Obituary

സിനിമ പ്രൊഡക്ഷൻ ഡിസൈനറും കലാ സംവിധായകനുമായ സുനിൽ ബാബു അന്തരിച്ചു. 50 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി എറണാകുളം അമൃത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

50) അന്തരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയാണ്. മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളിലെ തിരക്കുള്ള കലാ സംവിധായകനായിരുന്നു. കാലിലുണ്ടായ ചെറിയ നീരിനെ തുടർന്നാണ് മൂന്നു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മൈസൂരു ആർട്‌സ് കോളേജിലെ പഠനത്തിനു ശേഷം കലാ സംവിധായകൻ സാബു സിറിലിന്റെ സഹായിയായാണ് സുനിൽ ബാബു സിനിമ ലോകത്തേക്ക് എത്തിയത്. മലയാളത്തിൽ അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂർ ഡെയ്‌സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ സുനിൽ ബാബുവിന് സാധിച്ചു.

അനന്തഭദ്രത്തിലെ കലാ സംവിധാനത്തിന് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. ബോളിവുഡിൽ എം.എസ്. ധോണി, ഗജിനി, ലക്ഷ്യ, സ്‌പെഷൽ ചൗബീസ് തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു.

ഒരു ഇംഗ്ലീഷ് ചിത്രത്തിന് വേണ്ടിയും കലാ സംവിധാനം നിർവഹിച്ചു. വിജയ് നായകനായ തമിഴ് ചിത്രം വാരിസിലാണ് അവസാനം പ്രവർത്തിച്ചത്. ഈ ചിത്രം പുറത്ത് ഇറങ്ങാൻ ഇരിക്കെയാണ് മരണം. മല്ലപ്പള്ളി കുന്നന്താനം രാമമംഗലം തങ്കപ്പൻ നായരുടെയും സരസ്വതിയമ്മയുടെയും മകനാണ്. ഭാര്യ: പ്രേമ. മകൾ: ആര്യ സരസ്വതി.

മലയാള ചലച്ചിത്ര ഗാനരചയിതാവ് ബീയാര്‍ പ്രസാദ് (61) അന്തരിച്ചു. മസ്തിഷ്‌കാഘാതം സംഭവിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. കുറച്ചുനാളായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു കഴിഞ്ഞിരുന്നത്.

രണ്ടുവര്‍ഷം മുമ്പ് വൃക്ക മാറ്റിവെച്ചതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ഇതിനിടെ ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോള്‍ ദേഹാസ്വസ്ഥ്യമുണ്ടായ തോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചു. ഒരു നോവലെഴുത്തിന്റെ അവസാനഘട്ടത്തിലായിരുന്നു ബീയാര്‍ പ്രസാദ്.

2003-ല്‍ കിളിച്ചുണ്ടന്‍ മാമ്പഴമെന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഗാനങ്ങള്‍ രചിച്ചാണ് സിനിമാ ലോകത്ത് ഗാനരചയിതാവെന്ന നിലയില്‍ ശ്രദ്ധേയനായത്. ‘ഒന്നാംകിളി പൊന്നാണ്‍കിളി…’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം…’, ‘മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി…’ തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടക സംവിധായകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. ഭാര്യ സനിതാ പ്രസാദ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാ ബെന്‍ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജി ആന്റ് റിസര്‍ച്ച് സെന്ററില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. അനാരോഗ്യത്തെത്തുടര്‍ന്നു ബുധനാഴ്ചയാണ് ഹീരാബെന്‍ മോദിയെ ഇവിടെ പ്രവേശിപ്പിച്ചത്. നൂറ്റാണ്ട് നീണ്ട ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളില്‍ കുടികൊള്ളുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു.

ബംഗാളിലെ പരിപാടികള്‍ റദ്ദാക്കി പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു. കാര്‍ഡിയോളജി ആന്റ് റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ച മാതാവിനെ കാണാന്‍ പ്രധാനമന്ത്രി ആശുപത്രിയിലെത്തിയിരുന്നു. 1923 ജൂണ്‍ 18 നാണ് ഹീരാബെന്‍ മോദി ജനിച്ചത്. ഗുജറാത്തിലെ മെഹ്‌സാനയിലെ വഡ്‌നഗറാണ് സ്വദേശം. നരേന്ദ്രമോദി, പങ്കജ് മോദി, സോമ മോദി, അമൃത് മോദി, പ്രഹ്ലാദ് മോദി, വാസന്തിബെന്‍ ഹസ്മുഖ്‌ലാല്‍ മോദി എന്നിവരാണ് മക്കള്‍. പ്രധാനമന്ത്രിയുടെ ഇളയ സഹോദരന്‍ പങ്കജ് മോദിയ്‌ക്കൊപ്പം ഗാന്ധിനഗറിനടുത്തുള്ള റെയ്‌സന്‍ ഗ്രാമത്തിലാണ് ഹീരാബെന്‍ മോദി താമസിച്ചിരുന്നത്.

