ലെസ്റ്റര്‍ഷയറിലെ ലോഗ്ബറോയില്‍ നിന്ന് എന്നും ലണ്ടനിലെത്തി ജോലി ചെയ്ത് മടങ്ങിയിരുന്ന ഇയാന്‍ പാറ്റിസണ്‍ തന്റെ ട്രെയിന്‍ യാത്രയ്ക്കിടെ ഉണ്ടാക്കിയ സമ്പാദ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് സുഹൃത്തുക്കള്‍. ദിവസവും 5 മണിക്കൂര്‍ ട്രെയിനില്‍ ചെലവഴിക്കുന്ന പാറ്റിസണ്‍ ആ സമയം ഫലപ്രദമായി ഉപയോഗിച്ചതിലൂടെ സമ്പാദിച്ചത് 2.8 മില്യന്‍ മൂല്യമുള്ള പ്രോപ്പര്‍ട്ടി സാമ്രാജ്യമാണ്. ലണ്ടനില്‍ സേഫ്റ്റി അഡൈ്വസറായി ജോലി ചെയ്യുന്ന പാറ്റിസണ് ജോലിക്കു പോകുന്നതിനായി ദിവസവും രാവിലെ 5.15ന് ഉണരണം. തിരികെ വീട്ടിലെത്തുമ്പോള്‍ രാത്രി 9 മണി കഴിയും. ഈ തിരക്ക് കുടുംബജീവിതത്തെ ബാധിക്കാന്‍ തുടങ്ങുകയും കുട്ടികളെ പോലും കാണാന്‍ സാധിക്കാതെ വരികയും ചെയ്തതോടെയാണ് മൂന്നു കുട്ടികളുടെ പിതാവായ ഇദ്ദേഹം സമ്പാദ്യത്തിനായി മറ്റു വഴികളെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്.

ദിവസവും നടത്തുന്ന അഞ്ചു മണിക്കൂര്‍ യാത്രകള്‍ക്കിടെ പ്രോപ്പര്‍ട്ടി ബിസിനസില്‍ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ഇയാന്‍ പാറ്റിസണ്‍ പഠിക്കാന്‍ ശ്രമിച്ചു. ഇതേക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കുകയും പോഡ്കാസ്റ്റുകള്‍ ശ്രദ്ധിക്കാന്‍ ആരംഭിക്കുകയും ചെയ്തു. പിന്നീട് ഹൗസ് ഡീലുകളില്‍ കൈവയ്ക്കുകയും അതില്‍ നിന്ന് പണമുണ്ടാക്കാന്‍ ആരംഭിക്കുകയും ചെയ്തു. പ്രോപ്പര്‍ട്ടികള്‍ വാങ്ങി അവ മറിച്ചു വിറ്റ് ലാഭമുണ്ടാക്കുന്നതുള്‍പ്പെടെയുള്ള ബിസിനസുകള്‍ ശ്രമിച്ചു നോക്കി. ജീവിതശൈലി മൂലം പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ചതിനാല്‍ വാരാന്ത്യങ്ങള്‍ മിക്കവാറും ഉറങ്ങിത്തീര്‍ക്കുകയായിരുന്നു താന്‍ ചെയ്തിരുന്നതെന്നാണ് പാറ്റിസണ്‍ പറഞ്ഞത്.

അമിതവണ്ണം ഉണ്ടായതോടെ തന്റെ ജോലിയും ജീവിതശൈലിയും ഒട്ടും സുരക്ഷിതമല്ലെന്ന് തനിക്ക് വ്യക്തമായി. കുടുംബത്തില്‍ ആര്‍ക്കും ഇല്ലാതിരുന്ന പ്രമേഹം തനിക്ക് ബാധിച്ചത് വ്യായാമക്കുറവു മൂലമാണെന്ന് വ്യക്തമായതോടെ മറ്റൊരു ജോലിയെക്കുറിച്ച് ചിന്തിച്ചു. കോടീശ്വരനായ സാമുവല്‍ ലീഡ്‌സ് നടത്തിയ പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റര്‍ കോഴ്‌സില്‍ പാറ്റിസണ്‍ പങ്കെടുത്തു. ഇവിടെനിന്നാണ് തന്റെ വിജയകരമായ കരിയര്‍ പടുത്തുയര്‍ത്താനുള്ള പൊടിക്കൈകള്‍ അദ്ദേഹത്തിന് ലഭിച്ചത്. ഇപ്പോള്‍ 2.8 മില്യന്‍ മൂല്യമുള്ള പ്രോപ്പര്‍ട്ടി സാമ്രാജ്യം സ്വന്തമായുള്ള പാറ്റിസണും ഭാര്യയും നേരത്തേയുണ്ടായിരുന്ന ജോലികള്‍ ഉപേക്ഷിച്ച് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇപ്പോള്‍ കുട്ടികളുമൊത്ത് ചെലവഴിക്കാന്‍ ഏറെ സമയം തനിക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.