രണ്ട് വര്‍ഷമായി തുമ്പില്ലാതെ കിടന്നിരുന്ന കൊലപാതകത്തിന് തെളിവായി സെല്‍ഫി. റോസ് ആന്റണിയെന്ന കനേഡിയന്‍ യുവതിയാണ് പൊലീസ് പിടിയിലായത്. കുറ്റകൃത്യത്തിന് തൊട്ടു മുന്‍പ് കൊലപാതകി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് പിന്നീട് അവള്‍ക്കു തന്നെ വിനയായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ;

റോസ് ആന്റണി സുഹൃത്ത് ബ്രിട്‌നി ഗോര്‍ഗോളിനെ കൊലപ്പെടുത്തുകയും മൃതദേഹം മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിക്കുകയുമായിരുന്നു. സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മില്‍ ഒരു മദ്യപാന സദസ്സിനിടെ നടന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൈയ്യിലുണ്ടായിരുന്ന ബെല്‍റ്റ് ഉപയോഗിച്ച് റോസ് ബ്രിട്‌നി ഗോര്‍ഗോളിനെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു.

കുറേക്കാലം കേസിനാസ്പദമായ സംഭവത്തെക്കുറിച്ചോ കൊലപാതകിയെക്കുറിച്ചോ പൊലീസിന് തെളിവൊന്നും ലഭിച്ചിരുന്നില്ല. ബ്രിട്‌നി ഗോര്‍ഗോളിന്റെ മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച ബെല്‍റ്റ് മാത്രമായിരുന്നു തെളിവായി ലഭിച്ചിരുന്നത്. ബെല്‍റ്റ് തെളിവായി സൂക്ഷിച്ചെങ്കിലും ആരുടേതാണെന്ന് കണ്ടെത്തിയിരുന്നില്ല. റോസ് പോസ്റ്റ് ചെയ്ത ചിത്രം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. ആ ചിത്രത്തില്‍ റോസ് മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച ബെല്‍റ്റ് ധരിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് റോസ് ആന്റണിയെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തായത്.

എന്നാല്‍ കോടതിയില്‍ റോസ് തനിക്കൊന്നും അറിയില്ലെന്നും താന്‍മൂലമാണ് ഗോര്‍ഗോള്‍ മരിച്ചെങ്കില്‍ കുറ്റബോധമുണ്ടെന്നുമാണ് പറഞ്ഞത്. അന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് ഓര്‍മ്മയില്ലെന്നും റോസ് കോടതിയെ അറിയിച്ചു. പൊലീസ് നല്‍കിയ തെളിവുകള്‍ അംഗീകരിച്ച കോടതി റോസിന് ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു.