സ്വന്തം ലേഖകൻ

23 യൂറോപ്യൻ രാജ്യങ്ങളിലെ 68 നഗരങ്ങളിൽ നിന്നുള്ള വേസ്റ്റ് വാട്ടർ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. നിരോധിക്കപ്പെട്ട ലഹരിമരുന്നുകൾ വൻതോതിൽ ഇപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു എന്നതിന് തെളിവാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. മാർച്ച്2019 ൽ യൂറോപ്യൻ യൂണിയൻ ഡ്രഗ് മോണിറ്ററിങ് ബോഡി നടത്തിയ അന്വേഷണതിന്റെ ഫലമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

 

നിരോധിക്കപ്പെട്ട 4 ലഹരിമരുന്നുകൾ ആയ ആംഫിറ്റമിൻ, കൊക്കയ്ൻ, എം.ഡി.എം.എ. (എക്ടസി എന്നറിയപ്പെടുന്നു ) മെത്താംഫെറ്റാമൈൻ എന്നിവയുടെ സാന്നിധ്യം ആണ് ജലത്തിൽ കണ്ടെത്തിയത്. 42 നഗരങ്ങളിലെ പകുതിയിലധികം ഇടങ്ങളിലും 2018നെ ക്കാൾ ലഹരി മരുന്ന് ഉപയോഗം കൂടിയതാണ് കണ്ടെത്തൽ. പണ്ട് പാർട്ടികളിലും ഡാൻസ് ക്ലബ്ബുകളിലും മാത്രം പൊതുവായി കണ്ടുവന്നിരുന്ന ലഹരിമരുന്നുകൾ ഇപ്പോൾ യുവതലമുറ കൂടിയ അളവിൽ ഉപയോഗിക്കുന്നുണ്ട്.

ബെൽജിയം, ജർമ്മനി ,നെതെർലാൻഡ് എന്നിവിടങ്ങളിൽ ആണ് കൂടിയ തോതിലുള്ള ഉപയോഗം കണ്ടുവരുന്നത്. 2011 മുതൽ യൂറോപ്യൻ മോണിറ്ററിംഗ് സെന്റർ ഡ്രഗ്സ് ആൻഡ് ഡ്രഗ് അഡിക്ഷൻ മലിനജലത്തിൽ നിന്നും ലഹരി മരുന്നുകളുടെ പരിശോധന നടത്തി വരുന്നുണ്ട്. മനുഷ്യശരീരത്തിൽ കടന്നു കഴിഞ്ഞാൽ പിന്നെ ഈ വസ്തുക്കൾ പുറത്തുവരുന്നത് മനുഷ്യന്റെ മലമൂത്ര വിസർജ്യങ്ങളിലൂടെയാണ്. അതിനാലാണ് ഓടകളിൽ നിന്നു ശേഖരിക്കുന്ന ജലം പരീക്ഷണത്തിനു ഉപയോഗിക്കുന്നത്. മുൻപ് നടന്ന പഠനങ്ങളിൽ ലണ്ടനിലാണ് ഏറ്റവും കൂടുതൽ കൊക്കയ്ൻ ഉപയോഗം കണ്ടെത്തിയത്. ഉപയോഗം തടയാനുള്ള ഫലപ്രദമായ മാർഗങ്ങൾ ഉടൻതന്നെ നിലവിൽ കൊണ്ടുവരണമെന്ന് ഇ എം സി ഡി ഡി എ ഡയറക്ടറായ അലക്സി സ് ഗൂസ്ഡീൽ പറഞ്ഞു. തിങ്കളാഴ്ചകളിലും വെള്ളിയാഴ്ചകളിലും ആണ് ഉപയോഗം കൂടുന്നത്.