിൽ കുമാർ സംഭവസ്ഥലത്ത് മരിച്ചു. അപകട കാരണം വ്യക്തമല്ല. ടാങ്കർ പൂർണമായും കത്തി നശിച്ച നിലയിലാണ്.

14 വർഷമായി സൗദിയിൽ പ്രവാസിയാണ്​. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് നടപടികൾ തുടങ്ങിയതായി പ്രവാസി വെൽഫെയർ ജനസേവന വിഭാഗം ജുബൈൽ കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.പ്രതിയായ ഭർത്താവ് ബിജേഷ് തമിഴ് നാട് അതിർത്തിയിൽ നിന്നാണ് ഇയാളെ കുമളി സിഐയുടെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. കഴിഞ്ഞ 6 ദിവസമായി ഇയാൾ ഒളിവിലായിരുന്നു.

പ്രീ പൈമറി അദ്ധ്യാപികയായ അനുമോളെ ഈ മാസം 21 നാണ് വീട്ടിലെ കിടുപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിൽ കട്ടിലിനിടയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകിയ ശേഷമായിരുന്നു പ്രതി ബിജേഷ് മുങ്ങിയത്.

കൊലപാതകത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. ജഡം കിടന്നിരുന്ന മുറിയിലോ വീട്ടിലൊ അനുമോളിന്‍റെ മൊബൈൽ ഫോൺ കണ്ടെത്താനായിരുന്നില്ല. ഇതേ തുടർന്ന് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഫോൺ മറ്റൊരാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തുന്നത്.

കൊലപാതകത്തിന് ശേഷം ഇയാൾ അനുമോളുടെ ഫോൺ വിറ്റ് പൈസയുമായാണ് മുങ്ങിയത്. കാഞ്ചിയാൾ വെങ്ങാലൂർക്കട സ്വദേശിയായ ഒരാൾക്കാണ് ഇയാൾ 5000 രൂപയ്ക്ക് ഫോൺ വിറ്റത്. ഈ ഫോൺ പൊലീസ് കണ്ടെത്തിയിരുന്നു. വിജേഷിന്‍റെ മൊബൈൽ ഉപേക്ഷിച്ച നിലയിൽ കുമളിയിൽ നിന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

കുടുംബ വഴക്കാണ് അനുമോളുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കഴിഞ്ഞ ദിവസം ബിജേഷ് പോലീസിനോട് പറഞ്ഞിരുന്നു.മദ്യപിച്ച് വീട് നോക്കാതെ നടക്കുകയും സ്‌കൂൾ വിദ്യാർത്ഥികളിൽ നിന്നും മറ്റൊരു ആവിശ്യത്തിന് അനുമോൾ പിരിച്ചെടുത്ത പണം ബിജേഷ് വാങ്ങി ചിലവാക്കിയത് അനുമോൾ ചോദ്യം ചെയ്യുകയും വഴക്കുണ്ടാകുകയും ചെയ്തിരുന്നു. നിരന്തരം മദ്യപിച്ചെത്തി ഉപദ്രവിച്ചതോടെ വനിതാ സെല്ലിൽ അനുമോൾ ബിജേഷിനെതിരെ പരാതി നൽകിയിരുന്നു.

മാർച്ച് പതിനൊന്നിനാണ് അനുമോൾ പരാതി നൽകിയത്. മാർച്ച് പന്ത്രണ്ടിന് ഇരുവരെയും പോലീസ് വിളിച്ച് വരുത്തി ചർച്ച നടത്തിയെങ്കിലും അനുമോളെ വേണ്ടെന്ന നിലപാടാണ് ബിജേഷ് സ്വീകരിച്ചത്. തുടർന്ന് കോടതിയെ സമീപിക്കാൻ വനിതാ സെല്ല് നിർദേശം നൽകുകയായിരുന്നു. അന്ന് വൈകിട്ട് അനുമോൾ വീട്ടിലെത്തിയപ്പോൾ വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. അയൽക്കാർ ചേർന്നാണ് അനുമോൾക്ക് വീട് തുറന്ന് കൊടുത്തത്. എന്നാൽ അന്ന് ബിജേഷ് വെങ്ങാലൂർക്കടയിലുള്ള സ്വന്തം വീട്ടിലേക്ക് പോയി. അനുമോൾ മകളോടൊപ്പം രണ്ട് ദിവസം താമസിച്ചതിന് ശേഷം മാട്ടുക്കട്ടയിലുള്ള വല്യമ്മയുടെ വീട്ടിൽ പോയി.