ലൂട്ടൻ: മരണങ്ങളുടെ മണിമുഴക്കം അവസാനിക്കാതെ യുകെ മലയാളികൾ. ഇന്നലെ ലൂട്ടനിൽ  ലൂട്ടനിൽ താമസിക്കുന്ന ജിജി മാത്യസിന്റെ (56, മുഞ്ഞനാട്ട് കുടുംബാംഗം) മരണം ലൂട്ടൻ മലയാളികളെ എന്നപോലെ തന്നെ യുകെയിലെ മറ്റു മലയാളികളെയും ഒരുപോലെ ഞെട്ടിച്ചു എന്നത് ഒരു യാഥാർത്യമാണ്. രാത്രി ഒരു മണിയോടെ അസ്വസ്ഥ തോന്നിയ ജിജി വെള്ളം കുടിക്കാനായിട്ടാണ് മുകളിൽ നിന്നും അടുക്കളയിൽ എത്തുന്നത്.

എണീറ്റുപോകുന്നത് ശ്രദ്ധിച്ച ഭാര്യ താഴെയെത്തിയപ്പോൾ ആണ് മുകളിലേക്ക് കയറാനാകാതെ വീണുകിടക്കുന്ന ഭർത്താവിനെ കാണുന്നത്. ക്രിസ്മസ് ആഘോഷത്തിനായി ഈയിടെ വിവാഹം കഴിച്ചയച്ച ഡോക്ടറായ മകൾ ഉൾപ്പെടെ എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു.

എല്ലാവരും താഴെയെത്തി. ഡോക്ടർ ആയ മകളും നഴ്‌സായ ഭാര്യയും സി പി ആർ  നൽകി. ഇതിനിടയിൽ തന്നെ ആംബുലൻസ് ടീമും സ്ഥലത്തെത്തി. ഉടനടി ആശുപത്രിലേക്ക് മാറ്റിയെങ്കിലും ജീവൻ നിലനിർത്താൻ സാധിക്കാതെ വരുകയായിരുന്നു. നാട്ടിൽ പത്തനംതിട്ടയിലെ മൈലപ്ര സ്വദേശിയാണ് ജിജി. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ബെജിയുടെ മൂത്ത സഹോദരനാണ് പരേതനായ ജിജി മാത്യൂസ്.

എല്ലാവരുമായും ക്രിസ്മസിന്റെ സന്തോഷം പങ്കുവെച്ചു തലേദിവസം പിരിഞ്ഞ പ്രിയ സുഹൃത്തിന്റെ ആകസ്മിക വേർപാടിൽ ഞെട്ടലിലാണ് യുകെയിൽ മലയാളി സുഹൃത്തുക്കൾ.  യുകെയിൽ ഏറെ സൗഹൃദമുള്ള ജിജി, പ്രവാസി മലയാളി സംഘടനയായ ല്യൂട്ടന്‍ കേരളൈറ്റ് അസോസിയേഷന്റെ ആദ്യകാല പ്രസിഡന്റും ലൂട്ടൻ മലയാളി അസ്സോസിയേഷന്റെ സ്ഥാപകരിൽ ഒരാളുമാണ്. മലയാളികളുടെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെടുന്ന അദ്ദേഹം, സംഘടനയുടെ പ്രസിഡന്റ്‌, യുക്മയുടെ പല പരിപാടികളിലും സജീവ പങ്കാളിത്വം വഹിച്ചിട്ടുണ്ട്.

