Travel

നമ്മളുടെ പ്രവാസജീവിതത്തിൽ വിമാന യാത്രകൾ പലപ്പോഴും നമ്മൾ നടത്താറുണ്ടെങ്കിലും കാലത്തിനു പിന്നിലേക്കൊരു യാത്ര നടന്നതായി നമ്മൾ ഒരിക്കലും ശ്രദ്ധിച്ചിട്ടുണ്ടാകില്ല? ചലച്ചിത്രങ്ങളില്‍ മാത്രം കണ്ടും കേട്ടും പരിചയിച്ച അത്തരമൊരു യാത്ര യാഥാര്‍ഥ്യമായതിന്റെ കൗതുകത്തിലാണ് ലോകം ഇപ്പോള്‍. 2018ല്‍ യാത്രയാരംഭിച്ച് 2017ല്‍ ലാന്‍ഡ് ചെയ്ത വിമാനയാത്രയുടെ വാര്‍ത്ത വാഷിങ്ടന്‍ ഡിസിയുടെ റിപ്പോര്‍ട്ടറായ സാം സ്വീനിയാണ് പുറത്തുകൊണ്ടുവന്നത്. എട്ടു മണിക്കൂര്‍ നീണ്ട യാത്രയ്ക്കു ശേഷമാണ് ഈ വിമാനം തൊട്ടു മുന്‍പത്തെ വര്‍ഷം ലാന്‍ഡ് ചെയ്തത്! ന്യൂസീലന്‍ഡിനെ ഓക്ക്‌ലന്‍ഡില്‍നിന്ന് യുഎസ് സംസ്ഥാനമായ ഹവായിയിലെ ഹോണോലുലുവിലേക്കു പോയ ഹവായ് എയര്‍ലൈന്‍സ് 446 വിമാനമാണ് കാലത്തിനു പിന്നിലേക്ക് സഞ്ചരിച്ച് ‘റെക്കോര്‍ഡിട്ടത്’.

2017 ഡിസംബര്‍ 31 ന് രാത്രി 11.55ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 10 മിനിറ്റ് വൈകി ന്യൂസീലന്‍ഡില്‍നിന്ന് 2018 ജനുവരി ഒന്നിന് പുലര്‍ച്ചെ 12.05നാണ് ഹോണോലുലുവിലേക്കു പുറപ്പെട്ടത്. വിമാനം വൈകിയ ഈ 10 മിനിറ്റാണ് പുതുവർഷത്തിൽ തുടങ്ങി ‘കാലങ്ങള്‍ക്കു പിന്നിലേക്കുള്ള’ യാത്രയ്ക്ക് വഴിയൊരുക്കിയത്. എട്ടു മണിക്കൂര്‍ നീണ്ട യാത്രയ്ക്കുശേഷം വിമാനം ഹവായിയിലെ ഹോണോലുലുവിലെത്തിയപ്പോള്‍ അവിടെ അപ്പോഴും പുതുവല്‍സരം പിറന്നിരുന്നില്ല. മാത്രമല്ല, ഡിസംബര്‍ 31ന് രാവിലെ 10.16 ആയതേ ഉണ്ടായിരുന്നുള്ളൂ.

രാജ്യാന്തര സമയക്രമം അനുസരിച്ച് ലോകത്ത് ആദ്യം നേരം പുലരുന്ന രാജ്യങ്ങളില്‍ ഒന്നായ ന്യൂസീലന്‍ഡിനേക്കാള്‍ 23 മണിക്കൂര്‍ പുറകിലാണ് ഹോണോലുലു. ഫലത്തില്‍ എട്ടു മണിക്കൂര്‍ യാത്രയില്‍ വിമാനം പറന്നത് സമയക്രമത്തില്‍ മണിക്കൂറുകള്‍ പിന്നിലേക്കായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സാം സ്വീനി ഇത് ട്വീറ്റു ചെയ്തതോടെയാണ് ലോകം ഇക്കാര്യം ശ്രദ്ധിച്ചത്. ഇത്തരം സംഭവങ്ങള്‍ എല്ലാ വര്‍ഷവും നടക്കുന്നതാണെന്നും അദ്ഭുതപ്പെടാനൊന്നുമില്ലെന്നുമുള്ള പ്രതികരണങ്ങള്‍ വ്യാപകമാണെങ്കിലും ഇത്തരം യാത്രകള്‍ ലോകത്തെ ഇപ്പോഴും അദ്ഭുതപ്പെടുത്തുന്നു എന്നാണ് കൂടുതല്‍ പ്രതികരണങ്ങളും വെളിവാക്കുന്നത്.

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ ഭക്ഷണത്തില്‍നിന്ന് ബട്ടന്‍ കണ്ടെത്തിയ സംഭവത്തില്‍ കമ്പനിക്ക് അരലക്ഷം രൂപ പിഴ. ജെറ്റ് എയര്‍വെയ്‌സാണ് യാത്രക്കാരന് പിഴയൊടുക്കിയത്. 2014 ആഗസ്റ്റ് ആറിനായിരുന്നു സംഭവം. ഹേമന്ദ് ദേശായി എന്നയാള്‍ ഡല്‍ഹിയില്‍നിന്ന് അഹമ്മദാബാദിലേക്ക് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന് ലഭിച്ച ഭക്ഷണത്തിലാണ് ബട്ടന്‍ കിട്ടിയത്. അപ്പോള്‍ത്തന്നെ ക്രൂവിനെ വിവരമറിയിച്ചു. സംഭവം ഒത്തുതീര്‍ക്കാന്‍ കമ്പനി ശ്രമിച്ചെങ്കിലും ഹേമന്ദ് തയാറായില്ല.

മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം തേടി ഉപഭോക്തൃ കോടതിയില്‍ കേസ് കൊടുത്തു. വിമാനക്കമ്പനിയുടെ സര്‍വീസിനെ കുറ്റപ്പെടുത്തിയ കോടതി, ഹേമന്ദിന് 50,000 രൂപ നല്‍കണമെന്ന് ഉത്തരവിട്ടു. കേസ് നടത്തിപ്പ് ഉള്‍പ്പെടെയുള്ള ചെലവിലേക്ക് 5000 രൂപ കൂടി ജെറ്റ് എയര്‍വെയ്‌സ് കമ്പനി നല്‍കണമെന്നും കോടതി വിധിച്ചു.

മലയാളം യു കെ ന്യൂസ് സ്പെഷ്യല്‍ – ജോജി തോമസ്

ഇന്ത്യയുടെ ദേശീയ വിമാനമായ എയര്‍ ഇന്ത്യ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റ. എയര്‍ ഇന്ത്യ മുമ്പ് ടാറ്റ ഗ്രൂപ്പിന്റെ സ്വന്തമായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ എയര്‍ ഇന്ത്യയെ ദേശവത്കരിക്കുകയും രാജ്യത്തിന്റെ ദേശീയ വിമാന സര്‍വീസാക്കുകയുമായിരുന്നു. വന്‍ നഷ്ടത്തിലായിരുന്നെങ്കിലും ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായിരുന്ന എയര്‍ ഇന്ത്യയുടെ മഹാരാജാവ് അധികം താമസിക്കാതെ സ്വകാര്യ കമ്പനികളുടെ കൈകളില്‍ എത്തുമെന്നാണ് ലഭ്യമായ സൂചന. ടാറ്റാ ഗ്രൂപ്പിനൊപ്പം ഖത്തര്‍ എയര്‍വേയ്സും എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയെ ഒരു വിദേശ കമ്പനിക്ക് വില്‍ക്കുന്നതിലെ അനൗചിത്യം പരിഗണിച്ച് ടാറ്റ ഗ്രൂപ്പിനു തന്നെയാണ് സാധ്യതയേറെ.