മാർച്ച് പതിനേഴാം തീയതി ബിജേഷ് വീട്ടിലെത്തുകയും വീട് വൃത്തിയാക്കുകയും ചെയ്തു. പതിനെട്ടാം തീയതി സ്‌കൂൾ വാർഷികാഘോഷം നടക്കുന്നതിനാൽ അനുമോളും വല്യമ്മയുടെ വീട്ടിൽ നിന്നും വൈകിട്ടോടെ പേഴുംകണ്ടത്തെ വീട്ടിലെത്തി. അനുമോൾ എത്തുമ്പോൾ ബിജേഷ് വീട്ടിലുണ്ടായിരുന്നു. ഇരുവരും തമ്മിൽ വീണ്ടും വാക്ക് തർക്കമുണ്ടായി.

ബിജേഷുമായി തർക്കം നടക്കുമ്പോഴും സ്‌കൂളിലേക്ക് ആവശ്യമുള്ള കാര്യങ്ങൾ ഹാളിൽ ഇരുന്ന് എഴുതുകയായിരുന്നു അനുമോൾ. ഇതിനിടെ പ്രകോപിതനായ ബിജേഷ് അനുമോളുടെ പിന്നിലൂടെ ചെന്ന് ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിച്ചു. മരണവെപ്രാളത്തിൽ അനുമോൾ മൂത്രവിസർജനം നടത്തി. തുടർന്ന് ഷാൾ പിന്നോട്ട് വലിച്ചപ്പോൾ കസേരയുൾപ്പടെ അനുമോൾ തലയിടിച്ച് തറയിൽ വീണു. അവിടെ നിന്നും വലിച്ചിഴച്ച് കിടപ്പ് മുറിയിൽ എത്തിച്ചു. വീണ്ടും ഷാൾ കഴുത്തിൽ മുറുകിയപ്പോൾ അനുമോൾ അനങ്ങിയെന്നും വെള്ളം കൊടുത്തെന്നും ബിജേഷ് പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.

പിന്നീട് കട്ടിലിൽ കിടത്തിയതിന് ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിച്ചു. എന്നാൽ കുറച്ച് രക്തം മാത്രമേ വന്നുള്ളൂ അതിനുള്ളിൽ രക്തം കട്ടപിടിച്ചിരുന്നു. തുടർന്ന് ബിജേഷും ആത്മഹത്യ ചെയ്യാനുള്ള ശ്രമം നടത്തി. ഷാൾ ജനലിൽ കിട്ടിയതിന് ശേഷം കഴുത്തിൽ മുറുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും ശ്വാസം മുട്ടുന്നതിനാൽ ശ്രമം ഉപേക്ഷിച്ചെന്നും ബിജേഷ് പോലീസിനോട് പറഞ്ഞു.

“വിമാനം” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവച്ച നായികയാണ് ദുർഗ്ഗ. പിന്നീട് ഇടവിട്ടു ധാരാളം ചിത്രങ്ങളുട ഭാഗമായി മലയാളത്തിലെ തിരക്കിട്ട ഒരു താരമായി മാറി. കടുത്ത മോഹൻലാൽ ആരാധികയായണെന്ന് താരം പല ഇന്റർവ്യൂകളിലും പറഞ്ഞിട്ടുണ്ട് . തന്റെ അഭിപ്രായങ്ങൾ മുഖം നോക്കാതെ പറയുന്ന താരം പലപ്പോഴും സാമൂഹിക വിഷയങ്ങളിൽ തന്റെ അഭിപ്രായം രേഖപ്പെടുത്താറുണ്ട് .

നടി അവസാനം ചെയ്ത ഉടൽ കുടുക്ക് എന്നീ ചിത്രങ്ങൾ വളരെയധിക പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.ചിത്രത്തിൽ വളരെ ഗ്ലാമർ ആയ സീനുകളിൽ താരം ഒരുമടിയും കൂടാത്ത അഭിനയിച്ചു പ്രതിഫലിച്ചിരിക്കുന്നതു. അതിന്റെ പേരിൽ വലിയ സൈബർ ആക്രമങ്ങൾ താരം നേരിട്ടിട്ടുണ്ട്. കുടുക്കിൽ ഉള്ള ഒരു ലിപ് ലോക്ക് സീനിന്റെ പേരിൽ ദുർഗ്ഗാ വളരെയധികം സൈബർ ആക്രമങ്ങൾ നേരിട്ടിട്ടുണ്ട്. ചെറുപ്പത്തിൽ താൻ നേരിട്ട ലൈംഗിക ചൂഷണത്തെ കുറിച്ചും ദുര്‍ഗ്ഗ കൃഷ്ണ തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ ഒരഭിമുഖത്തിൽ മലയാളത്തിലെ ഏറ്റവും ഹോട്ടായ താരം ആരെന്നു വെളിപെപ്ടുത്തിയിരിക്കുയാണ് ദുർഗ്ഗ. ദുർഗ്ഗയുടെ അഭിപ്രായത്തിൽ മലയാളത്തിൽ ഏറ്റവും ഹോട്ടായി തനിക്ക് തോന്നിയിട്ടുളളത് പൃഥ്വിരാജ് സുകുമാരൻ ആണെന്ന് പറയുന്നു. രണ്ടാമതായി ടോവിനോ തോമസും മൂന്നാമൻ ദുൽഖർ സൽമാനാണ് താരത്തിന്റെ അഭിപ്രായം. ദുൽഖറിനെ ഹോട്ടും ക്യൂട്ടുമായി ആണ് തനിക്ക് തോന്നിയിട്ടൂള്ളത് എന്ന് ദുർഗ്ഗാ പറയുന്നു. ദുൽഖർ ഭയങ്കര ഹാൻസം ആണെന്നും താരം പറയുന്നു. പ്രിത്വിരാജ്,ദുൽഖർ,ഫഹദ് ഫാസിൽ ടോവിനോ ഇവരിൽ ആരാണ് ഹോട്ട് എന്ന അവതാരകയുടെ ചോദ്യത്തിന് തന്റെ ഓർഡർ പറയുകയായിരുന്നു ദുർഗ്ഗ.

വിവാഹം കഴിഞ്ഞെങ്കിലും ഡേറ്റിനു പോകാൻ ആഗ്രഹമുള്ള നടൻ ബോളിവുഡ് നടൻ രൺവീർ കപൂറാണ് എന്നാണ് ദുർഗ പറയുന്നത്. താരത്തിന്റെ പ്രണയവിവാഹം ആയിരുന്നു. ആദ്യകാലങ്ങളിൽ തനിക്കൊപ്പം ചാൻസ് തേടി അലഞ്ഞതും അഭിനയിച്ചതുമായ നടൻ അർജുൻ രവീന്ദ്രനെ ആണ് താരം പ്രണയിച്ചു വിവാഹം കഴിച്ചത്.

പിഞ്ചുകുഞ്ഞിന്റെ മാതാവ് കൂടിയായ യുവതിയെ പന്തളത്തെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കടയ്ക്കാട് സ്വദേശിനി ഉമൈറ ഉമ്മുകുട്ടിയെന്ന യുവതിയെയാണ് 2023 ഫെബ്രുവരി 14 ന് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.