ഗ്ലോസ്റ്ററില്‍ ഈ അടുത്ത് നടന്ന രണ്ട് കാർ അപകടങ്ങളിൽ പെട്ടവർക്ക്  സാമ്പത്തിക സഹായം എത്തിക്കുന്നതിനും ജിജി അക്ഷീണം പ്രവർത്തിച്ചിരുന്നു. പ്രിയ സുഹൃത്തിനെക്കാൾ ഉപരിയായി ജ്യേഷ്ഠ സഹോദരനെയാണ് പ്രിയപ്പെട്ടവർക്ക് നഷ്ടമായിരിക്കുന്നത്. എല്ലാ പ്രതിസന്ധിയിലും താങ്ങായി നിന്ന ജിജിയുടെ വേർപാടിന്റെ ആഘാതത്തിലാണ് യുകെ മലയാളികൾ.

ഐയ്ല്‍സ്ബറി എന്‍എച്ച്എസ് ഹോസ്പിറ്റലിലായിരുന്നു ജിജി ജോലി ചെയ്തിരുന്നത്. ഭാര്യ ഷേര്‍ളി ലൂട്ടന്‍ ആന്റ് ഡണ്‍സ്റ്റബിള്‍ ഹോസ്പിറ്റലില്‍ നഴ്‌സാണ്. മക്കള്‍: നിക്കി (എന്‍എച്ച്എസ് ഡോക്ടര്‍), നിഖില്‍, നോയല്‍ എന്നിവരാണ്

ജിജിയുടെ വേർപാടിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനങ്ങൾ രേഖപ്പെടുത്തുന്നു.

ബ്രിട്ടനില്‍ വീട്ടിനുള്ളില്‍ മരിച്ച മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. കൊല്ലം സ്വദേശിയായ വിജിന്‍ ആണ് ഡിസംബര്‍ 28 ന് ലിവര്‍പൂള്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പൊതുദര്‍ശനം നടത്തും.

കൊട്ടാരക്കര കിഴക്കേത്തെരുവ് ഇരുങ്ങൂര്‍ നീലാംവിളയില്‍ വി വി നിവാസില്‍ ഗീവര്‍ഗീസിന്റെയും ജെസിയുടെയും മകനാണ് വിജിന്‍. ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ എംഎസ്സി എന്‍ജിനിയറിങ്ങ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ്.

ബ്രിട്ടനിലെ ലിവര്‍പൂളിനടുത്ത് വിരാല്‍ ബെര്‍ക്കന്‍ഹെഡ് റോക്ക് ഫെറിയിലാണു വീടിനുള്ളില്‍ മരിച്ച നിലയില്‍ വിജിനെ കണ്ടെത്തിയത്. ഡിസംബര്‍ 2 ന് രാത്രി 10 മണിയോടെയാണ് മരണ വിവരം പുറത്തറിയുന്നത്. വിജിന്റെ വിയോഗം മലയാളികളായ സഹപാഠികള്‍ക്കും സുഹൃത്തുക്കള്‍ക്കും നൊമ്പരമായി.

വിജിന്റെ മരണശേഷമാണ് ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ വിജിന്റെ കോഴ്‌സിന്റെ പരീക്ഷാഫലം പുറത്തുവന്നത്. മികച്ച വിജയമായിരുന്നു വിജിന്‍ കൈവരിച്ചത്. തന്റെ പരീക്ഷാഫലം അറിയാനുള്ള വിധി പോലും വിജിന് ഉണ്ടായില്ല.

നാഗ്‌പൂരിൽ നടക്കുന്ന ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗമായ 10 വയസുകാരി നിദ ഫാത്തിമ മരിച്ചു. ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. . ആലപ്പുഴ സ്വദേശിയാണ് മരിച്ച നിദ. കടുത്ത ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച നിദയ്ക്ക് ഇവിടെ വെച്ച് കുത്തിവെപ്പ് എടുക്കുകയും തുടർന്ന് നില വഷളാവുകയുമായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ലെന്നാണ് ആശുപത്രിയധികൃതർ നൽകുന്ന വിവരം.

ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനെത്തിയ നിദയടക്കമുള്ള കേരള താരങ്ങൾ നേരിട്ടത് കടുത്ത അനീതിയാണെന്നാണ് വിവരം. സംസ്ഥാനത്ത് നിന്ന് കോടതി ഉത്തരവിനെത്തുടർന്നാണ് നിദയുൾപ്പെട്ട സംഘം മത്സരത്തിനെത്തിയത്. എന്നാൽ ഇവർക്ക് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയില്ലായിരുന്നു. രണ്ട് ദിവസം മുൻപ് നാഗ്പൂരിൽ എത്തിയ ടീം താത്കാലിക സൗകര്യങ്ങളിലാണ് കഴിഞ്ഞിരുന്നത്. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങൾ നൽകില്ലെന്നും ഫെഡറേഷൻ പറഞ്ഞിരുന്നു.