എയര്‍ ഇന്ത്യ സ്വന്തമാക്കുകയാണെങ്കില്‍ വിപുലമായ അഴിച്ചുപണിക്കാണ് ടാറ്റ പദ്ധതിയിടുന്നത്. ഒരു വര്‍ഷം നാലായിരം കോടി രൂപയിലധികം നഷ്ടം വരുത്തിവയ്ക്കുന്ന എയര്‍ ഇന്ത്യയെ മൂന്നുവര്‍ഷം കൊണ്ട് ലാഭത്തിലാക്കാമെന്നാണ് ടാറ്റ ഗ്രൂപ്പിന്റെ ധാരണ. മാഞ്ചസ്റ്റര്‍ അടക്കം ലോകത്തിലെ പ്രമുഖ നഗരങ്ങളിലേയ്ക്ക് സര്‍വ്വീസ് നടത്തി വ്യോമയാന രംഗത്ത് എയര്‍ ഇന്ത്യയെ കൂടുതല്‍ മത്സരക്ഷമതയുള്ളതാക്കണമെന്ന്  ടാറ്റാ ഗ്രൂപ്പ്‌ കരുതുന്നു. ഏതാനും വര്‍ഷം മുമ്പ് ബര്‍മിങ്ങ്ഹാമില്‍ നിന്ന് എയര്‍ ഇന്ത്യ സര്‍വ്വീസ് ആരംഭിച്ചത് മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സമൂഹത്തെ എമിറേറ്റ്സിന്റെ തീവെട്ടിക്കൊള്ളയില്‍ നിന്ന് രക്ഷിച്ചിരുന്നു. ജെ.ആര്‍.ഡി. ടാറ്റ ആരംഭിച്ച എയര്‍ ഇന്ത്യയോട് ടാറ്റ ഗ്രൂപ്പിന് ഒരു ആത്മബന്ധം തന്നെയുണ്ട്. ജെ.ആര്‍.ഡി. ടാറ്റ, ടാറ്റ എയര്‍ലൈന്‍ എന്ന പേരില്‍ 1932ലാണ് ഇന്ത്യയിലെ ആദ്യ വിമാന സര്‍വ്വീസിന് തുടക്കമിടുന്നത്. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് 1946ല്‍ എയര്‍ ഇന്ത്യ എന്ന പേരില്‍ ടാറ്റ എയര്‍ലൈന്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയായി. 1948ല്‍ 49 ശതമാനം ഓഹരികള്‍ വാങ്ങി ഇന്ത്യാ ഗവണ്‍മെന്റ് എയര്‍ ഇന്ത്യയുടെ നിയന്ത്രണം സ്വന്തമാക്കി. 1953ല്‍ എയര്‍ ഇന്ത്യയെ ദേശസാത്കരിക്കുകയും വിഭജിച്ച് ഇന്ത്യന്‍ എയര്‍ലൈന്‍സ് സ്ഥാപിക്കുകയും ചെയ്തു.

എയര്‍ ഇന്ത്യയുടെ സഞ്ചിത നഷ്ടം 52,000 കോടി രൂപയുടേതാണ്. ഓരോ വര്‍ഷവും 4000 കോടി രൂപ വീതം അധിക ബാധ്യത സര്‍ക്കാര്‍ ഖജനാവിന് വരുത്തി വെയ്ക്കുന്നുമുണ്ട്. രാജ്യത്തിന്റെ അഭിമാനമായ എയര്‍ ഇന്ത്യയെ നഷ്ടക്കണക്കുകളില്‍ നിന്ന് കരകയറ്റാന്‍ സര്‍ക്കാര്‍ തലത്തില്‍ വളരെയധികം നീക്കം നടന്നിരുന്നു. 30,000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചിരുന്നെങ്കിലും എയര്‍ ഇന്ത്യയെ കടക്കെണിയില്‍ നിന്ന് കരകയറ്റാനായില്ല. അതോടെ രാജ്യത്തെ ജനങ്ങളുടെ മേല്‍ വലിയൊരു ബാധ്യത വര്‍ഷം തോറും വരുത്തിവെയ്ക്കുന്ന എയര്‍ ഇന്ത്യയെ കയ്യൊഴിയാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിക്കുകയായിരുന്നു.

ലണ്ടന്‍, ന്യൂയോര്‍ക്ക് തുടങ്ങി ലോകത്തിലെ പ്രമുഖ എയര്‍ പോര്‍ട്ടുകളിലെ വിലമതിക്കാനാവാത്ത പാര്‍ക്കിങ്ങ് സ്ലോട്ടുകള്‍ രാജ്യാന്തര പ്രശസ്തമായ റൂട്ടുകള്‍, ഡല്‍ഹി മുംബൈ എന്നിവിടങ്ങളിലെ നൂറുകണക്കിന് ഏക്കര്‍ സ്ഥലം തുടങ്ങിയ എയര്‍ ഇന്ത്യയുടെ ആസ്തികള്‍ ആണ് ടാറ്റാ ഗ്രൂപ്പ്, ഖത്തര്‍ എയര്‍വേയ്സും ഉള്‍പ്പെടുന്ന വിദേശ വിമാന കമ്പനികള്‍ മുതല്‍ക്കൂട്ടായി കരുതുന്നത്. ഇതില്‍ പലതും പണമുണ്ടെങ്കിലും നേടാനാവാത്തതാണ്. 60,000 കോടി രൂപയുടെ ബാധ്യത ഏറ്റെടുക്കുമ്പോഴും ഇത്തരത്തിലുള്ള അമൂല്യമായ ആസ്തികള്‍ നാളെകളില്‍ മുതല്‍ക്കൂട്ടാകുമെന്നും എയര്‍ ഇന്ത്യയ്ക്ക് ടാറ്റ ഗ്രൂപ്പിന്റെ പതാകവാഹകരാകാന്‍ സാധിക്കുമെന്നാണ് ടാറ്റയുടെ കണക്കുക്കൂട്ടല്‍.

ചെന്നൈ: വിമാനയാത്രക്കിടയിൽ ഉണ്ടായിട്ടുള്ള പല തരത്തിലുള്ള പ്രശ്നങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്.  അതിൽ കൂടുതലും യാത്രക്കാരും വിമാന ജീവനക്കാരും തമ്മിൽ ഉള്ളതാണ്. കൂടുതലും മദ്യം കഴിച്ചതിനുശേഷമുള്ള പ്രകടനകളെക്കുറിച്ചാണ്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ മറ്റൊരു സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു വനിതാ യാത്രക്കാരി അക്രമാസക്തയായതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേഴ്‌സിന്റെ ബാലി- ദോഹ വിമാനം ചെന്നൈയ്ക്ക് തിരിച്ചുവിട്ടു എന്നതാണ് പുതിയ റിപ്പോർട്ട്. ഞായറാഴ്ച്ച രാവിലെ ദോഹയില്‍ നിന്നും ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് അസാധാരണമായ സംഭവങ്ങള്‍ ഉണ്ടായതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തില്‍ സഞ്ചരിച്ച ഇറാനിയന്‍ ദമ്പതികളാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്.

