സഹപ്രവർത്തകയായ നടിയെ  ആക്രമിച്ച കേസിൽ തടവിൽക്കഴിയുന്ന  ദിലീപിന് പിന്തുണയുമായി മലയാള സിനിമയിലെ പ്രമുഖർ കൂട്ടത്തോടെ ജയിലിലേക്കെത്തുന്നു.  നല്ലകാലത്ത്  ദിലീപിന്‍റെ ഔദാര്യം പറ്റിയവരെല്ലാം ആപത്തുകാലത്ത്  കൈവിടരുതെന്ന് കെ ബി ഗണഷ്കുമാർ എം എൽ എ പറഞ്ഞു.  ഇതിനിടെ പിതാവിന്‍റെ ശ്രാദ്ധച്ചടങ്ങുകൾക്കായി നാളെ രണ്ടുമണിക്കൂർ നേരത്തേക്ക് ദിലീപിനെ ജയിലിൽ നിന്ന് പുറത്തിറക്കും.

കാവ്യാ മാധവനും മകളും വന്നുപോയതിന് പിന്നാലെയാണ് പ്രതിയായ ദിലീപിനെക്കാണാൻ ജയിലിലേക്ക് സിനിമാക്കാരുടെ ഒഴുക്ക് തുടങ്ങിയത്. ഇന്ന് ജയിലിലെത്തിയ കെബി ഗണേഷ്കുമാർ എം എൽഎ നടന് പൂർണ പിന്തുണയും പ്രഖ്യാപിച്ചു.

നിർമാതാവ് ആന്‍റണി പെരുമ്പാവൂര്‍, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നടൻ സുധീർ, വിതരണക്കാരൻ  ഹംസ തുടങ്ങി നിരവധിപ്പേർ ഇന്ന് ജയിലിലെത്തി. ദിലീപിന് ഓണക്കോടിയുമായി ജയറാം കഴിഞ്ഞ ദിവസം ജയിലിലെത്തിയിരുന്നു. എന്നാൽ പ്രതിയായ ദിലീപിനെക്കാണാൻ സിനിമാക്കാർ കൂട്ടത്തോടെ ജയിലിലേക്ക് പോകുന്നതിനെ വിമർശിച്ച് വിനയൻ രംഗത്തെത്തി.

പിതാവിന്‍റെ ശ്രാദ്ധച്ചടങ്ങിൽ പങ്കെടുക്കാൻ നാളെ രാവിലെ എട്ടുമണിയോടെയാണ് ദിലീപിനെ ജയിലിൽ നിന്ന് ഇറക്കുക. പത്തുമണിക്ക് തിരിച്ചെത്തിക്കണം. ബുധനാഴ്ച രാവിലെ എട്ടു മുതല്‍ 10 വരെ ആലുവ മണപ്പുറത്തും വീട്ടിലും നടക്കുന്ന ചടങ്ങുകളില്‍ ദിലീപിന് പങ്കെടുക്കാം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണം, ചെലവ് സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളോടെയാണ് അനുമതി.. പുറത്തിറക്കുന്ന ദിലീപിന് സുരക്ഷ ശക്തമാക്കണമെന്ന് ജയലധികൃതർ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.