അന്നുതന്നെ സംഭവത്തിൽ പോലീസിൽ പരാതി നൽകിയെങ്കിലും കേസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കായംകുളം സ്വദേശിയായ യുവാവും ഉമൈറയും തമ്മിലുള്ള വിവാഹം 2021 ജൂലൈ പതിനഞ്ചിനാണ് നടന്നത്. ഒന്നര വർഷത്തിന് ശേഷം ഒരു കുഞ്ഞും ജനിച്ചു.

എന്നാൽ, കുട്ടിയുടെ നൂല് കെട്ടിന് തലേദിവസം രാത്രി ഭർത്താവ് ഉമൈറയെ ഉപദ്രവിക്കുകയായിരുന്നു. കൂടാതെ, തലാഖ് ചൊല്ലിയതായും ബന്ധുക്കൾ പറയുന്നു. പ്രസവം കഴിഞ്ഞ് രണ്ടര മാസത്തിന് ശേഷം ഭർത്താവ് വീട്ടിലേക്ക് കൊണ്ടുപോയെന്നും ഉമൈറയെ പിന്നീട് സ്വന്തം വീട്ടിലേക്ക് വിട്ടിട്ടില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.

അതേസമയം, ഉമൈറ മരിച്ച ദിവസം അസുഖം ആണെന്നാണ് ഭർതൃവീട്ടുകാർ ആദ്യം തങ്ങളെ വിളിച്ച് അറിയിച്ചതെന്നും പിന്നീടാണ് തൂങ്ങി മരിച്ചെന്ന് പറഞ്ഞതെന്നും കുടുംബം വെളിപ്പെടുത്തുന്നു.

തങ്ങൾ ആശുപത്രിയിലെത്തിയപ്പോൾ ഉമൈറ വെന്റിലേറ്ററിൽ ആയിരുന്നെന്നും ആശുപത്രിയിൽ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് ഭർതൃവീട്ടുകാർ പറഞ്ഞതെന്നും ബന്ധുക്കൾ പറഞ്ഞു. വിവാഹം കഴിഞ്ഞ അന്ന് മുതൽ ഭർത്താവും വീട്ടുകാരും ഉമൈറയെ ഉപദ്രവിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. ഉമൈറയുടെ മരണത്തിൽ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

അതുല്യ കലാകാരന്‍ ഇന്നസെന്റ് വിട പറഞ്ഞിരിക്കുകയാണ്. താരത്തിന്റെ ഓര്‍മ്മകളാണ് സോഷ്യല്‍ മീഡിയയില്‍ താരങ്ങളും ആരാധകരും ഒരു പോലെ പങ്കുവയ്ക്കുന്നത്. ആലപ്പി അഷ്‌റഫ് പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ചേതനയറ്റ ഇന്നസെന്റിന്റെ ശീരത്തില്‍ മേക്കപ്പ് ചെയ്യുന്ന ഫോട്ടോയാണ് അഷ്‌റഫ് പങ്കുവച്ചിരിക്കുന്നത്. ‘ഒരിക്കല്‍ കൂടി…. ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല. എന്നാലും, അരങ്ങു തകര്‍ത്ത അഭിനയ മികവ് എന്നും നിലനില്‍ക്കും’ എന്നാണ് ചിത്രത്തിനൊപ്പം സംവിധായകന്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, തങ്ങളുടെ പ്രിയതാരത്തെ അവസാനമായി ഒരുനോക്കു കാണാനായി നിരവധിയാളുകളാണ് എത്തുന്നത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുടയില്‍ എത്തിച്ചു.

ഉച്ചയ്ക്ക് 12 മുതല്‍ 3.30 വരെയാണ് തൃശൂര്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. വൈകിട്ടോടെ വീട്ടിലേക്ക് കൊണ്ടു പോകും. നാളെ രാവിലെ ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് മലയാളികളുടെ ഇഷ്ട നടന്റെ സംസ്‌കാരം.

ഉത്തര്‍പ്രദേശിലെ എറ്റയില്‍ ‘ഗ്രീഷ്മ മോഡല്‍’ കൊലപാതകം. യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ശീതളപാനീയത്തില്‍ വിഷം കലക്കി കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു. നാരായണ്‍ സ്വദേശിനിയായ ചിത്രയാണ് കാമുകനായ അങ്കിതിനെ കൊന്നത്. മറ്റൊരാളെ വിവാഹം കഴിച്ച ചിത്ര അങ്കിതുമായി ബന്ധം തുടര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് വ്യക്തമായ പദ്ധതിയിട്ട ശേഷം കാമുകനെ കൊല്ലുകയായിരുന്നു. അങ്കിതിന്റെ ഫോണ്‍ രേഖകളാണ് കൊലപാതകത്തിന് പിന്നിലെ ദുരൂഹതയഴിച്ചത്. കേസിലെ പ്രതികളായ കാമുകിയും ഭര്‍ത്താവും സഹോദരനും ഒളിവിലാണ്.

ഏറെ നാളായി പ്രണയത്തിലായിരുന്നു ചിത്രയും അങ്കിതും. ഇരുവരും വിവാഹിതരാകാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ചിത്രയുടെ വീട്ടുകാര്‍ക്ക് ഈ വിവാഹത്തോട് താല്‍പര്യമില്ലായിരുന്നു. ഇതോടെ വീട്ടുകാരുടെ ഇഷ്ടപ്രകാരം ചിത്ര ബുലന്ദ്ഷഹര്‍ സ്വദേശിയായ ഹേമന്തിനെ വിവാഹം കഴിച്ചു. എന്നാല്‍ പ്രണയം അവസാനിപ്പിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. ഇവര്‍ പരസ്പരം നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇക്കാര്യം അറിഞ്ഞ ചിത്രയുടെ സഹോദരന്‍ അമിത് അങ്കിതിനോട് കടുത്ത ദേഷ്യത്തിലായിരുന്നു.

ഒരു ദിവസം ചിത്ര എടാട്ട് ബസ് സ്റ്റാന്‍ഡില്‍ വെച്ച് അങ്കിതിനെ ഫോണില്‍ വിളിച്ചെന്നാണ് വിവരം. തുടർന്ന് തന്നെ കാണാനെത്തിയ അങ്കിതിന് യുവതി ശീതളപാനീയത്തില്‍ വിഷം കലക്കി കൊടുത്തു. കുറച്ചു നേരം സംസാരിച്ച ശേഷം ചിത്ര സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. എന്നാല്‍ ശീതളപാനീയം കുടിച്ച ശേഷം ബസില്‍ കയറിയ അങ്കിതിന്റെ ആരോഗ്യനില മോശമായി. മെയിന്‍പുരിയിലേക്കുള്ള യാത്രക്കിടെ ഇയാള്‍ സഹോദരനെ ഫോണില്‍ വിളിച്ച് ചിത്ര ശീതളപാനീയത്തില്‍ എന്തോ കലക്കി നല്‍കിയെന്ന് പറഞ്ഞു. പിന്നാലെ അവശനിലയിലായ ഇയാളെ മെയിന്‍പുരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയ്ക്കിടെ അങ്കിത് മരിച്ചു.

ആശുപത്രിയില്‍ അങ്കിത് അവസാന ശ്വാസമെടുക്കും മുമ്പ് ചിത്ര വിളിച്ചു. ‘ഹലോ ഹലോ’ എന്ന് ഇയാള്‍ പതിഞ്ഞ ശബ്ദത്തില്‍ ഫോണെടുത്ത് സംസാരിച്ചു. ഇതോടെ ‘ഒന്നും സംഭവിച്ചില്ലെങ്കില്‍ തൂങ്ങിമരിക്കണം, ഗുഡ് ബൈ’ എന്ന് ചിത്ര മറുപടി നല്‍കി. ശരിയെന്ന് അങ്കിതും പറഞ്ഞു. പിന്നാലെ നിനക്ക് വേണമെങ്കില്‍ മറ്റെന്തെങ്കിലും ഭക്ഷണം കൂടി തരാമായിരുന്നുവെന്നും അങ്കിത് പരിഹസിച്ചു. ഇതോടെ ഇങ്ങനെ തന്നെ മരിച്ചേക്കണമെന്ന് പറഞ്ഞ് യുവതി ഫോണ്‍ കട്ട് ചെയ്തു. ഈ കോള്‍ റെക്കോഡ് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ നിന്ന് അങ്കിത് മരിച്ചോ ഇല്ലയോ എന്നറിയാനാണ് ചിത്ര വിളിച്ചതെന്ന് വ്യക്തമാകുന്നുണ്ട്.

ഇത് കൂടാതെ മറ്റൊരു കോള്‍ റെക്കോര്‍ഡിംഗില്‍ കാമുകി അങ്കിതിനോട് തന്നെ കാണാന്‍ വരാന്‍ നിര്‍ബന്ധിക്കുന്നതുമുണ്ട്. മാര്‍ച്ച് 16ന് വരുന്നതിനെക്കുറിച്ച് അങ്കിത് കാമുകിയോട് പറയുന്നു. ഇത്തരത്തിൽ കൊലപാതകത്തിനുള്ള സമ്പൂര്‍ണ പദ്ധതി ചിത്ര നേരത്തെ തന്നെ തയ്യാറാക്കിയിരുന്നുവെന്ന് തെളിയിക്കുന്ന നിരവധി സംഭാഷണങ്ങളാണ് കണ്ടെടുത്തിരിക്കുന്നത്. അങ്കിതിന്റെ ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിച്ചുവരികയാണ്

അങ്കിതിന്റെ ബന്ധുക്കളുടെ പരാതിയില്‍ ചിത്ര, ഭര്‍ത്താവ് ഹേമന്ത്, കാമുകിയുടെ സഹോദരന്‍ അമിത് എന്നിവര്‍ക്ക് എതിരെ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കിയെന്നും കുടുംബാംഗങ്ങള്‍ നല്‍കിയ തെളിവുകള്‍ കൂടി പരിഗണിച്ച് പ്രതികള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

പ്രശസ്ത മലയാള സിനിമാനടന്‍ ഇന്നസെന്റിന്റെ വിയോഗം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. ഇന്നസെന്റിന്റെ മരണ കാരണം കാന്‍സറല്ലെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹത്തെ ചികിത്സിച്ച ഡോ. വി പി ഗംഗാധരന്‍.

അദ്ദേഹത്തിന് കാന്‍സര്‍ രോഗം മടങ്ങി വന്നതല്ല. കൊവിഡും അനുബന്ധ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണ് ഇന്നസെന്റിന്റെ മരണകാരണമെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഞായറാഴ്ച രാത്രി പത്തരയോടെയാണ് കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ നടനും മുന്‍ എം പിയുമായ ഇന്നസെന്റിന്റെ അന്ത്യം.

എഴുപത്തിയഞ്ച് വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീ്ഡ്രല്‍ ദേവാലയത്തില്‍ നടക്കും. മന്ത്രി പി.രാജീവാണ് ഇന്നസെന്റിന്റെ മരണവാര്ത്ത സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ചേര്‍ന്ന വിദഗ്ദ്ധ മെഡിക്കല്‍ ബോര്‍ഡ് യോഗം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഇക്കാര്യം അറിയിച്ചത്.

 

RECENT POSTS
Copyright © . All rights reserved