യാത്രയ്ക്കിടയില്‍ ഭര്‍ത്താവ് ഉറങ്ങിയപ്പോള്‍ ഭാര്യ അദ്ദേഹത്തിന്റെ വിരലുകള്‍ ഉപയോഗിച്ച് ഫോണിന്റെ ഫിംഗര്‍പ്രിന്റ് ലോക്ക് അണ്‍ലോക്ക് ചെയ്തു. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ച ഭാര്യയ്ക്ക് ഭര്‍ത്താവിന് മറ്റൊരു ബന്ധമുള്ളതായി മനസ്സിലായി. യാത്രയ്ക്കിടെ അല്‍പം മദ്യപിച്ചിരുന്ന ഭാര്യയ്ക്ക് ഇതോടെ കലിയിളകി. ചതിക്കപ്പെട്ട രോക്ഷത്തില്‍ ഭര്‍ത്താവിനോട് പൊട്ടിത്തെറിച്ച ഇവര്‍ നിര്‍ത്താതെ ബഹളം വയ്ക്കാന്‍ ആരംഭിച്ചു. ശാന്തമാക്കാന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസുമാരോടും സഹയാത്രികരോടും സ്ത്രീ മോശമായാണ് പെരുമാറിയത്. ഒരു രീതിയിലും ഇവരെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ പൈലറ്റ് വിമാനം ചെന്നൈയ്ക്ക് തിരിച്ചുവിട്ടു.

പിന്നീട് പ്രശ്‌നക്കാരിയായ ഭാര്യയേയും ഭര്‍ത്താവിനേയും ഇവരുടെ കുഞ്ഞിനേയും ചെന്നൈ വിമാനത്താവളത്തില്‍ ഇറക്കിയ ശേഷമാണ് ഖത്തര്‍ എയര്‍വേഴ്‌സ് വിമാനം ബാലിയിലേക്കുള്ള യാത്ര തുടര്‍ന്നത്. സുരക്ഷാ പ്രശ്‌നമല്ലാതിരുന്നതിനാലും യുവതി അനുഭവിച്ച മാനസികമായ ആഘാതം തിരിച്ചറിഞ്ഞും വിമാനത്താവള അധികൃതര്‍ ഇറാനിയന്‍ കുടുംബത്തെ ലോഞ്ചില്‍ തുടരാന്‍ അനുവദിച്ചു. മദ്യപിച്ചിരുന്ന ഭാര്യ ഒന്നടങ്ങിയപ്പോള്‍ കോലാലംപൂരിലേക്കുള്ള വിമാനത്തില്‍ ദമ്പതികളേയും കുഞ്ഞിനേയും കയറ്റിവിട്ടെന്നും അവിടെ നിന്നും അവര്‍ ഖത്തറിലേക്ക് തന്നെ പോകുമെന്നും അധികൃതര്‍ അറിയിച്ചു.

ഒരു ലക്ഷത്തോളം കുരിശുകള്‍ സ്ഥിതിചെയ്യുന്ന ലിത്വാനിയയിലെ അത്ഭുത മല മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. ലിത്വാനിയയുടെ വടക്ക് ഭാഗത്ത് സിയായുലൈയിലാണ് അത്ഭുത മല സ്ഥിതിചെയ്യുന്നത്. ‘കുരിശുകളുടെ മല’ (Hill of Crosses) എന്നറിയപ്പെടുന്ന ഈ മലയില്‍ ഏതാണ്ട് ഒരു ലക്ഷത്തോളം കുരിശുകളും നൂറുകണക്കിന് ജപമാലകളുമാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ഓരോ ദിവസവും ആയിരങ്ങളാണ് ഇവിടെ സന്ദര്‍ശിച്ച് കുരിശും ജപമാലയും സ്ഥാപിച്ചതിന് ശേഷം മടങ്ങുന്നത്. പുരാണ ഐതീഹ്യങ്ങളും, നിഗൂഢതകളും കുരിശുമലയെ കുറിച്ചുനിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും ഇതിന്റെ യഥാര്‍ത്ഥ ചരിത്രം ഇന്നും അജ്ഞാതമാണ്.

Image result for lithuania hill of crosses photos

മലയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ഏറ്റവും പ്രസിദ്ധമായ കഥ രോഗബാധിതയായ പെണ്‍കുട്ടിയുടേയും നിസ്സഹായനായ അവളുടെ പിതാവിന്റെയുമാണ്. പെണ്‍കുട്ടി മരണശയ്യയില്‍ കിടക്കുമ്പോള്‍ ഒരു മരകുരിശുണ്ടാക്കി ഈ മലയില്‍ പ്രതിഷ്ഠിക്കുവാന്‍ ഒരു സ്ത്രീ പറയുന്നതായി അവളുടെ പിതാവിന് ദര്‍ശനമുണ്ടായി. ആ പിതാവ് അപ്രകാരം ചെയ്തതിനു ശേഷം തിരികെ വരുമ്പോള്‍ അദ്ദേഹത്തിന്റെ മകളുടെ അസുഖം ഭേദമായെന്ന്‍ പറയപ്പെടുന്നു. അന്നുമുതല്‍ ആളുകള്‍ തങ്ങളുടെ ഓരോ ആവശ്യങ്ങള്‍ക്കും ആ മലയില്‍ ഒരു കുരിശ് സ്ഥാപിക്കുവാന്‍ തുടങ്ങി എന്നാണ് ഐതിഹ്യം.

Image result for lithuania hill of crosses photos

അത്ഭുത കുരിശുമലയുടെ പിറകില്‍ നിരവധി രഹസ്യങ്ങളുണ്ടെന്നാണ് പ്രാദേശിക കലാകാരനും, ചരിത്രകാരനുമായ വിലിയൂസ് പുരോണാസിന്റെ അഭിപ്രായം. മറ്റൊരു കഥയനുസരിച്ച് മല മുകളിലായി പണ്ടൊരു ദേവാലയമുണ്ടായിരുന്നു. കൊടുങ്കാറ്റിനിടക്ക് ശക്തമായ മിന്നലേറ്റ് ഈ ദേവാലയം അതിനകത്തുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ മണ്ണിനടിയിലായി. പിന്നീട് സൂര്യാസ്തമയ സമയങ്ങളില്‍ സന്യാസിമാരുടെ ആത്മാക്കള്‍ ഘോഷയാത്രയായി പോകുന്നത് കണ്ടിട്ടുണ്ടെന്നാണ് പ്രദേശവാസികളില്‍ പലരും പറയുന്നത്. പ്രത്യക്ഷീകരണങ്ങള്‍, വിശുദ്ധരുടെ ദര്‍ശനങ്ങള്‍ ഇവയെല്ലാം ഈ മലയുടെ ചരിത്രത്തിന്റെ ഭാഗമായി കരുതുന്നു.

1348-ല്‍ ലിവോണിയയെ (ഇപ്പോഴത്തെ ലാത്വിയയും എസ്റ്റോണിയയും) ക്രിസ്തീയവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ‘ഓര്‍ഡര്‍ ഓഫ് ദി സ്വോര്‍ഡ്സ്’ എന്ന ജര്‍മ്മന്‍ പോരാളികളായ സന്യാസിമാര്‍ ഈ കുന്നില്‍ ഉണ്ടായിരുന്ന വിജാതീയരായ പ്രഭുക്കന്‍മാരുടെ കോട്ട തകര്‍ത്തു. യുദ്ധത്തില്‍ രക്ഷപ്പെട്ട സമോഗിറ്റ്യാക്കാര്‍ കൊല്ലപ്പെട്ട തങ്ങളുടെ സഹചാരികളുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് ഈ മലയില്‍ അടക്കം ചെയ്യുകയും ചെയ്തിരിന്നു. ഇതിന് പിന്നാലെയാണ് കുരിശുകള്‍ ഇവിടെ സ്ഥാപിക്കുവാന്‍ ആരംഭിച്ചതെന്ന ഐതീഹ്യവും നിലവിലുണ്ട്. ഐതീഹ്യങ്ങള്‍ നിരവധിയാണെങ്കിലും ലിത്വാനിയന്‍ ഭൂപടത്തില്‍ അതുല്യമായ സ്ഥാനമാണ് ‘കുരിശുകളുടെ മല’യ്ക്കു ഇന്നുള്ളത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ യുകെ മലയാളികൾ ഉൾപ്പെടെ  പ്രവാസികളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കേരളത്തില്‍ തന്നെ പലരും വിമാന യാത്ര നടത്തിയിട്ടുല്ലാവരും നടത്താന്‍ ആഗ്രഹിക്കുന്നവരുമാണ്. വിമാനത്തിലെ സ്ഥിര യാത്രക്കാര്‍ക്ക് പോലും ഇപ്പോഴും ആകാശ യാത്രയ്ക്കുള്ളിലെ ചില രഹസ്യങ്ങള്‍ അറിഞ്ഞുകൂടാ. പൈലറ്റോ മറ്റു ജീവനക്കാരോ ഇതിനെ കുറിച്ച് യാത്രക്കാരുമായി ഒന്നും പങ്കുവയ്ക്കാറുമില്ല. ഇവിടെ ഇപ്പോള്‍ നിങ്ങളുമായി ഞങ്ങള്‍ പങ്കുവയ്ക്കാന്‍ പോകുന്നത് പൊതു യാത്രക്കാര്‍ക്കറിയാത്ത ആ രഹസ്യങ്ങളാണ്.

വിമാനം തകര്‍ന്നു വീഴാന്‍ ഇടിമിന്നല്‍ ഒരു കാരണമോ? മിന്നലേറ്റ് അവസാനമായി വിമാനം തകര്‍ന്നു 1967 ലാണ്. അതിന്‍ ശേഷം മിന്നലേല്‍ക്കാതിരിക്കാനുള്ള പ്രത്യേക സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇപ്പോള്‍ മിന്നലേറ്റുള്ള അപകടങ്ങള്‍ ഉണ്ടാകാറെയില്ല

വിമാനത്തില്‍ പക്ഷികള്‍ ഇടിക്കാറുണ്ടോ? വിമാനം പറക്കുന്ന ഓള്‍റ്റിട്യൂട് കൂടുതലാണ് അത് കൊണ്ട് പക്ഷികളുമായി കൂട്ടിമുട്ടാറില്ല. ഇനി അഥവാ മുട്ടിയാല്‍ ടേക്ക് ഓഫ് സമയത്തോ, ലാന്‍ഡിംഗ് സമയത്തോ ആയിരിക്കും.

വിമാനത്തില്‍ പതിമൂന്നാം നമ്പര്‍ നിരയില്ല? പതിമൂന്നാം നമ്പര്‍ അത്ര പന്തിയുള്ള നമ്പര്‍ അല്ലെന്നാണ് ലോക വിശ്വാസം. ദുരന്തങ്ങലുമായി സംഖ്യക്ക് ബന്ധമുണ്ടെന്ന് പലരും വിശ്വസിക്കുന്നു ഇതിന്‍റെ പശ്ചാത്തലത്തില്‍ പതിമൂന്നാം നമ്പര്‍ ഒഴിവാക്കിയിരിക്കുന്നത്.

വിമാനത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത് എന്ത്കൊണ്ട്? വിമാന ടേക്ക് ഓഫ് സമയത്ത് ഫോണ്‍ സ്വിച്ച് ഓഫ് ആക്കാന്‍ പറയാറുണ്ട്. വിമാനത്തിലെ നാവിഗേഷന്‍ സംവിധാനവുമായി ഫോണ്‍ കൂടികലാരന്‍ സാധ്യതയുണ്ടെന്ന കാരണം കൊണ്ടാണ് ഫോണ്‍ ഓഫ് ചെയ്യാന്‍ പറയുന്നത്. പക്ഷെ നാവിഗേഷന്‍ സംവിധാനത്തിലേക്ക് പ്രവേശിക്കാനുള്ള ശക്തിയൊന്നും ഫോണുകള്‍ക്ക് ഇല്ലെന്നതാണ് സത്യാവസ്ഥ.

വിമാനത്തില്‍ പുകവലി പാടില്ല പിന്നെയെന്തിന്‍ ആഷ്ട്രേ? 1973ല്‍ വിമാനത്തില്‍ പുകവലി നിരോധിക്കാത്ത കാലത്ത് ഒരാള്‍ അലക്ഷ്യമായി സിഗരട്ട് കുട്ടി വലിച്ചെറിയുകയും അപകടമുണ്ടാവുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തില്‍ പുകവലി നിരോധിക്കുകയും ആഷ്ട്രേകള്‍ സ്ഥാപിക്കുകയും ചെയ്യുകയുണ്ടായത്.

വിമാനത്തിലെ ഓക്സിജന്‍ മാസ്ക്? ഏതെങ്കിലും സാഹചര്യത്തില്‍ ഓക്സിജന്‍ നിലച്ചാല്‍ പതിനഞ്ചു മിനിറ്റ് സമയത്തേക്ക് ഈ മാസ്ക് ഉപയോഗിക്കാം. ഓള്‍ഡിട്ട്യൂട് കൂടുമ്പോള്‍ ശ്വാസ തടസ്സം സാധാരണമാണ്. അപ്പോള്‍ തന്നെ ഓള്‍ഡിട്ട്യൂട് ചേഞ്ച് ചെയ്തു പൈലറ്റുമാര്‍ക്ക് ഇത് പരിഹരിക്കാനും സാധിക്കും.

പൈലറ്റിന്‍ ടോയ്ലറ്റില്‍ പോകേണ്ടി വന്നാല്‍? ഈ സമയത്ത് സീറ്റ് ബെല്‍റ്റ്‌ സയിന്‍ തെളിയും എല്ലാവരും സീറ്റ് ബെല്‍റ്റ്‌ ലോക്ക് ചെയ്തിരിക്കണം. പൈലറ്റ് ഡ്രൈവിംഗ് സീറ്റില്‍ നിന്ന് മാറുന്ന സമയത്ത് ആരും പ്രശ്നങ്ങള്‍ ഇണ്ടാക്കതിരിക്കാന്‍ വേണ്ടിയാണ് ഈ കരുതല്‍.