ചിക്കന്‍ പ്രേമികളുടെ ഇഷ്ടവിഭവമായ ചിക്കന്‍ ടിക്ക മസാലയുടെ ഉപജ്ഞാതാവ് സ്‌കോട്ടിഷ് കറി കിങ് സൂപ്പര്‍ അലി അസ്ലം അന്തരിച്ചു. 77 വയസായിരുന്നു. കുറച്ച് നാളുകളായി അസുഖബാധിതനായിരുന്നു.

ഗ്ലാസ്‌ഗോയിലെ ഷിഷ് മഹല്‍ റെസ്റ്റോറന്റ് നടത്തി വന്നിരുന്ന കാലത്താണ് അപ്രതീക്ഷിതമായി അലി അഹമ്മദ് അസ്ലം ചിക്കന്‍ ടിക്ക മസാല ഉണ്ടാക്കിയത്. 1970ലാണ് അദ്ദേഹം ചിക്കന്‍ ടിക്ക മസാലക്കൂട്ട് കണ്ടെത്തുന്നത്. വിഭവം ഹിറ്റായതോടെ അലിയെ ആളുകള്‍ ആദരസൂചകമായി സൂപ്പര്‍ അലി എന്ന് വിളിക്കാന്‍ തുടങ്ങി.

1970കളിലാണ് അലി അഹമ്മദ് തക്കാളി സോസ് ചേര്‍ത്തുള്ള ചിക്കന്‍ ടിക്ക മസാലയുടെ കൂട്ട് വികസിപ്പിച്ചത്. ഏറെ അപ്രതീക്ഷിതമായാണ് അലി ചിക്കന്‍ ടിക്ക മസാല കണ്ടെത്തുന്നത്. തന്റെ ഹോട്ടലിലെത്തിയ ഒരാള്‍ ചിക്കന്‍ കറി ഡ്രൈ ആയിപ്പോയതിന് പരാതി പറഞ്ഞതിന് പിന്നാലെയായിരുന്നു ആ ഹിറ്റായ കണ്ടുപിടുത്തം.

തന്നെ ചീത്ത പറഞ്ഞുകൊണ്ടിരിക്കുന്ന കസ്റ്റമറുടെ മനസ് കവരാന്‍ തൈര്, സോസ്, ക്രീം, മസാലകള്‍ എന്നിവ ചേര്‍ത്ത് അലി ചിക്കന്‍ ഗ്രേവി തയ്യാറാക്കി. ആ കറി കസ്റ്റമര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. കൊള്ളാമെന്ന് തോന്നിയതോടെ വിഭവം ഹോട്ടല്‍ മെനുവില്‍ ഉള്‍പ്പെടുത്തുകയും അലിയുടെ ചിക്കന്‍ ടിക്ക മസാല ലോകത്തിന്റെ ഒന്നാകെ രുചി കവരുകയും ചെയ്തു.

ഒമാനില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ഉള്ള്യേരി ഒരവിലിലെ പറക്കാപറമ്പത്ത് ജിജിത്ത് (27) ആണ് മരിച്ചത്.

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായിരിരുന്നു ജിജിത്ത്. തിങ്കളാഴ്ച രാത്രി 10.45ഓടെ മബേലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പിതാവ് – മുത്തു. മാതാവ് – ദേവി. സഹോദരി – ജിജിഷ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

കുട്ടിയെ സ്‌കൂളില്‍ അയക്കാന്‍ എത്തിയ മുത്തച്ഛനാണ് ആകസ്മിക മരണം സംഭവിച്ചത്.ലണ്ടനിലെ ഹാറോവിന് അടുത്ത് പിന്നെര്‍ എന്ന സ്ഥലത്തു നിന്നും ദാരുണമായ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കോട്ടയം കുമ്മനം സ്വദേശിയായ 67 കാരന്‍ ജേക്കബ് വാഴയിലാണ് ആകസ്മിക മരണത്തിനു കീഴടങ്ങിയത്. അസ്വസ്ഥാനായി വീണ അദ്ദേഹത്തെ അടുത്തുള്ള നഴ്സിങ് ഹോമില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ ഓടിയെത്തി സിപിആര്‍ നല്‍കിയെങ്കിലും രക്ഷിക്കാന്‍ ആയില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

