ചന്ദ്രനിലേക്ക് ഗവേഷണ ദൗത്യവുമായി പോകാനൊരുങ്ങുന്ന ഇന്ത്യയുടെ ചന്ദ്രയാന്‍-2 ന്റെ ചെലവ് ഹോളിവുഡ് ചിത്രം ഇന്റര്‍സ്‌റ്റെല്ലാറിനേക്കാളും കുറവ്. 800 കോടി രൂപയാണ് പുതിയ ദൗത്യത്തിനായി ഇന്ത്യ ചിലവഴിക്കാനൊരുങ്ങുന്നത്. അതേസമയം ഹോളിവുഡ് ചിത്രം ഇന്റര്‍സ്‌റ്റെല്ലറിനായി ചിലവാക്കിയിരിക്കുന്ന തുക 1,062 കോടി രൂപയാണ്(165 മില്ല്യണ്‍ ഡോളര്‍). 2013ല്‍ ഐഎസ്ആര്‍ഒയുടെ ചൊവ്വാ ദൗത്യത്തിന്റെ ചെലവ് ബഹിരാകാശം പശ്ചാത്തലമാക്കി നിര്‍മ്മിച്ചിരിക്കുന്ന മറ്റൊരു ഹോളിവുഡ് ചിത്രമായി ഗ്രാവിറ്റിയുടെ പ്രോഡക്ഷന്‍ ചെലവിനേക്കാള്‍ കുറവായിരുന്നു. ചൊവ്വാ മിഷനു വേണ്ടി 470 കോടി രൂപ ഐഎസ്ആര്‍ഒ ചെലവഴിച്ചപ്പോള്‍ അതേവര്‍ഷം പുറത്തിറങ്ങിയ ഗ്രാവിറ്റി സിനിമയുടെ ചെലവ് ഏതാണ്ട് 644 കോടി രൂപയായിരുന്നു. എങ്ങനെയാണ് ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഇത്രയധികം ചിലവ് കുറഞ്ഞ രീതിയില്‍ ആസൂത്രണം ചെയ്യാന്‍ കഴിഞ്ഞത്? ഇത്രയും ചിലവ് കുറഞ്ഞ രീതിയില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞുവെന്നതിന് ഉത്തരം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.ശിവന്‍ വിശദീകരിക്കുന്നു.

ബഹിരാകാശ ദൗത്യത്തിന് ആവശ്യമായി ഉപകരണങ്ങളെ ലളിതമായ രീതിയില്‍ നിര്‍മ്മിച്ചെടുക്കുകയായിരുന്നു ഐഎസ്ആര്‍ഒ. മിഷന് ആവശ്യമായി വന്ന സിസ്റ്റങ്ങളുടെ ലഘു മാതൃകള്‍ നിര്‍മ്മിക്കുകയും ക്വാളിറ്റിയില്‍ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുകയും ചെയ്താല്‍ വളരെ ചെലവ് കുറഞ്ഞ രീതിയില്‍ ബഹിരാകാശ ദൗത്യം ആസൂത്രണം ചെയ്യാന്‍ കഴിയുമെന്ന് ഡോ. ശിവന്‍ പറയുന്നു. റോക്കറ്റിന്റെയോ സ്‌പേസ് ക്രാഫ്റ്റിന്റെയോ നിര്‍മ്മാണ ഘട്ടങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തുകയും ആവശ്യമുള്ള വസ്തുക്കള്‍ മാത്രം വിനിയോഗിക്കുകയും ഉപയോഗിക്കുന്നവയില്‍ നിന്നും ഒട്ടും മാലിന്യങ്ങള്‍ വരുത്താതിരിക്കുകയും ചെയ്താല്‍ ചെലവ് നിയന്ത്രിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു. ചന്ദ്രന്റെ പ്രതലത്തിലൂടെ സഞ്ചരിച്ച് നിരീക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഏറ്റെടുത്ത് കൊണ്ടുള്ള ദൗത്യമായ ചന്ദ്രയാന്‍-2 ഏപ്രിലോടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

ഭൂമിയില്‍ നിന്നുള്ള ചന്ദ്രന്റെ സ്ഥാനം തുടങ്ങി നിരവധി ഘടകങ്ങള്‍ പരിഗണിച്ച് ചന്ദ്രയാന്‍-2 വിക്ഷേപണത്തിയതി പ്രഖ്യാപിക്കാന്‍ കഴിയൂ. അതുകൊണ്ടുതന്നെ വിക്ഷേപണ സമയം പിന്നീട് അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏപ്രിലില്‍ വിക്ഷേപണം നടന്നില്ലെങ്കില്‍ നവംബറിലേക്ക് മാറ്റിവെക്കുമെന്നും ഡോ. ശിവന്‍ പറയുന്നു. ചന്ദ്രയാന്‍-2 ദൗത്യവുമായി ബന്ധപ്പെട്ട് വ്യത്യസ്തങ്ങളായ പരീക്ഷണ ടെസ്റ്റുകള്‍ വിവിധ ഐഎസ്ആര്‍ഒ കേന്ദ്രങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും. ബംഗളൂരു, മഹേന്ദ്രഗിരി, ചിത്രദുര്‍ഗ്ഗ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഹസാര്‍ഡ്‌സ് അവോയിഡന്‍സ് ടെ്‌സ്റ്റ് ലാന്‍ഡിംഗ് ടെസ്റ്റ് തുടങ്ങിയവ നടക്കുന്നതെന്നും ഡോ. ശിവന്‍ കൂട്ടിച്ചേര്‍ത്തു.