വിമനത്തിലിരുന്ന് മദ്യപിച്ചാല്‍ പെട്ടന്ന് കിക്കാകുമോ? വിമാനത്തില്‍ ഓക്സിജന്‍ കുറവായതിനാല്‍ ലഹരി പെട്ടന്ന് തലയില്‍ കേറുമെന്നാണ് പറയുന്നത്. പക്ഷെ ശാസ്ത്രീയമായ പഠനത്തില്‍ ഇത് പ്രൂവ് ചെയ്യപ്പെട്ടിട്ടില്ല.

വിമാനം ബെര്‍മുഡ ട്രയാംഗിളിന്‍ മുകളിലൂടെ പറക്കുമോ? പല അപകടങ്ങളും ശാപം കിട്ടിയ സ്ഥലമയുമാണ് അറ്റ്‌ലാന്റിക്ക് സമുദ്രത്തിലെ ബെര്‍മുഡ ട്രയാംഗിളിനെ പലരും കണക്കാക്കിയിരിക്കുന്നത്. പൊതുവേ ഇതിന്‍റെ മുകളിലൂടെ വിമാനങ്ങള്‍ പറക്കാറില്ല.

വിമാനം പറക്കുന്ന സമയത്ത് വാതില്‍ തുറന്നാല്‍? വിമാനത്തില്‍ പ്ലഗ് ഡോര്‍ ആണ് ഉപയോഗിചിടുള്ളത്. വായുമര്‍ദ്ടത്താല്‍ ഇത് തുറക്കുവാന്‍ സാധിക്കില്ല എത്ര വലിയ ശക്തി വിചാരിച്ചാലും.

ക്യാബിന്‍ ക്രൂവിന്‍ എന്തിന്‍ പൊക്കവും ഭാരവും? ആറടിയോളം പൊക്കമുള്ള കമ്പാര്‍ട്ട്മെന്റില്‍ നിന്നും സാധനങ്ങള്‍ എടുക്കാന്‍ അഞ്ചടി പോക്കമുള്ളവര്‍ക്കെ പറ്റുകയുള്ളൂ. അത്കൊണ്ട് ക്യാബിന്‍ ക്രൂവിന് 5 അടി 2 ഇഞ്ച് ഉയരം വേണം. എമര്‍ജന്‍സി ഘട്ടങ്ങളില്‍ എമര്‍ജന്‍സി എക്സിറ്റ് വഴി ആള്‍കാരെ രക്ഷപെടുത്തണമെങ്കിലും ഇത്രയും ഉയരമുള്ളവര്‍ക്കെ സാധിക്കു.

വിമാനകത്തു നിന്ന് വെടിവച്ചാല്‍? വിമാനത്തിനകത്ത്‌ വെടിവച്ചാല്‍ അത് പതിക്കുന്ന സ്ഥലമനുസരിച്ചിരിക്കും അതിന്‍റെ തീവ്രത. വിന്റോയില്‍ ആണ് വെടി കൊള്ളുന്നതെങ്കില്‍ ആ സ്ഥലത്തേക്ക് സകല മര്‍ദ്ദവും പതിക്കും ബെല്‍റ്റ്‌ ഉറപ്പിച്ചു വയ്ക്കാന്‍ പറ്റാത്ത അവസ്ഥ വരികയും ചെയ്യും. വിമാനത്തിന്‍റെ പുറം ചട്ടയിലാണെങ്കില്‍ വലിയ സ്ഫോടനങ്ങള്‍ക്ക് വരെ കാരണമായേക്കാം.

കാര്യം സാധിക്കുന്നതിനായി ആരാധനാലയങ്ങളിൽ പോകാത്തവരായി ആരും കാണില്ല. പക്ഷെ അതില്‍ കൂടുതല്‍പേരും സന്താനങ്ങളുണ്ടാകാന്‍ വേണ്ടി വഴിപാടുകളും നേര്‍ച്ചകളുമായി നടക്കുന്നവരായിരിക്കും. എന്നാല്‍, സ്ത്രീകള്‍ ഗര്‍ഭം ധരിക്കാന്‍ വേണ്ടി വഴിപാട് കഴിക്കുന്ന ഒരു ക്ഷേത്രം ഇന്ത്യയിലുണ്ട്. ഹിമാചല്‍ പ്രദേശിലെ മണ്ടി ജില്ലയില്‍ സിമാസ് എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സിംസാ ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. സന്താന്‍ ധാത്രി എന്നും ദേവി അറിയപ്പെടുന്നു.

Image result for maa simsa temple

ഈ ക്ഷേത്രത്തിനു പിന്നിലെ സത്യാവസ്ഥ ഇപ്പോഴും ആര്‍ക്കും വ്യക്തമല്ല. നവരാത്രി ദിവസം ധാരാളം സ്ത്രീകളാണ് വ്രതവുമായി ക്ഷേത്രത്തിലെത്തുന്നത്. നവരാത്രി ദിവസം ക്ഷേത്ര ദര്‍ശനത്തിനുശേഷം ക്ഷേത്ത്രിന്റെ തറയില്‍ കിടന്ന് ഉറങ്ങിയാല്‍ സന്താന ഭാഗ്യം ഉണ്ടാകുമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ നവരാത്രിദിവസം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായ് ഒട്ടനവധി സ്ത്രീകളാണ് ഇവിടെ എത്തുന്നത്.

ഉറക്കത്തില്‍ ദേവി സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെടുമെന്നും കുട്ടി ഉണ്ടാകുമെന്നാണ് വിശ്വാസം. ജനിക്കാന്‍ പോകുന്നത് ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നും സ്വപ്‌നത്തിലൂടെ അറിയാന്‍ കഴിയും. ആണ്‍കുട്ടിയാണെങ്കില്‍ സ്വപ്‌നത്തില്‍ പേരക്കയും പെണ്‍കുട്ടിയാണെങ്കില്‍ വെണ്ടക്കയുമായിരിക്കും കാണുകയെന്ന് വിശ്വാസികള്‍ പറയുന്നു. അതേസമയം, കല്ല്, മരം, ലോഹം എന്നിവ കണ്ടാല്‍ കുട്ടികള്‍ ഉണ്ടാകില്ലെന്നുമാണ് വിശ്വാസം. സ്വപ്‌നത്തിനു ശേഷം ക്ഷേത്രത്തിനു പുറത്ത് ഇറങ്ങിയില്ലെങ്കില്‍ ശരീരത്തില്‍ ചുവന്ന് തടിച്ച പാടുകള്‍ വരുമെന്നും വിശ്വാസികള്‍ പറയുന്നു.

ജപ്പാനിലെ സൂയിസൈഡ് ഫോറസ്റ്റ്, ബര്‍മുഡ ട്രയാങ്കിള്‍ എന്നിങ്ങനെ നിഗൂഢതകള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ഭൂപ്രദേശം ഇന്ത്യയിലും.ചന്ദ്രനിലും ചൊവ്വയിലും വരെ ആധുനിക മനുഷ്യര്‍ ചെന്നെത്തിയപ്പോഴും ഈ ദ്വീപിലേക്ക് വരാൻ സാഹസികർ പോലും മടിക്കുന്നു. കാരണം രണ്ടും കൽപ്പിച്ച് ദ്വീപിലേക്ക് പോയവരിൽ ആരും തിരികെയെത്തിയിട്ടില്ല.

ബംഗാള്‍ ഉള്‍ക്കടലിലെ ആന്‍‍‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിന്‍റെ ഭാഗമായ നോര്‍ത്ത് സെന്‍റിനെല്‍ ദ്വീപിനാണ് ഈ കുപ്രസിദ്ധി. ആന്‍ഡമാന്‍ അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റിനു കീഴില്‍ വരുന്ന ഈ ദ്വീപിലേക്ക് ഇന്നേ വരെ പുറം ലേകത്തുനിന്ന് ആരും കടന്ന് ചെന്നിട്ടില്ല.

Related image
ഒരു പക്ഷെ കടന്ന് ചെന്നിട്ടുണ്ടെങ്കില്‍ തന്നെ അവര്‍ തിരിച്ച് വരാത്തതിനാല്‍ അവരെക്കുറിച്ചോ ആ ദ്വീപിനെക്കുറിച്ചോ അധികം വിവരങ്ങളും ലഭ്യമല്ല.തെളിഞ്ഞ ജലാശയമുള്ള കടലുകൊണ്ടും കണ്ടല്‍കാടുകള്‍ കൊണ്ടും ചുറ്റപ്പെട്ട ഈ പ്രദേശത്ത് പുറം ലോകം കാണാതെ ഒരു ജനത വസിക്കുന്നുണ്ട്.

Related image

ഇന്നോളം ഈ പ്രദേശത്തേക്ക് ആരെയും കടന്നു ചെല്ലാനോ അവരുമായി ബന്ധം സ്ഥാപിക്കാനോ അനുവദിക്കാതെ ഈ പ്രദേശം അടക്കി വാഴുന്ന ആദിവാസി സമൂഹമാണിവിടെയുള്ളത്. മുന്നൂറോളം ആദിമ നിവാസികള്‍ ഈ ദ്വീപിലുണ്ടെന്നാണ് കണക്കാക്കുന്നത്.സമീപപ്രദേശത്ത് കൂടി ഒരു ബോട്ടെത്തിയാല്‍ പോലും അവര്‍ കൂട്ടത്തോടെ തീരത്തേക്കെത്തും. വിഷം പുരട്ടിയ അമ്പുകള്‍ തുരുതുരെ എയ്യും. ഈ ദ്വീപിലേക്കെത്തിപ്പെടാന്‍ ശ്രമിക്കുന്നതിനിടെയിൽ വിഷപുരട്ടിയ അമ്പേറ്റ് മരിച്ചവരേറെയാണ്.
1974ല്‍ നാഷണല്‍ ജിയോഗ്രാഫിക് ചാനല്‍ ഈ ദ്വീപിനെക്കുറിച്ച് വീഡിയോ തയ്യാറാക്കാനെത്തിയെങ്കിലും ആദിമനാസികളുടെ ആക്രമണത്തില്‍ ടീം ഡയറക്ടര്‍ക്ക് തന്നെ പരുക്കേറ്റതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.ദ്വീപിലെ നിവാസികളുമായി ബന്ധം സ്ഥാപിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പല തവണ ശ്രമിച്ചിരുന്നു. ബലപ്രയോഗത്തിലൂടെ മാത്രമെ ആ ദ്വീപിലേക്കെത്താന്‍ സാധിക്കൂ എന്നു മനസിലാക്കിയതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

2004ലെ സുനാമിക്ക് ശേഷം ദ്വീപ് വാസികള്‍ക്ക് സഹായമെത്തിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തെയും ഇവര്‍ തന്നെ തോല്‍പ്പിച്ചു. 2006ൽ അബദ്ധത്തില്‍ ഈ ദ്വീപിനടുത്തേക്ക് ബോട്ടിലെത്തിയ രണ്ട് മത്സ്യത്തൊഴിലാളികളെ അവര്‍ അമ്പെയ്തു കൊന്നിരുന്നു.ഇതോടെ ഈ ദ്വീപിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ സഞ്ചാരം പോലും നിരോധിച്ച് ദ്വീപ് നിവാസികള്‍ക്ക് സര്‍ക്കാര്‍ സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്.

നമുക്ക് ഗ്രാമങ്ങൾ ചെന്ന് രാപ്പാർക്കാം…. എന്നാൽ അത് വട്ടവടയിൽ ആയാലോ !!! .

എല്ലാ യാത്രയിലെയും പോലെ ബൈക്കിൽ തന്നെ യാത്ര ചെയ്യാം എന്ന് തീരുമാനിച്ചു …വാളറ വെള്ളച്ചാട്ടം മുതൽ വഴി നിറഞ്ഞു വാഹനങ്ങൾ… അവധിക്കാലം ആഘോഷമാക്കാൻ മല കയറിയവർ ചലനമറ്റ് കിടക്കുന്നു…ബൈക്ക് ആയതിനാൽ ഉള്ള വിടവുകളിലൂടെ തിരുകിക്കയറി ഞാൻ രംഗമൊഴിഞ്ഞു… മൂന്നാറിലും സമാനസ്ഥിതി… വട്ടവട പെട്ടന്നാ ഓർമ്മ വന്നത്…

Image may contain: cloud, sky, mountain, nature and outdoor

ശീതകാല പച്ചക്കറികളുടെ വിളനിലമായ വട്ടവട…45 km അല്ലേ ഒള്ളൂ തിരിച്ചു വരുമ്പോൾ ടോപ്‌ സ്റ്റേഷനിലും കാണാം. കുറച്ചു ദൂര കഴിഞ്ഞപ്പോൾ മഴയുടെ രംഗപ്രവേശം ആണ്‌ കണ്ടത്… കൈയിൽ റൈൻ കോട്ട് ഉള്ളത് കൊണ്ട് യാത്ര തുടരാമെന്ന് തീരുമാനിച്ചു … മുന്നാറിൽ മഴനനഞ്ഞു ബൈക്ക് ഓടിച്ചാൽ ഉള്ള അവസ്ഥ… കൈകളിലേക്ക് മരവിപ്പ് പടർന്നു തുടങ്ങിയിരിക്കുന്നു… ജാക്കറ്റ് ഉള്ളതുകൊണ്ട് തണുപ്പ് കാര്യമായി ബാധിച്ചില്ല…എല്ലപ്പെട്ടി എത്തിയപ്പോൾ കണ്ട വഴിയോരക്കടയിൽ കയറി ചായക്ക് പറഞ്ഞു കൂടെ ചൂട് ബജിയും…കൊടും തണുപ്പത് ചായയും ബജിയും കഴിച്ചപ്പോൾ നല്ല ഉന്മേഷം തോന്നി പിന്നീട് ഞാൻ യാത്ര തുടർന്നു…

പാമ്പാടും ഷോല ചെക്‌പോസ്റ്റിൽ നല്ല തിരക്കുണ്ട്. ധാരാളം ടു വീലർ റൈഡേഴ്‌സ്… ഓഫീസർ ഒരാളാണ് എഴുത്തുകുത്തും ചെക്‌പോസ്റ്റ് ഉയർത്തലുമെല്ലാം നടത്തുന്നത് പോകുന്ന എല്ലാ വാഹനങ്ങളുടയും ചിത്രം സെൻസർ മുഖേന പകർത്തും പോലും, ഇതെല്ലാം കേട്ട് അക്ഷമനായി ഞാൻ അവിടെ നിന്ന്… ഗേറ്റിനപ്പുറത്തേക് വണ്ടി നിർത്താനോ ചിത്രങ്ങളെടുക്കാനോ പാടില്ല അടുത്ത ചെക്‌പോസ്റ് കഴിഞ്ഞേ നിർത്താൻ പറ്റൂ… പോകുന്ന വഴിയിലെല്ലാം മുകളിൽ പറഞ്ഞ രീതിയിലുള്ള ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്… അത്കൊണ്ട് ആവശ്യമില്ലാതെ പെറ്റികേസ് വാങ്ങി തലയിൽ വെക്കരുതെന്ന കർശന നിർദ്ദേശവും… പല വളവുകളിലും ഗാർഡ്‌ നിൽപ്പുണ്ട്‌ … ഫോറസ്ററ് ബംഗ്ലാവുകൾ ഇതിനുള്ളിൽ തന്നെ… താമസത്തിനു മുൻകൂട്ടി ബുക്കിംഗ് ആവശ്യമാണ്, അവർക്കു ചിത്രങ്ങളെടുക്കാൻ പറ്റുവോ വാ… !

Image may contain: tree, plant, outdoor and nature
കൊവിലൂർ ടൗണിൽ എത്തിയപ്പോൾ തന്നെ കാർഷിക ഗ്രാമത്തിന്റെ ഭംഗി മനസ്സിനെ കുളിർപ്പിച്ചു… പച്ച നിറത്തിന്റെ കുറേ വൈവിധ്യങ്ങൾ തട്ടുതട്ടായി അടുക്കിയിട്ടിരിക്കുന്നു…

Image may contain: mountain, sky, outdoor and nature

ചിത്രകാരന്റെ ഭാവനയിൽ നിന്നും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ സഹ്യന്റെ മടിത്തട്ടിൽ വരച്ചു ചേർത്ത മനോഹര ചിത്രം… ഒറ്റനോട്ടത്തിൽ അങ്ങനേ തോന്നു…

Image may contain: cloud, mountain, sky, outdoor and nature

മണ്ണിനോടും മഴയോടും, മരം കോച്ചുന്ന തണുപ്പിനോടും, കാട്ടുമൃഗങ്ങളോടും പടവെട്ടി ജീവിതം സ്വർഗ്ഗതുല്യമാക്കുന്ന പച്ച മനുഷ്യരുടെ വാസ്തസ്ഥലം ആ നാടിനെ ഇനി അടുത്തറിയാം

Image may contain: mountain, sky, cloud, outdoor and nature

ടിപ്പുസുൽത്താന്റെ പടയോട്ടകാലത്ത് ആക്രമണത്തിൽ നിന്നു രക്ഷ തേടി തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറിയവരാണ് വട്ടവട നിവാസികൾ… ഒൗദ്യോഗികമായി വട്ടവട കേരളത്തിന്റെ ഭാഗമാണെങ്കിലും മനസ്സുകൊണ്ടിവർ ഇന്നും തമിഴ് മക്കളാണ്… പിന്തുടരുന്നതും തമിഴ് സംസ്കാരമാണ്… തമിഴും മലയാളവും ചേർന്ന ഭാഷയാണ് ഉപയോഗിക്കുന്നത്…

Image may contain: mountain, sky, cloud, outdoor and nature

കൊടുമുടികളും, കീഴ്ക്കാംതൂക്കായ പാറകളും, കുന്നുകളും, താഴ്വരകളും ചെറിയ സമതലങ്ങളും നിറഞ്ഞതാണ് വട്ടവടയുടെ ഭൂപ്രകൃതി… ക്യാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, ബീന്‍സ്,വെളുത്തുള്ളി തുടങ്ങിയവയാണ് വട്ടവടയില്‍ കൃഷി ചെയ്യുന്ന പ്രധാന വിളകള്‍…സമുദ്രനിരപ്പില്‍ നിന്ന് 3500 മുതല്‍ 8500 അടിവരെ ഉയരത്തിലുള്ള പ്രദേശങ്ങള്‍ ഇവിടെയുണ്ട്…

Image may contain: grass, outdoor and nature

കൊവിലൂർ എന്നെഴുതിയ ബോർഡിനപ്പുറമാണ് വട്ടവടയുടെ ലോകം… കമ്പുപാകി, മണ്ണുപൊത്തി, ചാണകം മെഴുകിയെടുക്കുന്ന വീടുകൾ… പൊതുവേ, വീടുകളെല്ലാം ഒരിടത്ത് കേന്ദ്രീകരിച്ച് ബാക്കിയുള്ള ഭൂമിയിൽ കൃഷി ചെയ്യുകയാണ് വട്ടവടക്കാർ… ഇവിടെ പോലീസിന് യാതൊരു റോളും ഇല്ലാത്ത അവസ്ഥയാണ്… വട്ടവട നിവാസികൾക്ക് അവരുടേതായ നിയമവും ഭരണാധികാരിയുമുണ്ട്… നാട്ടുപ്രമാണിയും മന്ത്രിമാരുമടങ്ങുന്ന അഞ്ചംഗ സംഘമാണ് വഴക്കും പരാതികളും തീർക്കുന്നത്… ഈ നാട്ടുകൂട്ടത്തെ ഇവിടുത്തുകാർ ‘മന്ത’ എന്നു വിളിക്കുന്നു… വാദം കേട്ട് ചെറിയ ശിക്ഷ നടപ്പാക്കാനും ശാസിക്കാനും പൂർണ അധികാരം ‘മന്ത’യിലെ അംഗങ്ങൾക്കുണ്ട്… അവസാനമില്ലാത്ത അത്ഭുതങ്ങളുടെ ഒളിത്താവളമാണ് ഈ നാട്…

Image may contain: mountain, sky, grass, cloud, plant, tree, outdoor and nature

മഴ വീണ്ടും വഴിമുടക്കി, ഇനി തിരിച്ചു വണ്ടിയോടിച്ചാൽ വീട്ടിലെത്താൻ വൈകും എന്താ വഴിയെന്നാലോചിച്ചു അടുത്തു കണ്ട ഒരാളോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു കൃഷി ആവിശ്യത്തിന് അവർ കെട്ടിയ ഒരു കുടിൽ ഉണ്ട്.300 രൂപ, തന്നാൽ അത് ഒരു ദിവസത്തേക്ക് തരാം ഞാൻ സമ്മതം മൂളി … കാറ്റാടി മരം കൊണ്ട് നിർമ്മിച്ച കട്ടിലും, തലയിണയായി ചാക്കിൽ നിറച്ച എന്തോ ഉണക്കപ്പുല്ലും… മണ്ണുകൊണ്ട് മെഴുകിയ തറയും … തീ കൂട്ടാൻ ഒരടുപ്പും കുറേ ഉണക്ക ചുള്ളികളും പുറത്തൊരു ടോയ്ലറ്റും… ഇതായിരുന്നാ ഒറ്റമുറി വീടിന്റെ അവസ്ഥ… കൊവിലൂർ ടൗൺ വരെ പോണം വൈകിട്ടത്തേക്കുള്ള ഭക്ഷണം കഴിക്കാൻ….

