ലണ്ടന്‍: ഈ വാരാന്ത്യത്തില്‍ കടുത്ത മഞ്ഞുവീഴ്ചയും തണുത്ത കാലാവസ്ഥയും ഉണ്ടാകുമെന്ന് പ്രവചനം. ഗതാഗത തടസം, പവര്‍കട്ട്, മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കടുത്ത മഞ്ഞുവീഴ്ചയില്‍ റോഡുകള്‍ ഗതാഗതയോഗ്യമല്ലാതാകാനും ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോകാനും സാധ്യതയുള്ളതായും വിലയിരുത്തപ്പെടുന്നു. അടുത്ത ദിവസങ്ങളില്‍ മഞ്ഞുവീഴ്ച രാജ്യത്തൊട്ടാകെയുണ്ടാകുമെന്നും കാലാവസ്ഥാ പ്രവചനം പറയുന്നും.

മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് തുടങ്ങിയ പ്രദേശങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ട്. വടക്കന്‍ പ്രദേശങ്ങളിലും ഈസ്റ്റേണ്‍ സ്‌കോട്ട്‌ലാന്‍ഡ് മഞ്ഞുവീഴ്ചയും ഉണ്ടാകും. കിഴക്കന്‍ കാറ്റില്‍ തണുത്ത കാലാവസ്ഥ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കും. ശനിയാഴ്ച രാത്രിയോടെ ആരംഭിക്കുന്ന മഞ്ഞുവീഴ്ച ഇംഗ്ലണ്ടിലും വെയില്‍സിലും ഞായറാഴ്ച പുലര്‍ച്ചെ വരെ തുടരുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തിന്റെ സൗത്ത് ഈസ്റ്റ് പ്രദേശങ്ങളില്‍ ഇതേത്തുടര്‍ന്ന് യെല്ലോ വാര്‍ണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്.

പൂജ്യത്തിനും താഴെ താപനിലയായിരിക്കും രാജ്യമൊട്ടാകെ ഈ വാരാന്ത്യം രേഖപ്പെടുത്തുകയെന്ന് ബിബിസി കാലാവസ്ഥാ വിദഗ്ദ്ധ സാറാ കെയ്ത്ത് ലൂകാസ് പറഞ്ഞു. തെക്കന്‍ പ്രദേശങ്ങളില്‍ തണുപ്പ് കുറവായിരിക്കുമെങ്കിലും സ്‌കാന്‍ഡിനേവിയയില്‍ രൂപപ്പെടുന്ന തീവ്രമര്‍ദ്ദം തണുപ്പ് വ്യാപിപ്പിക്കും. 20 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടായേക്കാമെന്നാണ് മെറ്റ് ഓഫീസ് അറിയിക്കുന്നത്. മിഡ്‌ലാന്‍ഡ്‌സിലും സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും ശനിയാഴ്ച മുതല്‍ ആംബര്‍ വാണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്.