മലയാളം യുകെ സ്‌പെഷ്യല്‍ ന്യൂസ്

സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് അലോക് വര്‍മയെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കിയതോടു കൂടി രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത് റാഫേല്‍ കോഴയിടപാടില്‍ സിബിഐയുടെ ഭാഗത്തു നിന്ന് എന്തെങ്കിലും ഇടപെടല്‍ ഉണ്ടാകുമോ എന്നാണ്. അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് പുറത്താക്കുന്നതിന് ഒരാഴ്ച മുമ്പ് നരേന്ദ്ര മോദിയുടെ പ്രധാന വിമര്‍ശകരായ അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ തുടങ്ങിയവര്‍ റാഫേല്‍ ഇടപാടിലെ കോഴ സംബന്ധിച്ച് പരാതിയുമായി അലോക് വര്‍മ്മയെ സന്ദര്‍ശിക്കുകയും തെളിവുകള്‍ കൈമാറുകയും ചെയ്തിരുന്നു. യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവര്‍ ബിജെപി.യുടെ മുന്‍നിര നേതാക്കളും നരേന്ദ്ര മോഡിയോടുള്ള എതിര്‍പ്പു കാരണം പാര്‍ട്ടിക്ക് പുറത്തു പോകേണ്ടി വന്നവരുമാണ്. പ്രധാനമന്ത്രിയുടെ കടുത്ത വിമര്‍ശകരായ ഈ മൂവര്‍ സംഘത്തെ സിബിഐ ആസ്ഥാനത്തുവെച്ച് അലോക് വര്‍മ കണ്ടതും ചര്‍ച്ച നടത്തിയതും ബിജെപി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് 140,000 കോടി രൂപയുടെ നേട്ടമാണ് റാഫേല്‍ ഇടപാടിലൂടെ ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനു പുറമേ നരേന്ദ്ര മോഡിയുടെ വിശ്വസ്ത വലയത്തിലുള്ള ധന സെക്രട്ടറി ഹസ്മുഖ് ആദിയക്കെതിരായ പരാതിയും മോഡിയുടെ സെക്രട്ടറി ഭാസ്‌കര്‍ വാന്‍ബെയ്‌റക്കെതിരെയുള്ള ആരോപണങ്ങളുമെല്ലാം അലോക് വര്‍മയുടെ സജീവ പരിഗണനയിലായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ആദിയ ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ട നീരവ് മോഡിയെ സഹായിച്ചതടക്കം നിരവധി ആരോപണങ്ങള്‍ നേരിടുന്നുണ്ട്.