ഭക്ഷണം കഴിച്ചു വന്നപ്പോൾ തണുപ്പ് മാറ്റാൻ തീ ഇട്ടു… ഇടക്ക് കാട്ടുപന്നിയുടെ വരവ്‌ ഉണ്ടാകുമോ എന്ന ചിന്ത വന്നപ്പോൾ പുറത്തിറങ്ങി നോക്കി… നക്ഷത്രങ്ങൾ പ്രേത്യക്ഷപ്പെട്ടിരിക്കുന്നു ചന്ദ്രന് പതിവിൽ കൂടുതൽ വലിപ്പം ഉണ്ടെന്നുതോന്നി നിലാവെളിച്ചത്തിൽ മുങ്ങിക്കുളിച്ച കൊവിലൂർ നിശ്ശബദ്ധമായി ഉറങ്ങുന്നു… എപ്പോളാ ഞാനും നിദ്രയിലേക്ക് വീണു…

ഉദയസൂര്യന്റെ തിളക്കം സകല തണുപ്പും മാറ്റി…ഞാൻ റൂം വിട്ടു പുറത്തിറങ്ങി. ടോപ്പ് സ്റ്റേഷൻ ലക്ഷമാക്കി യാത്ര തുടർന്നു

Image may contain: mountain, sky, cloud, outdoor and nature

ടോപ്പ് സ്റ്റേഷനിൽ ഏറ്റവും നല്ല ദൃശ്യം രാവിലെയാണ് തിരക്കും വളരെ കുറവ്… പ്രഭാതം മിഴിതുറക്കുമ്പോൾ ശോഭ കൂടുന്ന മലമടക്കുകൾ… അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച “നീലക്കുറിഞ്ഞി ഒരെണ്ണം പൂത്തിട്ടുണ്ട്”…

Image may contain: plant, sky, cloud, outdoor and nature

12 വർഷം കൂടുമ്പോൾ കൂട്ടത്തോടെ പൂക്കുന്ന നീലക്കുറിഞ്ഞി ഇപ്പോൾ ഒരു ചെടിയിൽ മാത്രം മൊട്ടിട്ടപ്പോൾ ഇതിപ്പോൾ എനിക്കായ് മാത്രം പൂത്തപോലെ തോന്നി… വ്യൂ പോയിന്റിൽ നിന്ന് തിരിച്ചുള്ള കയറ്റം ആ തണുപ്പത്തും എന്നെ തളർത്തിക്കളഞ്ഞു… ഇനി തിരിച്ചു വീട്ടിലേക്കു യാത്ര തിരിക്കണം. മനസിനെ തൊട്ടുണർത്തുന്ന ഇവിടം ഒരിക്കൽ വീണ്ടും കുടുംബവുമായി വരണം എന്ന് ഉറപ്പിച്ചു ഞാൻ തിരിച്ചു…

എന്റെ യാത്രകൾ തുടരും……

Nb:- വട്ടവട പോകുന്നവർ മുന്നാറിൽ നിന്ന് ആവശ്യത്തിന് ഇന്ധനം കരുതുക…

റൂട്ട് : കോട്ടയം – പാലാ – തൊടുപുഴ – നേര്യമംഗലം – അടിമാലി – മൂന്നാർ – മാട്ടുപ്പെട്ടി ഡാം – കുണ്ടള ഡാം – ടോപ്പ് സ്റ്റേഷൻ – പാമ്പാടുംഷോല നാഷണൽ പാർക്ക് – കൊവിലൂർ – വട്ടവട.

ലണ്ടന്‍: യുകെയിലെ ഏറ്റവും മോശം വിമാനത്താവളം ഏതാണെന്ന് കണ്ടെത്തി. വിച്ച് എന്ന ഉപഭോക്തൃ സംഘം നടത്തിയ സര്‍വേയില്‍ ലണ്ടന്‍ ലൂട്ടന്‍ വിമാനത്താവളമാണ് ഏറ്റവും മോശമെന്ന് കണ്ടെത്തിയത്. വിമാനത്താവളത്തിലെ ഷോപ്പുകള്‍, ഫുഡ് ഔട്ട്‌ലെറ്റുകള്‍, ടോയ്‌ലെറ്റുകള്‍, ജീവനക്കാര്‍ തുടങ്ങി 10 കാറ്റഗറികളിലായി നടത്തിയ സര്‍വേയിലാണ് ഉപയോക്താക്കള്‍ ബെഡ്‌ഫോര്‍ഡ്ഷയറില്‍ സ്ഥിതിചെയ്യുന്ന വിമാനത്താവളത്തിന് ഏറ്റവും മോശം റേറ്റിംഗ് നല്‍കിയത്. ഈ പത്ത് കാറ്റഗറികളില്‍ ആകെ സിംഗിള്‍ സ്റ്റാര്‍ റേറ്റിംഗ് മാത്രമാണ് വിമാനത്താവളത്തിന് ലഭിച്ചത്.

കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ വെറും 29 ശതമാനം മാത്രമാണ്. ഉപയോക്താക്കള്‍ ഈ വിമാനത്താവളത്തെ മറ്റൊരാള്‍ക്ക് നിര്‍ദേശിക്കുന്നതിന്റെ നിരക്കും ഇതു തന്നെ. 435 പേര്‍ ഇതിനെ ഏറ്റവും മോശം എന്നാണ് വിലയിരുത്തിയത്. ആളുകള്‍ നിറഞ്ഞതും ആകെ അലങ്കോലപ്പെട്ടതും ആണെന്ന് ഇവര്‍ വിലയിരുത്തുന്നു. 110 മില്യന്‍ പൗണ്ട് ചെലവഴിച്ചുകൊണ്ടുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നു വരികയാണ്. ഇതാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകാന്‍ കാരണമെന്ന് വിശദീകരിച്ചാലും അഞ്ച് വര്‍ഷങ്ങളായി വിച്ച് റേറ്റിംഗില്‍ ഈ വിമാനത്താവളം ഏറ്റവും പിന്നിലാണ്.

ബഹുഭൂരിപക്ഷം വരുന്ന തങ്ങളുടെ യാത്രക്കാരുടെ അഭിപ്രായം കണക്കിലെടുക്കാതെയുള്ള സര്‍വേയാണ് നടന്നതെന്നായിരുന്നു വിമാനത്താവളം വക്താവ് പ്രതികരിച്ചത്. 2016 മെയ് മാസത്തിനും 2017 മെയ്ക്കുമിടയില്‍ ഇവിടെ നിന്ന് യാത്ര ചെയ്ത 435 പേരെ മാത്രമാണ് സര്‍വേയില്‍ പങ്കെടുപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ നടന്നു വരുന്ന കസ്റ്റമര്‍ സര്‍വീസ് ട്രാക്കിംഗില്‍ പങ്കെടുത്ത 1.7 മില്യന്‍ യാത്രക്കാര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved