വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ മോര്‍ട്ടാര്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പ് വനിതാ കോംബാറ്റ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രം അമേരിക്കന്‍ സൈന്യം പുറത്തുവിട്ടു. അഫ്ഗാനിസ്ഥാനില്‍ പരിശീലനത്തിനിടെ മോര്‍ട്ടാര്‍ ട്യൂബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട ഹില്‍ഡ ക്ലെയ്റ്റണ്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രമാണ് പുറത്തു വന്നത്. ഒരു ട്രെയിനി ഫോട്ടോഗ്രാഫര്‍ക്കും അഫ്ഗാന്‍ പട്ടാളക്കാര്‍ക്കുമൊപ്പമായിരുന്നു ഈ അപകടം നടക്കുമ്പോള്‍ ഇവര്‍. 2013 ജൂലൈയില്‍ നടന്ന സംഭവത്തിലാണ് ഈ 22കാരി കൊല്ലപ്പെട്ടത്.

സംഭവത്തില്‍ അന്ന് 5 പേര്‍ കൊല്ലപ്പെട്ടു. ആര്‍മി കോംബാറ്റ് ഡോക്യുമെന്റേഷന്‍ വിഗദ്ധ ആദ്യമായാണ് അഫ്ഗാനില്‍ കൊല്ലപ്പെട്ടതെന്നും ഈ സംഭവത്തെ ഉദ്ധരിച്ച് അമേരിക്കന്‍ സേന പറയുന്നു. ആര്‍മി മിലിട്ടറി റിവ്യൂ ജേര്‍ണലിലാണ് ക്ലെയ്റ്റണ്‍ അവസാനമായി പകര്‍ത്തിയ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പകര്‍ത്തുകയും രേഖപ്പെടുത്തുകയും മാത്രമായിരുന്നില്ല, അവര്‍ തങ്ങള്‍ക്കൊപ്പം അങ്ങേയറ്റം അപകട സാധ്യതയുള്ള ഘട്ടങ്ങളില്‍പ്പോലും കൂടെ നില്‍ക്കുകയായിരുന്നുവെന്നും ചിത്രത്തിനൊപ്പമുള്ള ലേഖനത്തില്‍ ക്ലെയ്റ്റണേക്കുറിച്ച് പറയുന്നു.

മേരിലാന്‍ഡ്, ഫോര്‍ട്ട് മീഡിലെ55 സിഗ്നല്‍ കമ്പനിയില്‍ അംഗമായിരുന്ന ക്ലെയ്റ്റണിന്റെ പേരിലാണ് ഇപ്പോള്‍ അവരുടെ വാര്‍ഷിക ഫോട്ടോഗ്രാഫി മത്സരം നടത്തുന്നത്. ഡിഫന്‍സ് ഇന്‍ഫര്‍മേഷന്‍ സ്‌കൂൡലെ ഹാള്‍ ഓഫ് ഹീറോസിലും ഇവരുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സ്‌കൂളില്‍ നിന്നാണ് ഇവര്‍ ബിരുദം നേടിയത്.