ഉടന്‍ ആംബുലന്‍സിൽ നോര്‍ത്ത് പാര്‍ക്ക് ആശുപത്രിയില്‍ എത്തിക്കുക ആയിരുന്നു. എമര്‍ജന്‍സി കോള്‍ എത്തിയതിനെ തുടര്‍ന്ന് സജ്ജരായി നിന്ന മലയാളി ഡോക്ടറുടെയും നഴ്സിങ് ടീമിന്റെയും കൈകളിലേക്കാണ് ജേക്കബ് എത്തിയതെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഐ ടി ജീവനക്കാരനായ മകന്‍ ബെട്രോണിനെയും കുടുംബത്തെയും സന്ദര്‍ശിക്കുന്നതിനാണ് ജേക്കബും ഭാര്യയും ഏതാനും മാസം മുന്‍പ് യുകെയില്‍ എത്തിയത്.

മുന്‍പും യുകെ സന്ദര്‍ശനം നടത്തിയിട്ടുള്ള ജേക്കബും ഭാര്യയും ഒരു മാസത്തിനകം നാട്ടിലേക്കു മടങ്ങാനും ആലോചിച്ചിരുന്നു. ഇതിനിടയില്‍ ഇടയ്ക്ക് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് യുകെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയും നടത്തിയിരുന്നു. ക്രിസ്മസ് ആഘോഷത്തിനായി ആവേശത്തോടെ കാത്തിരുന്ന കുടുംബത്തിലേക്കാണ് ഇപ്പോള്‍ വേദനയുമായി മരണം കടന്നു വന്നിരിക്കുന്നത്. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു

യാത്രക്കാരുമായി പോകവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടും ആത്മധൈര്യം കൈവിടാതെ ബസ് റോഡരിലേക്ക് നിര്‍ത്തി 48 യാത്രക്കാരെയും സുരക്ഷിതമായി രക്ഷിച്ച കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ യാത്രയായി.

താമരശ്ശേരി കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ടകുന്നുമ്മല്‍ സിജീഷാണ് (കംസന്‍ 48) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിജീഷ് ഇന്ന് രാവിലെയാണ് മരിച്ചത്.

നവംബര്‍ 20ന് പുലര്‍ച്ചെ നാല് മണിയോടെ താമരശ്ശേരിയില്‍ നിന്നും സിജീഷ് ഓടിച്ച ബസ് കുന്ദംകുളത്ത് എത്തിയപ്പോഴാണ് സിജീഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കടുത്ത വേദനയ്ക്കിടയിലും മനസാന്നിധ്യം വിടാതെ ബസ് നിര്‍ത്തിയ ശേഷം ഡ്രൈവര്‍ സിജീഷ് കുഴഞ്ഞു വീഴുകയായിരുന്നു. സിജേഷ് കുഴഞ്ഞ് വീണതിന് ശേഷമാണ് ബസിലുണ്ടായിരുന്ന കണ്ടക്ടറും യാത്രക്കാരും വിവരമറിഞ്ഞത്.

ഉടന്‍ തന്നെ സിജീഷിനെ കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ബസ് ഓടിക്കവേ സിജേഷിന് പക്ഷാഘാതം സംഭവിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഗിയര്‍ മാറ്റാന്‍ പോലും കഴിയാത്ത സാഹചര്യമായിട്ടും കടുത്ത വേദനയ്ക്കിടയിലും ബസ് സുരക്ഷിതമായി നിര്‍ത്താന്‍ സിജീഷ് കാണിച്ച ആത്മധൈര്യം ഏറെ ശ്രദ്ധ നേടിയിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും അസുഖം ഭേദമായി അദ്ദേഹം വീട്ടിലെത്തിയെങ്കിലും പിന്നീട് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്നാറില്‍ മുമ്പുണ്ടായ മണ്ണിടിച്ചിലും സിജീഷ് ഓടിച്ച കെഎസ്ആര്‍ടിസി. ബസ് ഉള്‍പ്പെട്ടിരുന്നു. അന്നത്തെ മണ്ണിടിച്ചിലില്‍ ബസ്സിന്റെ ഗ്ലാസ് ഉള്‍പ്പെടെ തകര്‍ന്നിട്ടും സിജീഷ് സുരക്ഷിതമായി യാത്രക്കാരെ താമരശ്ശേരിലെത്തിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved